
മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യം
ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്.
ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം.
പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യവസായ ഉപയോഗത്തിനു മാത്രമുള്ള ഐസ് ചേര്‍ക്കല്‍, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനം.
വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് നല്‍കുന്നതും രോഗനിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്)
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു.
പ്രതിരോധ മാര്‍ഗം
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനു ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല സ്രോതസ് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. അണുവിമുക്തമായ ശുദ്ധജലം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം ഉപയോഗിക്കുക. ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക. തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക. വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം
‘തെളിനീര്‍’കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു ചാര്‍ളി അധ്യക്ഷയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി. ഉയര്‍ന്ന പ്രദേശങ്ങളായ മുകളുവിള, മാവുംപാറ എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജോസ്, അംഗങ്ങളായ ആതിരാ മഹേഷ്, എം വി സുധാകരന്‍, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, കൈപ്പട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു എന്നിവര്‍ പങ്കെടുത്തു
കോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു
കോന്നി പാറമട ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഇന്ന് (ജൂലൈ 11 വെളളി) പുലര്‍ച്ചെ 5.25 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്‍ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയിലാണ് പാറ ഇടിഞ്ഞ് വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര്‍ സ്വദേശി മഹാദേവ് പ്രദാന്‍ എന്നിവര്‍ മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോട്ടയത്ത് എംബാം ചെയ്തു. ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്.
‘ഒന്നായി നമ്മള്‍ ‘ ഉദ്ഘാടനം ജൂലൈ 14 ന്
കുടുംബശ്രീ സിഡിഎസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും ചെയര്‍പേഴ്‌സണ്‍മാരുടെ ഏകദിന സംഗമവും ജൂലൈ 14 ന് തിരുവല്ല എം ഡി എം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിര്‍വഹിക്കും. അഡ്വ.മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷനാകും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ,എറണാകുളം ,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 600 ല്‍ അധികം സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുക്കും.
കുടുംബശ്രീ വാര്‍ഷികം
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. മെമ്പര്‍ സെക്രട്ടറി ആര്‍. വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍ അവാര്‍ഡ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ ജമീല ബീവി എന്നിവര്‍ പങ്കെടുത്തു.
ലഹരിവിരുദ്ധ വിമോചന നാടകം
ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീന ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനായി. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിച്ചത്. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, സ്‌റ്റേറ്റ് ജനമൈത്രി ഡ്രാമാ കോഡിനേറ്റര്‍ മുഹമ്മദ് ഷാ, കൂടല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ സുനില്‍കുമാര്‍, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ മായ എസ് നായര്‍, എസ്പിസി സിപിഒ ലിജോ ഡാനിയേല്‍, സീനിയര്‍ അസിസ്റ്റന്റ് ലാല്‍ വര്‍ഗീസ്, ജോണ്‍ മാത്യു, പ്രധാനാധ്യാപിക ബി. ലേഖ എന്നിവര്‍ പങ്കെടുത്തു.
സീറ്റ് ഒഴിവ്
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട് . പ്ലസ് ടു , ഐടിഐ , ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കു അപേക്ഷിക്കാം. ഫോണ്‍ : 9495999675.
ആറാം ക്ലാസ് പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്നവരും പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്കുമാണ് അവസരം. ഫോണ്‍ : 04735 294263.
ഇ-ലേലം
ജില്ലയിലെ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള എട്ടു വാഹനങ്ങള്‍ www.mstcecommerce.com മുഖേനെ ജൂലൈ 21 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630. ഇ- മെയില്‍ –[email protected]
ഗതാഗത നിരോധനം
മല്ലപ്പള്ളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 14ന് ഇതിലൂടെയുളള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വിവരം പുതുക്കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ വിവരം എഐഐഎസ് സോഫ്റ്റ് വെയറില്‍ പുതുക്കണം. പത്തനംതിട്ട, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പളളി, അടൂര്‍, ചിറ്റാര്‍ റേഞ്ചുകളിലെ തൊഴിലാളികള്‍ക്ക് ജൂലൈ 17ന് രാവിലെ 10 മുതല്‍ തിരുവല്ല കറ്റോടുളള ജില്ലാ ഓഫീസിലും അക്ഷയകേന്ദ്രത്തിലും മാവേലിക്കര, നൂറനാട്, ചെങ്ങന്നൂര്‍ റേഞ്ചുകളിലെ തൊഴിലാളികള്‍ക്ക് ജൂലൈ 19 ന് മാവേലിക്കര കൊറ്റാര്‍കാവ് ചെത്തു തൊഴിലാളി യൂണിയന്‍ സിഐറ്റിയു ക്യാമ്പ് ഓഫീസിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാറിന്റെ പകര്‍പ്പ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡ് എന്നിവ കരുതണം. ഫോണ്‍ : 04692603074.
വിദേശ ഫലങ്ങള്‍ക്ക് വിളനിലം ഒരുക്കി തോട്ടപ്പുഴശേരി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ‘സമൃദ്ധി’ കര്‍ഷകസംഘം. വിദേശ ഫലം കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളില്‍ നിന്ന് ജാം, സ്‌ക്വാഷ്, അച്ചാര്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി റീട്ടെയില്‍ ഷോപ്പും ആരംഭിക്കും.
വിപണന സാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതിനും കഴിയും. ഫാം ടൂറിസം, കാര്‍ഷിക പ്രദര്‍ശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസത്തിനുള്ള സാധ്യതയും പദ്ധതി തുറക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള വിദേശ ഫലസസ്യങ്ങളുടെ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഫ്രൂട്ട് നഴ്സറിയും അനുബന്ധമായി സ്ഥാപിക്കും. പദ്ധതിയിലൂടെ തോട്ടപ്പുഴശ്ശേരിയെ പ്രധാന പഴവര്‍ഗ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റി സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
ഇടത്തിട്ട സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്് പുതിയ കെട്ടിടം:ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍മാണോദ്ഘാടനം നടത്തി
കൊടുമണ്‍ ഇടത്തിട്ട സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന് 40 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ഗാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. വിപിന്‍ കുമാര്‍, കെ. പുഷ്പലത, അംഗങ്ങളായ പി.എസ്. രാജു, അഞ്ജന ബിനുകുമാര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ഏ.ഇ.ഒ സീമാ ദാസ്, കെ.എ. ഷെഹിന, പ്രോജക്ട് എഞ്ചിനീയര്‍ ജി. കുഞ്ഞുമോള്‍, പി.ആര്‍.മായ എന്നിവര്‍ പങ്കെടുത്തു. എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികള്‍ നിര്‍മിക്കും.