
konnivartha.com: കാട്ടാനശല്യം ഏറെയുള്ള കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആർആർടി എസ്എഫ്ഒ ആർ.ദിൻഷ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ ജയരാജ്, ഡിഎഫ്ഒമാരായ ഫയാസ് മുഹമ്മദ്, ഹനീഷ്, വാച്ചർമാരായ ജോബിൻ, ബനോയ് എന്നിവർക്കാണ് പരിക്കേറ്റത് .
കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
കല്ലേലി, കൊക്കാത്തോട് റോഡിൽ സഞ്ചരിക്കുന്നവർക്കുംവെളുപ്പിനെ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഒരുക്കുകയാണ് ദൗത്യസംഘത്തിന്റെ നിലവില്‍ ഉള്ള ചുമതല
ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തി ഉള്‍ക്കാടുകളിലേക്ക് അയക്കുന്ന പദ്ധതി തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കിലും വനം വകുപ്പ് കാട്ടിലേക്ക് തുരത്തുന്ന ആനകള്‍ ഇതേ വഴിയിലൂടെ മടങ്ങി വരുന്നുണ്ട് . കാട്ടിലേക്ക് കയറി കാട്ടാനകളെ തുരത്താന്‍ ഉള്ള പദ്ധതിയ്ക്ക് ഇടയില്‍ ആന തിരിഞ്ഞു വന്നത് കണ്ടു ഓടി മാറിയ വനം വകുപ്പ് ജീവനക്കാര്‍ക്ക് ആണ് വീണു ചെറിയ പരിക്ക് പറ്റിയത് .
ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ കര്‍ഷകരുടെ പേടി സ്വപ്നമാണ് . ഒരു കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ എല്ലാ കാര്‍ഷിക വിളകളും ചവിട്ടി മെതിക്കും . വാഴയുടെ അകത്തെ ഇളം തളിര്‍ ഇലകള്‍ മാത്രം മതി . കുലച്ചതും കൂമ്പ് വരാന്‍ ഉള്ളതുമായ സകല വാഴകളും ചവിട്ടി ചതച്ചിടും . തെങ്ങ് പിഴുതു മുകളിലെ പട്ടയും അകത്തുള്ള തെങ്ങിന്‍ ചോറും തിന്നും . കവുങ്ങ് പിഴുതു എറിയും പല വീടുകളുടെയും പരിസരങ്ങളില്‍ രാത്രിയില്‍ കാട്ടാനകളെ കാണാം .
ഇങ്ങനെ ഇറങ്ങുന്ന കാട്ടനകളെ തിരികെ വനത്തിലേക്ക് പായിക്കുക എന്നത് ഏറെ ദുഷ്കരം ആണ് . കാട്ടാനകള്‍ക്ക് ഏറെ പ്രിയം ഉള്ള വന വിഭവങ്ങള്‍ ഉള്‍ക്കാടുകളില്‍ കുറഞ്ഞത് ആണ് ആനകള്‍ കാട് വിടാന്‍ കാരണം . ഒപ്പം വനത്തിനോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി വാണിജ്യ അടിസ്ഥാനത്തില്‍ തുടങ്ങിയതോടെ കൈത ചക്കയുടെ മണം പിടിച്ചു കാട്ടാനകള്‍ എത്തുന്നു . കൈത ചക്കയ്ക്ക് പ്രിയം കൂടിയതോടെ വ്യാപകമായി കൈത കൃഷി തുടങ്ങി . ഇതൊക്കെക്കാരണം കാട്ടാനകള്‍ നാട്ടില്‍ തമ്പടിക്കുന്നു .