
വിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ട്.
തൊടുപുഴ പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകൾ ജോർളി(34)യാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യു(43)വിനെതിരേ കൊലക്കുറ്റം ചുമത്തി.റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് അപേക്ഷ നൽകും.
ജൂൺ 26-നാണ് വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.28-നാണ് യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. യുവതിയും ഭർത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.ഈ വീടിന് പിന്നിലെ ചായ്പിൽവെച്ചാണ് സംഭവം. നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളിൽ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോർളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൈങ്ങോട്ടൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ടോണിയുടെ പീഡനത്തെത്തുർന്ന് മകൾ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ ജോൺ കരിങ്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.