പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/07/2025 )

Spread the love

ഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: മന്ത്രി എം ബി രാജേഷ്

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്ത്വം

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയതെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്. ഇതുപോലുള്ള ആധുനിക അറവുശാല നാടിനുവേണം. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നു.

സര്‍ക്കാര്‍ എന്ത് നടപ്പാക്കിയാലും എതിര്‍ക്കാന്‍ കുറച്ചുപേരുണ്ടാകും. എല്ലാവരും സ്വയം പണ്ഡിതരാകാന്‍ ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ ആധുനികമെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഒട്ടേറെ കടമ്പ കടന്ന് ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലെത്തി. സ്വകാര്യ പങ്കാളിത്തേത്തോടെ ബി.ഒ.ടി വ്യവസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന്‍ വഴി അണുവിമുക്തമാക്കി കശാപ്പു ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്നു.

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത്വമാണെന്ന് മന്ത്രി പറഞ്ഞു. പിഴ ചുമത്തിയതു കൊണ്ടു മാത്രം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ തടയാനാകില്ല. ജനകീയ ബോധവല്‍ക്കരണം ആവശ്യമാണ്. കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്‌കരണം. ഹരിതകര്‍മസേന പ്രവര്‍ത്തനം പ്രശംസനീയമാണെങ്കിലും പൊതുജനപങ്കാളിത്തം ആവശ്യമാണ്. ‘മാലിന്യമുക്ത നവകേരളം’ കാമ്പയിന്‍ വിജയകരമായി മുന്നേറുന്നു.

കക്കൂസ് മാലിന്യം, ഡയപ്പര്‍, അറവുശാല മാലിന്യം തുടങ്ങിയവയുടെ സംസ്‌കരണം വലിയ വെല്ലുവിളിയായിരുന്നു. വഴികളിലൂടെ മൂക്ക് പൊത്തി നടക്കേണ്ട സാഹചര്യം മുമ്പുണ്ടായിരുന്നു. എന്നാല്‍ കോഴി മാലിന്യമടക്കം സംസ്‌കരിക്കാന്‍ 42 പ്ലാന്റുകള്‍ സ്ഥാപിച്ചു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനും സംവിധാനമുണ്ടാക്കി. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.

9446700800 വാട്ട്സ്ആപ്പ് നമ്പറില്‍ ജനങ്ങള്‍ക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ വീഡിയോ സഹിതം പരാതിപ്പെടാം. പിഴ ചുമത്തുന്നതിന്റെ നാലിലൊന്ന് തുക അറിയിക്കുന്ന ആള്‍ക്ക് നല്‍കും. ഈ രീതിയില്‍ മാത്രം 30 ലക്ഷം രൂപയോളം പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.

വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണവും ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള മാംസം വിപണിയില്‍ എത്തിക്കുന്നതാണ് പദ്ധതി. 1.20 കോടി രൂപയാണ് ചെലവ്. സര്‍ക്കാര്‍ സഹായത്തിന് പുറമെ ഗ്രാമപഞ്ചായത്ത് 30 ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷവും ചെലവഴിച്ചു. പ്രതിദിനം 15 മുതല്‍ 20 കന്നുകളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളുണ്ട്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഫിലിപ്പ് അധ്യക്ഷയായി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്ദഗോപന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനേഷ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

‘വായിച്ചു വളരുക ക്വിസ് 2025’ ഉദ്ഘാടനം

മുപ്പതാമത് ദേശീയ വായനദിന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായിച്ചു വളരുക ക്വിസ് 2025’ന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.

പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് തോമസ് അധ്യക്ഷനായി.

പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കെ ഷിഹാദ് ഷിജു ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുമൂലപുരം എസ്എന്‍വി എസ് എച്ച് എസ് വിദ്യാര്‍ഥിനി അയനാ മേരി എബ്രഹാം രണ്ടും പെരിങ്ങനാട് ടിഎംടിഎച്ച്എസിലെ വൈഗ പ്രദീപ് മൂന്നും സ്ഥാനത്തെത്തി.

ചിത്രരചന മത്സരത്തില്‍ മഞ്ഞിനിക്കര എംഇയുപിഎസിലെ നിരഞ്ജന പി അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുമറ്റൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥി കനിഷ്‌ക് വി കൃഷ്ണ രണ്ടാമതും വളഞ്ഞവട്ടം കെവിയുപിഎസിലെ അബിറ്റാ അനീഷ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, വൈസ് ചെയര്‍മാന്‍ എസ് മീരാ സാഹിബ്, ക്വിസ് മാസ്റ്റര്‍ ബിനു രാജ് എന്നിവര്‍ പങ്കെടുത്തു.

 

 

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്.

രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക.

നിര്‍ദേശങ്ങള്‍

രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക.
കഞ്ഞിവെള്ളം തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക .
പൊതു ഇടങ്ങളില്‍ തുപ്പരുത്. മൂക്കു ചീറ്റിയ ശേഷം ഉടനെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് മാറ്റരുത.് എച്ച് 1 എന്‍ 1 നെതിരെ പ്രതിരോധം ഉറപ്പാക്കുക
വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഉറപ്പാക്കണം.
പൊതു ഇടങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുക.
കൈ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്.
കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.

രോഗം ഇല്ലാത്തവരും ആശുപത്രി സന്ദര്‍ശന വേളകളില്‍ മാസ്‌ക് ധരിക്കണം. രോഗി സന്ദര്‍ശനത്തിനും മറ്റും ആശുപത്രികളില്‍ പോകുന്നത് പരമാവധി ഒഴിവാക്കുക.
സമ്പര്‍ക്കം മൂലം രോഗസാധ്യത ഉള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്ന രോഗസാധ്യത കൂടിയവരും മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധമരുന്ന് കഴിക്കണം.

ഗര്‍ഭിണികളിലെ രോഗബാധ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാലും എത്രയും പെട്ടെന്ന് ചികിത്സ തേടണം. പ്രതിരോധശീലങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം.

ശ്വാസകോശം, ഹൃദ്രോഗം, കരള്‍, കിഡ്‌നി, നാഡീ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, രക്താതിമര്‍ദ്ദം പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗം, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ (ഇമ്യൂണോ സപ്പ്രസന്റുകള്‍) കഴിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

 

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ / എയ്ഡ്ഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യശ്രമത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു /വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.

എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവരില്‍ എസ്.എസ്.എല്‍.സി ക്ക് 70 പോയിന്റും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്. മാര്‍ക്ക് ലിസ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അവസാന തീയതി ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 0468-2327415.
വെബ്‌സൈറ്റ് : www.agriworkersfund.org

 

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 155 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. ഫോണ്‍ : 0469 2610016, 9188959679.

 

ടെന്‍ഡര്‍

മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോണ്‍ : 8593962467.

 

ഐടിഐ കൗണ്‍സിലിംഗ് ഇന്ന് ( ജൂലൈ 15 ചൊവ്വ )

റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് ഇന്ന് ( ജൂലൈ 15 ചൊവ്വ ) രാവിലെ 8.30 മുതല്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ രക്ഷിതാവിനൊപ്പം ഹാജരാകണം. എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍: 04735 296090.

 

തീയതി നീട്ടി

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വരെ നീട്ടി. അപേക്ഷ www.bwin.kerala.gov.in പോര്‍ട്ടലിലൂടെ ജൂലൈ 25 നകം ലഭിക്കണം. ഫോണ്‍: 0474 2914417.

 

ലേലം

മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്ത് വില്‍പന നടത്തിയശേഷം ഈ കാര്യാലയത്തിലേക്ക് തന്നെ അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് (ഡ്രൈവര്‍ ഇല്ലാതെ) എടുക്കുന്നതിനുളള ലേലം ജൂലൈ 25 പകല്‍ 12 ന് നടക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍ : 0468 2222555.

 

അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

 

ക്വട്ടേഷന്‍

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി) ന്റെ ഉടമസ്ഥതയിലുളള വാഹനം പൊളിച്ചു നീക്കുന്ന ആവശ്യത്തിലേക്ക് സ്‌ക്രാപ്പിംഗ് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17 പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2241144.

 

കാവുകള്‍ക്ക് ധനസഹായം

കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്.
ഫോണ്‍: 0468-2243452

വനമിത്ര അവാര്‍ഡ്

ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ജൂലൈ 31 നകം സമര്‍പ്പിക്കണം. ഒരിക്കല്‍ പുരസ്‌കാരം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അപേക്ഷിക്കരുത്.
ഫോണ്‍ : 8547603707,8547603708, 0468-2243452. വെബ് സൈറ്റ് : https://forest.kerala.gov.in/