
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍: മാസാചരണത്തിന് തുടക്കം
ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം.
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡും ലഭിക്കും.
ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവുമാണ് കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താം. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
വിദ്യാഭ്യാസ രംഗത്ത് മികച്ച മാറ്റം: ഡെപ്യൂട്ടി സ്പീക്കര്‍
വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സാധ്യമായതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പുതുശേരി ഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി.
അത്യാധുനിക സംവിധാനങ്ങളുമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തിയെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 52.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സരസ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ പൂതക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാര്‍, സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആഷ്, എഇഒ സീമാ ദാസ്, സ്‌കൂള്‍ പ്രധാനധ്യാപിക റ്റി.ഡി മഞ്ജു എന്നിവര്‍ പങ്കെടുത്തു.
ജനകീയ ഹോട്ടല്‍ ആരംഭിച്ചു
വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ പൂതക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാര്‍, സന്തോഷ് കുമാര്‍, ടി ഡി സജി, രാജേഷ് മണക്കാല എന്നിവര്‍ പങ്കെടുത്തു.
വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍;
മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനാകും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയാകും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ മുഖ്യപ്രഭാഷണവും ഐ.വി. ദാസ് അനുസ്മരണവും നടത്തും. സ്‌കൂള്‍ പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ അനുമോദിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ കൃതിയെ ആസ്പദമാക്കി റീഡിംഗ് തീയേറ്റര്‍ അവതരണം നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി.കെ.ജി. നായര്‍, ജി. കൃഷ്ണകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് , കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്
ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, യുപി വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12 ശനിയാഴ്ച രാവിലെ 10 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസ, ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മത്സരം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂലൈ എട്ടിന് മുമ്പായി ഹൈസ്‌കൂള്‍ തല ക്വിസ് മത്സരവും യുപി തല ചിത്രരചനാ മത്സരവും നടത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ കത്തുമായി രാവിലെ 10 ന് മുമ്പ് എത്തണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9446443964.
ഓപ്പറേഷന്‍ ലൈഫ്: ജില്ല- ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും
നേതൃത്വത്തില്‍ സംയുക്ത പരിശോധന
ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി .
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള ഓപ്പറേഷറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.ആര്‍.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, അടൂര്‍ നഗരങ്ങളില്‍ പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗം ചേര്‍ന്നു
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മാരാമണ്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജൂലൈ 10 മുതല്‍ 12 വരെയാണ് ഫെസ്റ്റ്. തോട്ടപ്പുഴശ്ശേരി സമൃദ്ധി കര്‍ഷകസംഘം, പഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകള്‍ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പഴവര്‍ഗങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കാനും പ്രാദേശിക കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വനം വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി. സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി. ശ്രീകുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി. താര, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഗ്രത പാലിക്കണം
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കി. ഇതുമൂലം അടൂര്‍, ഏനാത്ത് സബ് സ്‌റ്റേഷനുകള്‍, പത്തനംതിട്ട ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് 220 കെ വി വോള്‍ട്ടേജില്‍ വരെ ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സ്ബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിക്കും. ലൈനുമായോ ടവറുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനവുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടകരവും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് ടി സി സബ് ഡിവിഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2980098.
സീറ്റ് ഒഴിവ്
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി പാസായവര്‍ക്കുളള നാല് മാസത്തെ ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), പ്ലസ് ടു (കൊമേഴ്‌സ്)/ ബി കോം/ എച്ച്ഡിസി/ ജെഡിസി യോഗ്യതയുളളവര്‍ക്ക് മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജിഎസ്ടി യൂസിംഗ് ടാലി കോഴ്‌സുകളിലേക്ക് സീറ്റ് ഒഴിവ്. www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ : 9947123177.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അധ്യാപക നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ( എച്ച്എസ്എ ഹിന്ദി ) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള, സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി -689672 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 10. ഫോണ്‍: 04735 -227703.
ഐ എച്ച് ആര്‍ ഡി അഭിമുഖം
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
യോഗ്യത : പിജിഡിസിഎ (ഫസ്റ്റ് ക്ലാസ് ) അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്)
ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
വെബ് സൈറ്റ് : www.cea.ac.in . ഫോണ്‍: 8547005100, 04734 231995.
തീയതി നീട്ടി
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള തീയതി ജൂലൈ 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ജൂലൈ 17 വൈകിട്ട് അഞ്ചിന് മുമ്പ് സ്‌കോള്‍ കേരള സംസ്ഥാന ഓഫീസില്‍ ലഭിക്കണം. വെബ്‌സൈറ്റ് : www.scolekerala.org
ക്യാഷ് അവാര്‍ഡ്
2024-2025 അധ്യയനവര്‍ഷത്തിലെ പരീക്ഷകളില്‍ കേരള സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍/ എപ്ലസ് ലഭിച്ചവരും, സി ബി എസ് ഇ /ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മേല്‍ മാര്‍ക്ക് നേടി വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ജൂലൈ 20 നകം സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രില്‍ 22 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ.
ഫോണ്‍ :04734-223236.
അറിയിപ്പ്
കല്ലൂപ്പാറ സര്‍ക്കാര്‍ എല്‍ പി എസ് അമ്പാട്ടുഭാഗം സ്‌കൂള്‍ പരിസരത്ത് നില്‍ക്കുന്ന പുളിമരം ജൂലൈ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട്
കല്ലൂപ്പാറ- തിരുവല്ല-മല്ലപ്പള്ളി-ചേലകൊമ്പ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.