Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/07/2025 )

Spread the love

ഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.  നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു.

ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ  ആരോഗ്യസ്ഥാപനങ്ങളുടേയും പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിയമാനുസൃത പരിശോധന തുടര്‍ച്ചയായി നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ അറിയേണ്ടത് / സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവനക്കാര്‍ നഖം നീട്ടി വളര്‍ത്തരുത്. വൃത്തിയായി വെട്ടിയൊതുക്കണം. മുടി മറയ്ക്കുന്ന ക്യാപ് ഉപയോഗിച്ചുകൊണ്ട് മാത്രമേ പാചകം, ഭക്ഷണ വിതരണം എന്നിവ നടത്താവൂ. കുടിവെളളത്തിന്റെയും പാത്രം കഴുകുന്ന വെളളത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തണം. 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ഒരു കാരണവശാലും തിളച്ച വെളളത്തില്‍ പച്ചവെളളം ചേര്‍ക്കരുത്.
ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ വൃത്തിയുളളതായിരിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചുസൂക്ഷിക്കണം. ഈച്ച, പാറ്റ, പല്ലി, എലി തുടങ്ങിയ ജീവികള്‍ കയറാത്തവിധം സംരക്ഷിക്കണം.

ഇരിപ്പിടങ്ങള്‍, അടുക്കളയുടെ തറ എന്നിവ നനഞ്ഞുകിടക്കരുത്. വെളളം കെട്ടിക്കിടക്കാതെ ഒഴുകിപോകുന്നതിന് സൗകര്യം ഉണ്ടായിരിക്കണം.  ഇറച്ചി, മത്സ്യം, വേവിക്കാനുള്ള പച്ചക്കറികള്‍ എന്നിവ പാചകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സമീപം അരിയുകയോ കഴുകുകയോ ചെയ്യരുത്.വാഷ് ബേസിന്‍, ടോയ്‌ലറ്റ് എന്നിവ വൃത്തിയായി സൂക്ഷിക്കുക

 

 

ലഹരി വിരുദ്ധ ബോധവല്‍ക്കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും  ഗാന്ധിഭവന്‍ ഐആര്‍സിഎ അടൂരിന്റെയും ആഭിമുഖ്യത്തില്‍  അടൂര്‍ എസ് എന്‍ ഐ ടി കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു.  എസ് എന്‍ ഐ ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.   ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം,   ഗാന്ധിഭവന്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി , കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി അടിച്ചിപ്പുഴ പട്ടിക വര്‍ഗ നഗറിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഗാന്ധിഭവന്‍ ഐആര്‍സിഎ അടൂര്‍ സഹകരണത്തോടെ അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു.  ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം ഉദ്ഘാടനം ചെയ്തു. നാറാണമൂഴി  ഗ്രാമപഞ്ചായത്ത് സിഡിഎസ്  ചെയര്‍പെഴ്‌സണ്‍  ബിന്ദു നാരായണന്‍ അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ. ഷിബില്‍,  അടിച്ചിപ്പുഴ എസ് ടി അഡൈ്വസര്‍ രാജപ്പന്‍,  കുടുംബശ്രീ അടിച്ചിപ്പുഴ സെക്രട്ടറി രജനി, ആള്‍ കേരള ഹിന്ദു മലവേട സംഘടന സംസ്ഥാന സെക്രട്ടറി കുഞ്ഞുമോന്‍, ഗാന്ധിഭവന്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി, കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.

ലോജിസ്റ്റിക്‌സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്  ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ് എല്‍ സി, പ്ലസ് ടു, ബിരുദം പാസായവര്‍ക്കാണ് അവസരം.
ഫോണ്‍ : 7994926081

സാധ്യതാ പട്ടിക

ജില്ലയില്‍ ഐഎസ്എം വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 613/2024)  ആയുര്‍വേദ തെറാപ്പിസ്റ്റ്  07/2025/ഡിഒഎച്ച്
നമ്പര്‍ തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


റാങ്ക് പട്ടിക റദ്ദായി

വനംവകുപ്പ് ഫോറസ്റ്റ്  ഡ്രൈവര്‍ (ഒന്നാം എന്‍സിഎ വിജ്ഞാപനം- (കാറ്റഗറി നമ്പര്‍ 703/2021) തസ്തികയിലേക്ക് 2025 മേയ് രണ്ടിന് നിലവില്‍ വന്ന 355/2025/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഡോക്ടര്‍ നിയമനം

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 10 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം. ഫോണ്‍ : 0468 2222642.


താല്‍ക്കാലിക നിയമനം

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.  അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം.
തീയതി, സമയം, തസ്തിക ക്രമത്തില്‍.
ജൂലൈ എട്ട്, രാവിലെ 10, ലക്ചറര്‍- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.  ഉച്ചയ്ക്ക് 1.30  ന് ട്രേഡ്‌സ്മാന്‍ (പ്ലംബര്‍ ആന്‍ഡ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)-ട്രേഡ്‌സ്മാന്‍ ( സ്മിത്തി ആന്‍ഡ് മെഷിനിസ്റ്റ് ജനറല്‍ വര്‍ക്ഷോപ്പ്) മൂന്നിന് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍ വര്‍ക്ഷോപ്പ്).
ജൂലൈ 10 രാവിലെ 10, ലക്ചറര്‍- ഇലക്ട്രിക്കല്‍  ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്.
ജൂലൈ 11 രാവിലെ 10, ലക്ചറര്‍- ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് 1.30 ഇംഗ്ലീഷ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 14 രാവിലെ 10, ലക്ചറര്‍- സിവില്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് ഒന്നിന് ഡെമോണ്‍സ്‌ട്രേറ്റര്‍ (സിവില്‍ എഞ്ചിനിയറിംഗ്).
ജൂലൈ 15 രാവിലെ 10- ട്രേഡ്‌സ്മാന്‍ (സിവില്‍ എഞ്ചിനിയറിംഗ്) ഉച്ചയ്ക്ക് 1.30 ന് മാത്തമാറ്റിക്‌സ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 16 രാവിലെ 10 – ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് , ഉച്ചയ്ക്ക് 1.30 ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.
ഫോണ്‍ : 04734 259634.


അഭിമുഖം

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി/ എംഎ സൈക്കോളജി യോഗ്യതയുളള വനിതകള്‍ ആയിരിക്കണം.  അസല്‍ രേഖ സഹിതം ജൂലൈ ഏഴിന് വൈകിട്ട്  മൂന്നിന്  ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ (വിളവിനാല്‍ രാജ്  ടവേഴ്സ്, മണ്ണില്‍ റീജന്‍സിക്ക് എതിര്‍വശം, കോളജ് റോഡ്)  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.


നിര്‍ദ്ദേശം ക്ഷണിച്ചു

കാവുകളുടെ പാരിസ്ഥിതിക പുനരുജീവന പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്‍പര്യമുള്ള ജൈവ വൈവിധ്യ പരിപാലന സമിതികളില്‍ നിന്നും നിര്‍ദ്ദേശം ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 25. വിലാസം: മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം ടി സി 24/3219 നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695 003. ഇ-മെയില്‍:  [email protected], [email protected]
ഫോണ്‍:8907446149


സൗജന്യപരിശീലനം ഇന്ന് (ജൂലൈ മൂന്ന് വ്യാഴം)

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ ഇന്ന് (ജൂലൈ മൂന്ന് വ്യാഴം) രാവിലെ 10 നു ഓഫീസില്‍ എത്തണം.   പരിശീലന കാലാവധി 30 ദിവസം.   18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ :  04682992293.

error: Content is protected !!