
മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്‍മോർട്ടം ചെയ്യും. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. കുട്ടിയുടെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നാണ് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടി എസൻ അർഹാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചാണ് കുട്ടി മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി കിട്ടിയത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നാണ് പരാതി. ഇതിൻ്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്.