രഞ്ജിതയ്ക്ക് കണ്ണീര്‍ പ്രണാമം:ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാരായ വി.എന്‍ വാസവനും സജി ചെറിയാനും

Spread the love

 

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിത ജി നായര്‍ക്ക് കണ്ണീരോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍ വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തി.

ചൊവാഴ്ച്ച രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജര്‍ ആര്‍.എം. ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 10 ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.

സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എന്‍ വാസവന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എം എല്‍ എ, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഉള്‍പ്പെടെയുളളവരും ആദരാഞ്ജലി അര്‍പ്പിച്ചു.

ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നേഴ്‌സിങ് ഓഫീസറായിരുന്ന രഞ്ജിത അവധി എടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ നിന്നും ലണ്ടനിലേക്കു മടങ്ങവേയാണ് രഞ്ജിത സഞ്ചരിച്ചിരുന്ന വിമാനം ജൂണ്‍ 12ന് അഹമ്മനാബാദില്‍ അപകടത്തില്‍പ്പെട്ടത്. അമ്മയുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.

error: Content is protected !!