
konnivartha.com: വന്യജീവി ഭീഷണിയും അനുബന്ധ സംഘര്‍ഷവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഉര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന മനുഷ്യ-വന്യജീവിസംഘര്‍ഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തില്‍ ബോധവത്കരണവും പ്രാദേശിക ജാഗ്രതസമിതികള്‍ പുന:സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി.
അതിവേഗപ്രതികരണ സംഘങ്ങള്‍ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങള്‍ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. തദേശവാസികളില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ പ്രാഥമിക പ്രതിരോധസേനയും സജ്ജമാക്കുകയാണ്.
കൊല്ലം ജില്ലയില്‍ 22 സംഘങ്ങള്‍ രൂപീകരിച്ചു. വനാതിര്‍ത്തികളില്‍ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തു.
വനത്തിനുള്ളില്‍ ഭക്ഷണ-ജലലഭ്യത ഉറപ്പാക്കാന്‍ 2024-25 സാമ്പത്തിക വര്‍ഷം വനം വകുപ്പ് ജില്ലയിലെ വനമേഖലയില്‍ 66 കുളങ്ങളും, 50 ബ്രഷ് വുഡ് തടയണകളും നിര്‍മ്മിച്ചു.
വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ 2.5 കിലോമീറ്റര്‍ ആന കിടങ്ങുകളും, 52.62 കിലോമീറ്റര്‍ സൗരോര്‍ജ വേലികളും നിലവിലുണ്ട്. ഇവ കൂടാതെ നബാര്‍ഡിന്റെ ധനസഹായത്തോടെ 17 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്, 31.2 കിലോമീറ്റര്‍ തൂക്കുവേലി, 9.5 കിലോമീറ്റര്‍ ആന കിടങ്ങുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുവെന്ന് തെന്മല ഡി എഫ് ഒയും സമിതി കണ്‍വീനറുമായ അനില്‍ ആന്റണി വ്യക്തമാക്കി.
കാട്ടുപന്നികളുടെ ആക്രമണം ആവശ്യമെങ്കില്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് പരിഹരിക്കാം. പാമ്പുകടി അപകടങ്ങള്‍ ഒഴിവാക്കാന്‍ ‘സര്‍പ്പ’ പദ്ധതി രൂപീകരിച്ചു; 20 പേര്‍ക്ക് പരിശീലനം നല്‍കി. പ്രഥമ ശുശ്രൂഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശവും നല്‍കി.
വനംവകുപ്പ് രൂപീകരിക്കുന്ന വിവിധ സമിതികളില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. കന്നുകാലികളെ പാര്‍പ്പിക്കുന്ന തൊഴുത്തുകളും കൂടുകളും ബലപ്പെടുത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പിന്തുണയും നല്‍കണം. വനമേഖലയിലെ അനധികൃത മദ്യനിര്‍മാണം തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കണം.
വന്യജീവികള്‍ ഇറങ്ങുന്ന ആദിവാസിമേഖലയില്‍ ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും കൂടുതല്‍മെച്ചപ്പെടുത്തണം. സംഘര്‍ഷ സാധ്യതാമേഖലകളില്‍ മാലിന്യസംസ്‌ക്കരണം ഉറപ്പാക്കണം. കാടുമൂടികിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍, ഉപേക്ഷിക്കപ്പെട്ട സ്വകാര്യ ഭൂമികള്‍ എന്നിവ വൃത്തിയാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. വന ഭൂമി നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ പ്രയോജനപ്പെടുത്താമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, പുനലൂര്‍ ഡി. എഫ്. ഒ വൈ എം ഷാജികുമാര്‍, അച്ചന്‍കോവില്‍ ഡി എഫ് ഒ എസ് അനീഷ്, മൃഗസംരക്ഷണം, ടൂറിസം, എക്‌സൈസ്, കൃഷി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.