
കൊന്നപ്പാറ പയ്യനാമണ്ണ് മേഖലയില്‍ ഏഴോളം ക്രഷർ യൂണിറ്റുകൾ
konnivartha.com: കോന്നി പയ്യനാമണ്ണിൽ പാറമടയില്‍ പാറ അടര്‍ന്നു വീണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് തുടർ സംഭവങ്ങളാകുന്നു.24 വർഷങ്ങൾക്കു മുമ്പ് പയ്യാനാമൺ പ്ലാക്കാട്ട് ക്രഷർ ഗ്രാനൈറ്റില്‍ പാറ അടർന്നുവീണു മൂന്ന് തൊഴിലാളികളാണ് അന്ന് ദാരുണമായി മരിച്ചത്.പാറമടയുടെ അടിയിൽ ജോലിചെയ്തിരുന്ന മലയാളികളായ മൂന്നുപേരാണ് അന്ന് മരിച്ചത് .
പയ്യനാമണ്ണിലെ അടുകാട് എഎസ് ഗ്രാനൈറ്റിന്റെ ക്രഷർ കമ്പനിയിൽ പാറ വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.കോന്നി മേഖലയിലെ പാറമടകളിലും വന്‍ കിട ക്രഷര്‍ യൂണിറ്റുകളിലും ജോലി നോക്കുന്നവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ് . അപകടം ഉണ്ടായാല്‍ പോലും പുറം ലോകം അറിയില്ല .അറിഞ്ഞു വരുമ്പോഴേക്കും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കഴിഞ്ഞു ആംബുലന്‍സില്‍ അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി കഴിഞ്ഞിരിക്കും .
സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയ നേതാക്കളിലെ ചിലരും ചേര്‍ന്ന് ആണ് കോന്നി മേഖലയിലെ പാറമട മാഫിയാ സംഘങ്ങളെ ഇത്രയും വളര്‍ത്തിയത് . മാസപ്പടി കൃത്യമായി ലഭിക്കുന്നതിനാല്‍ യാതൊരു നടപടിയും ഇല്ല . അതിരുങ്കലടക്കം ഉള്ള സ്ഥലങ്ങളില്‍ ഉയര്‍ന്നു വന്ന വലിയ സമരങ്ങള്‍ പോലും ഇപ്പോള്‍ ഇല്ല . ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ സമയത്ത് മാത്രമേ സുരക്ഷാകാര്യങ്ങളും എതിർപ്പുകളും ചർച്ച ചെയ്യപ്പെടുന്നുള്ളൂ .
അന്യസംസ്ഥാന തൊഴിലാളികള്‍ ആണ് മരിക്കുന്നത് .ഇതിനാല്‍ കോന്നിയില്‍ നാളിതുവരെ എതിര്‍ സ്വരമോ സമരമോ ഉണ്ടായിട്ടില്ല . ചെങ്കുളം ഗ്രാനൈറ്റിന് എതിരെ പ്രാദേശിക ജനങ്ങള്‍ പല പ്രാവശ്യം പരാതികള്‍ ഉന്നയിച്ചിരുന്നു .ഒറ്റ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രസ്താവന ഇറക്കുക പോലും ചെയ്തില്ല . കോന്നി പഞ്ചായത്തിലെ ഏഴാം വാർഡ് ആണ് പയ്യനാമൺ. ഇവിടെയാണ് ഏഴോളം ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
ദിവസവും 40 പാസ്സുകളാണ് സാധനങ്ങൾ വിതരണം ചെയ്യാനായി ജിയോളജി വകുപ്പ് ക്രഷർ യൂണിറ്റിലേക്ക് നൽകിയിരിക്കുന്നത്. ഇത് മറികടന്ന് 500 ലോഡുകൾ വരെ പോകുന്നു എന്ന് നാട്ടുകാര്‍ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു . പയ്യനാമൺ. താവളപ്പാറ ,അളിയൻമുക്ക്, അടുകാട് എന്നിവിടങ്ങളിലാണ് പാറമടകൾ പ്രവര്‍ത്തിക്കുന്നത് .
കോന്നി ഊട്ടുപാറയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറമട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല . സമീപം മറ്റൊരു പാറമടയ്ക്ക് വേണ്ടി ചിലര്‍ രംഗത്ത് ഉണ്ട് . കലഞ്ഞൂര്‍ പഞ്ചായത്തിലെ അതിരുങ്കല്‍ തുടങ്ങി സമീപ മേഖലകളില്‍ വലിയ ക്രഷര്‍ യൂണിറ്റുകള്‍ ഉണ്ട് . പോത്ത് പാറ മേഖലയില്‍നിന്നും പാറകള്‍ ഏറെക്കുറെ കവര്‍ന്നു കഴിഞ്ഞു . എല്ലാത്തിനും ഭരണ ഉദ്യോഗസ്ഥ ആളുകള്‍ ആണ് കൂട്ട് നില്‍ക്കുന്നത് .
കോന്നി മേഖലയില്‍ ജിയോളജി പാസ് കിട്ടാതെയും മുമ്പോട്ട് നടത്താൻ കഴിയാതെയും ചില പാറമടകൾ ഇവിടെയുണ്ട്. പാറ പൊട്ടിച്ച ഭാഗത്ത് തടാകങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.ഊട്ടുപാറയില്‍ വലിയ പാറക്കുഴി ഉണ്ട് .ഇതില്‍ നിറയെ ജലമാണ് . ഇവിടെ മഴക്കാലത്ത് പെയ്യുന്ന വെള്ളം നിറഞ്ഞ് അപകടത്തിന് സാധ്യതയുണ്ട്. തീവ്രമഴ ഉണ്ടായാൽ മൂടിയില്ലാത്ത ഈ കുളങ്ങൾ കവിഞ്ഞ വെള്ളം കുത്തി ഒഴുകാന്‍ സാധ്യത ഉണ്ട് എന്നാണ് താഴെ ഉള്ള ജനങ്ങള്‍ പറയുന്നത് .
കോന്നി താലൂക്ക് പരിധിയിലെ മുഴുവന്‍ ക്രഷര്‍ പാറമട പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണം എന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യം ഉന്നയിച്ചു .