പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/07/2025 )

Spread the love

ലഹരിവിരുദ്ധ വിമോചന നാടകം ഇന്ന് (ജൂലൈ 11)

ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് 12 ന് അരങ്ങേറും.

കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിക്കുന്നത്. കോന്നി ഡിവൈഎസ്പി ജി. അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനാകും. സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, കൂടല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി എല്‍ സുധീര്‍, പഞ്ചായത്ത് അംഗം രമാ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ചെങ്കളം ക്വാറി ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത്
പരിശോധിക്കാന്‍ പോലീസിനോട് എംഎല്‍എ

ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും: ജില്ലാ കലക്ടര്‍

രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയുടെ ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലിസിനോട് നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.

പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാല്‍ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.

കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ. റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദരവ്

കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിച്ചു. ദുരന്തത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ കണ്ണനെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

എല്ലാ സമര്‍ദത്തെയും അതീജിവിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടറുടെ പ്രവര്‍ത്തനം പ്രശംനീയമായിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ സ്ഥലത്തെത്തിയ അദ്ദഹം രക്ഷാപ്രവര്‍ത്തനം ഏകോപിച്ചതായി എംഎല്‍എ ചൂണ്ടികാട്ടി.

രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യ അതിഥിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി.  തുടര്‍ന്നാണ് ലോംഗ് ബൂം എസ്‌കവേറ്റര്‍ അടക്കം വലിയ ഉപകരണം എത്തിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാധ്യമാക്കിയത്. റവന്യുവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷയായി. അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്,  കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു. മാരാമണ്‍ നെടുമ്പ്രയാര്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍ ആദ്യവില്പന നടത്തി.

സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കര്‍ഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ജൂലൈ 12 വരെയാണ് ഫെസ്റ്റ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പ്രദര്‍ശനം. വിവിധതരം പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, പഴങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫലവൃക്ഷതൈകള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, നവീന ജലസേചനവിദ്യകള്‍, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ അറിയാം.

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാനും പഴവര്‍ഗ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും വ്യവസായം, ടൂറിസം മേഖലകളുടെ വികസനവുമാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസി മാത്യു, അംഗങ്ങളായ രശ്മി ആര്‍. നായര്‍, അഡ്വ. റ്റി.കെ. രാമചന്ദ്രന്‍ നായര്‍, റെന്‍സിന്‍ കെ രാജന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ. സുബൈര്‍കുട്ടി,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ്, കൃഷി ഓഫീസര്‍ ലത മേരി തോമസ്, തിരുവല്ല താലൂക്ക് എ.ഡി.ഐ.ഒ സ്വപ്ന ദാസ്,  പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, സമൃദ്ധി കര്‍ഷക സംഘം പ്രസിഡന്റ്  സി പി ഗോപകുമാര്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം. വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളില്‍ നിന്ന് ജാം, സ്‌ക്വാഷ്, അച്ചാര്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി റീട്ടെയില്‍ ഷോപ്പും ആരംഭിക്കും.

വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതിനും ഇതിലൂടെ കഴിയും. ഫാം ടൂറിസം, കാര്‍ഷിക പ്രദര്‍ശനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പദ്ധതി  ടൂറിസത്തിനുള്ള സാധ്യതയും തുറക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള വിദേശ ഫലസസ്യങ്ങളുടെ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഫ്രൂട്ട് നഴ്‌സറിയും അനുബന്ധമായി സ്ഥാപിക്കും. പദ്ധതിയിലൂടെ തോട്ടപ്പുഴശ്ശേരിയെ പ്രധാന പഴവര്‍ഗ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റി സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ഉദ്ഘാടനം ജൂലൈ 14 ന്

ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയര്‍ന്ന നിലവാരമുള്ള മാംസം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കോടി ഇരുപത് ലക്ഷം രൂപ വിനിയോഗിച്ച് പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.  അറവുശാലയുടെ ഉദ്ഘാടനം ജൂലൈ 14 (തിങ്കള്‍) രാവിലെ 11 ന് വള്ളംകുളത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഫിലിപ്പ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും ഇവിടെ സജ്ജം. പ്രതിദിനം 10 മുതല്‍ 15  കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുള്ളത്. ഇവയുടെ സഹായത്തോടെ മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും. കട്ടിംഗ് മെഷീന്‍, ഹാംഗര്‍, കണ്‍വെയര്‍, സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കന്നുകാലിയുടെ ഭാരം അളന്നു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യനില പരിശോധിക്കും. അണുവിമുക്തമാക്കിയ കന്നുകാലികളെ കശാപ്പ് കഴിഞ്ഞാലുടന്‍ തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി  വിപണിയില്‍ എത്തിക്കുന്നതിനു പുറമെ  പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനാകും.

വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവ് മാലിന്യം ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് വളവും നായ ബിസ്‌ക്കറ്റും കോഴിത്തീറ്റയും ഉല്‍പാദിപ്പിക്കും. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.  പ്രത്യേകമായി  സജ്ജീകരിച്ചിരിക്കുന്ന ശീതീകരിച്ച മുറി, ഫ്രീസര്‍ പ്ലോട്ട് എന്നിവ അറവു മാംസത്തിലുണ്ടാകുന്ന ബാക്ടീരിയകളെ ചെറുത്ത് നിര്‍ത്തും. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം  ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള പറഞ്ഞു

ടെന്‍ഡര്‍

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത്, കടമ്പനാട് , പളളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടി കുട്ടികള്‍ക്ക്  ആവശ്യമുളള മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26. ഫോണ്‍ : 04734 216444.


ഐടിഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ യില്‍ സ്‌പെഷ്യല്‍ കാറ്റഗറിയിലേക്കുള്ള പ്രവേശനവും ആദ്യഘട്ട കൗണ്‍സിലിങ്ങും ഇന്ന് (ജൂലൈ 11, വെള്ളി ) രാവിലെ 11  മുതലും പ്രവേശന നടപടി ജൂലൈ 14 രാവിലെ 11 മുതലും നടക്കും. പ്രവേശനവുമായി ബന്ധപ്പെട്ട് മെസേജ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ അഡ്മിഷന്‍ ഫീ, ഫോട്ടോ, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്  സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തണം. ഫോണ്‍:  04682258710.


ദേശീയ മത്സ്യകര്‍ഷക ദിനം ആചരിച്ചു

ഇലന്തൂര്‍ ബ്ലോക്കുതല ദേശീയ മത്സ്യകര്‍ഷക ദിനാചരണം തെക്കേമല ജില്ലാ ഓഫീസ് ട്രെയിനിംഗ് സെന്റര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷയായി. മത്സ്യകര്‍ഷകരെയും ഫാമിലെ ഹാച്ചറി വര്‍ക്കേഴ്‌സിനെയും ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിത കര്‍ഷകയായ കുഞ്ഞമ്മ ഫിലിപ്പിനെയും (94) ആദരിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സാം പി തോമസ്, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി. എസ്. അനിത, എഎഫ്ഇഒ മനുചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് -ഹബ് ഫോര്‍ എംപവര്‍മെന്റ്  ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഗുണ ദോഷ വശങ്ങള്‍, നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സി. ശ്യാം ലത  അധ്യക്ഷയായി.

സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി. ടി. എ പ്രസിഡന്റ് അനില അനുരാഗ്,  മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍  എസ്. ശുഭശ്രീ,  ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്  സ്‌നേഹ വാസു രഘു, നല്ലപാഠം കോര്‍ഡിനേറ്റര്‍ ആര്യ മനോജ്,  പി ടി എ വൈസ് പ്രസിഡന്റ് എ എസ്  രമേശ്, സിഡബ്ല്യൂസി  അംഗം ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ലാറ്ററല്‍ എന്‍ട്രി പ്രവേശനം

വെച്ചൂചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് മൂന്നാം സെമസ്റ്ററിലേക്കുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനം ജൂലൈ 15 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു ( സയന്‍സ്), വിഎച്ച്എസ്ഇ, ഐടിഐ പാസായവര്‍ക്കും ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ ഉള്‍പ്പെട്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് പ്ലസ് ടു 50 ശതമാനം മാര്‍ക്കുളളവര്‍ക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം രക്ഷകര്‍ത്താവിനൊപ്പം ഹാജരാകണം.  വെബ് സൈറ്റ് : www.polyadmission.org/let,  ഫോണ്‍ : 04735 266671.

error: Content is protected !!