പുരസ്‌ക്കാര നിറവിൽ കല്ലേലി ഗവ: ആയുർവേദ മോഡൽ ഡിസ്‌പെൻസറി

Spread the love

 

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

 

konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഭാരതീയ ചികിത്സാ വകുപ്പിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലി ഗവണ്മെന്റ് ആയുർവേദ മോഡൽ ഡിസ്‌പെൻസറി ഒന്നാം സ്ഥാനം നേടി, ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തിൽ മികച്ച സേവനം നൽകി വരുന്ന NABH എൻട്രി ലെവൽ സർട്ടിഫൈഡ് ആയ കല്ലേലി ആയുർവേദ ഡിസ്‌പെൻസറിക്ക് മാലിന്യ മുക്ത നവകേരളം – പത്തനംതിട്ടയിലെ മികച്ച സർക്കാർ സ്ഥാപനത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

error: Content is protected !!