
ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു.
ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.
ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടേയും പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിയമാനുസൃത പരിശോധന തുടര്‍ച്ചയായി നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ അറിയേണ്ടത് / സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവനക്കാര്‍ നഖം നീട്ടി വളര്‍ത്തരുത്. വൃത്തിയായി വെട്ടിയൊതുക്കണം. മുടി മറയ്ക്കുന്ന ക്യാപ് ഉപയോഗിച്ചുകൊണ്ട് മാത്രമേ പാചകം, ഭക്ഷണ വിതരണം എന്നിവ നടത്താവൂ. കുടിവെളളത്തിന്റെയും പാത്രം കഴുകുന്ന വെളളത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തണം. 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ഒരു കാരണവശാലും തിളച്ച വെളളത്തില്‍ പച്ചവെളളം ചേര്‍ക്കരുത്.
ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ വൃത്തിയുളളതായിരിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചുസൂക്ഷിക്കണം. ഈച്ച, പാറ്റ, പല്ലി, എലി തുടങ്ങിയ ജീവികള്‍ കയറാത്തവിധം സംരക്ഷിക്കണം.
ഇരിപ്പിടങ്ങള്‍, അടുക്കളയുടെ തറ എന്നിവ നനഞ്ഞുകിടക്കരുത്. വെളളം കെട്ടിക്കിടക്കാതെ ഒഴുകിപോകുന്നതിന് സൗകര്യം ഉണ്ടായിരിക്കണം. ഇറച്ചി, മത്സ്യം, വേവിക്കാനുള്ള പച്ചക്കറികള്‍ എന്നിവ പാചകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സമീപം അരിയുകയോ കഴുകുകയോ ചെയ്യരുത്.വാഷ് ബേസിന്‍, ടോയ്‌ലറ്റ് എന്നിവ വൃത്തിയായി സൂക്ഷിക്കുക