
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി.
മുന്‍ പഞ്ചായത്ത് അംഗം സന്തോഷ് പി മാമ്മന്‍ പഞ്ചായത്ത് ഓഫീസിന് ഉള്ളില്‍ കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു .
മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, തുളസീ മോഹൻ, ജിഷാ ജയകുമാർ, പുഷ്പാ ഉത്തമൻ , ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെ ഗ്രാമപഞ്ചായത്തംഗങ്ങളും, സി പി ഐ എം പ്രവർത്തകരും ഓഫീസിനുള്ളിൽ ഉപരോധിച്ചു.
konnivartha.com: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ പയ്യനാമൺ ചെങ്കുളം പാറമട ഉടമ പഞ്ചായത്ത് റോഡ് കയ്യേറി റോഡിനു കുറുകെ സ്ഥാപിച്ച ഗേറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രസിഡൻ്റ് അനിസാബുവിനെ ഓഫീസിനുള്ളിൽ ഉപരോധിച്ചത്.
രണ്ട് അതിഥി തൊഴിലാളികളുടെ അപകട മരണത്തിന് കാരണക്കാരായ ചെങ്കുളം പാറമട ഉടമയെ അനധികൃതമായി സഹായിച്ചു വരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരുടെ നടപടികളിൽ പ്രതിഷേധിച്ചും, അഴിമതിക്കാരായ പ്രസിഡൻ്റും, സെക്രട്ടറിയും രാജിവെയ്ക്കണമെന്നും ആവശ്യവും ഉയർത്തിയായിരുന്നു ഉപരോധം.
ഇതേ ആവശ്യമുന്നയിച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ സി പി ഐ എം നേതൃത്വത്തിൽ സമരം നടക്കുന്നതിനിടയിലായിരുന്നു ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധസമരം നടന്നത്.
തുടർന്ന് നടന്ന ചർച്ചയിൽ പൊതുജനങ്ങളുടെ വഴി തടഞ്ഞ് അനധികൃതമായി പാറമട ഉടമസ്ഥാപിച്ച ഗേറ്റ് അടിയന്തിരമായി നീക്കം ചെയ്യുമെന്ന പ്രസിഡൻ്റിൻ്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, ജിഷാ ജയകുമാർ, തുളസീ മോഹൻ, പുഷ്പാ ഉത്തമൻ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.