
konnivartha.com: കോന്നിയിലെ കുടിയേറ്റ കര്‍ഷക ഗ്രാമമായ കൊക്കാത്തോട്ടില്‍ ജീവിതസൗകര്യം കുറവാണ് എന്ന് മനസ്സിലാക്കിയ പുതു തലമുറ കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് വീട് വെച്ചു മാറുന്നു . ഈ പ്രവണത കൂടിയതോടെ നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ജനകീയ കർഷകസമിതി എന്ന പേരില്‍ഉള്ള കൂട്ടായ്മ യോഗം വിളിച്ചു ചേര്‍ത്തു .19-ന് 2.30-ന് കൊക്കാത്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമിതിയുടെ യോഗം ചേരും എന്നാണ് അറിയിപ്പ് .
റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി സ്വയംപുനരധിവാസത്തിന്റെ ഭാഗമായി കൊക്കാത്തോട് പ്രദേശത്തുനിന്ന് കുടിയേറ്റ കർഷകരെ ഒഴിപ്പിക്കുന്ന വനംവകുപ്പ് നടപടികള്‍ക്ക് എതിരെ ആണ് ജനകീയ കൂട്ടായ്മ .
അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ള കൊക്കാത്തോട് ,വയക്കര , നെല്ലിക്കാപ്പാറ മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ കുടുംബത്തിലെ പുതിയ തലമുറകള്‍ക്ക് വനാന്തര ഗ്രാമമായ കൊക്കാതോട്ടില്‍ കഴിയാന്‍ ഇഷ്ടം അല്ല . ഗ്രാമത്തിന് വെളിയിലും അന്യ സംസ്ഥാനത്തും പോയി പഠിച്ചവരും ജോലി ചെയ്യുന്നവരും കൊക്കാതോട്ടില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല .
കോന്നിയില്‍ നിന്നും അനേക കിലോമീറ്ററുകള്‍ ഉള്ള കൊക്കാതോട്ടില്‍ ജീവിത സാഹചര്യം ഇപ്പോഴും അന്യമാണ് എന്നാണ് പുതു തലമുറ പറയുന്നത് . കൊക്കാതോട്ടില്‍ നിന്നും പഠനത്തിനു പുറമേ പോയവര്‍ ആ സ്ഥലങ്ങളില്‍ തന്നെ ജോലി നേടി ജീവിത മാര്‍ഗം കെട്ടിപ്പടുത്തു .
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി വനം വകുപ്പ് ആവിഷ്‌കരിച്ചത് . ഭൂമി വനം വകുപ്പിന് വിട്ടു നല്‍കി നഷ്ട പരിഹാരം വാങ്ങുന്നവരുടെ എണ്ണം കൂടി . നിരവധി കുടുംബം പദ്ധതിപ്രകാരം അവരുടെ ഭൂമി വിട്ട് നൽകാമെന്ന് വനപാലകർക്ക് കഴിഞ്ഞ വര്‍ഷം തന്നെ സമ്മതപത്രം നൽകി. 16 കുടുംബത്തിന് ആദ്യഗഡു തുക ലഭിച്ചു.
അഞ്ചുസെന്റ് മുതൽ രണ്ടരയേക്കർവരെയുള്ള ഭൂമിക്ക് ഒരുയൂണിറ്റിന് 15ലക്ഷം രൂപ വരെയാണ് വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നത്.ഗൃഹനാഥന് പുറമേ പ്രായപൂർത്തിയായ പുരുഷനെയും സ്ത്രീയെയും ഓരോ യൂണിറ്റായി കാണും.അപ്പോള്‍ തുകയും കൂടും . ഇങ്ങനെ ലഭിക്കുന്ന തുക കൊണ്ട് കൊക്കാതോടിന് വെളിയില്‍ കുറച്ചു ഭൂമി വാങ്ങി വീട് വെച്ചു വരുന്നു .
കോന്നിയില്‍ ഭൂമിയും വീടും തിരക്കി അനേക ആളുകള്‍ ആണ് നിത്യവും അന്വേഷണം നടത്തുന്നത് എന്ന് കോന്നിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ പറഞ്ഞു . ചിലര്‍ ഇതിനോടകം ഭൂമിയും ചിലര്‍ വീടോട് കൂടിയ ഭൂമിയും വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചു . ചിലര്‍ വീട് വാങ്ങി . റോഡ്, ബസ് സർവീസ്, വൈദ്യുതി ഇതെല്ലാം കൊക്കാത്തോട്ടില്‍ ഉണ്ട് എങ്കിലും പുതു തലമുറകള്‍ക്ക് ഇവിടെ ജീവിക്കാന്‍ ഉള്ള മനസ്സ് ഇല്ലെന്നു ആണ് പറയുന്നത് .
നഗരങ്ങളില്‍ പഠിച്ചവര്‍ ,ജോലി നോക്കുന്നവര്‍ എല്ലാം തന്നെ നഗരങ്ങളില്‍ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് . കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് താമസിക്കാന്‍ ആളുകള്‍ പോകുന്നതോടെ ഈ ഗ്രാമം തീര്‍ത്തും ഒറ്റപ്പെടും . ഇത് നിയന്ത്രിയ്ക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂട്ടായ്മയുടെ യോഗം നടക്കുന്നത് .
കൊക്കാത്തോട് നിന്നും യുവ ജനത കൂട്ടമായി പോയാല്‍ വാര്‍ഡുകളിലെ വോട്ടിംഗ് നിലയും പരുങ്ങലിലാകും എന്ന് മുന്‍കൂട്ടി കണ്ടറിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആശങ്കയിലും ആണ് .
ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്തു അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് ഇന്ന് കാണുന്ന കൊക്കാത്തോട് ഗ്രാമം . പലരും ഭൂമി നേരത്തെ തന്നെ പലര്‍ക്കും കൈമാറി.തൃശൂര്‍ അടക്കമുള്ള ജില്ലകളിലെ ആളുകള്‍ ഇവിടെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ട് .
തീര്‍ത്തും ഒറ്റപ്പെട്ടു കിടന്ന കൊക്കാതോടിനെ പുറം ലോകവുമായി ബന്ധിച്ചത് കല്ലേലി പാലമാണ് .വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ കരസേനയിൽ നിന്നും പിരിഞ്ഞു പോന്ന 33 സൈനികർക്ക് അധിവസിക്കാൻ അഞ്ചേക്കർ ഭൂമി വീതം ഭാരതസർക്കാർ പതിച്ചു നൽകിയതിനെത്തുടർന്നാണ് ഈ മേഖലയിൽ ആധുനികജനവാസം ആരംഭിക്കുന്നത്.
യുവ ജനത കൂട്ടമായി കൊക്കാതോടിനെ ഉപേക്ഷിച്ചാല്‍ ഒരു കുടിയേറ്റ കാര്‍ഷിക ഗ്രാമം തന്നെ രേഖകളില്‍ മാത്രമാകും .
എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന നിലയിൽ ഏറെനാൾ പുതു തലമുറകള്‍ പിടിച്ചുനിന്നു. ആധുനിക വികസനം ഒന്നും ഇത്രനാളും കഴിഞ്ഞിട്ടും കൊക്കാതോട്ടില്‍ എത്തിയില്ല . മൊബൈല്‍ കവറേജ് പോലും കൃത്യമായി ലഭിക്കുന്നില്ല .
തലയെണ്ണി വോട്ടു തേടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ കൊക്കാത്തോട് വികസനത്തിന് വേണ്ടി ഒരു സമരവും നടത്തിയില്ല . സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതലും കോന്നിയില്‍ തന്നെ . സഹകരണ സൊസൈറ്റിയുടെ ബ്രാഞ്ച് മാത്രം ആണ് ബാങ്ക് ഇടപാടുകള്‍ക്ക് ഉള്ളത് . എസ് ബി ഐ ഏറെ ദൂരെ ഉള്ള അരുവാപ്പുലത്തും ആണ് . വന്യ മൃഗങ്ങളോട് മല്ലിട്ട് കൃഷി ചെയ്തു ജീവിക്കാന്‍ പുതു തലമുറ ഒരുക്കം അല്ല . ഇതൊക്കെ ആണ് ഈ ഗ്രാമത്തില്‍ നിന്നും വിട്ടു പോകാന്‍ കാരണം .
ഒരു പ്രാഥമിക ആശുപത്രിയും ഒരു സ്കൂളും വെച്ചു വികസനം സാദ്ധ്യമായെന്നു ഇത്ര നാളും പറഞ്ഞു . ഇനി വരുമെന്ന് പറയുന്ന വികസനം സ്വപ്നം കണ്ടു കൊണ്ടു ജീവിതം നശിപ്പിക്കാന്‍ ഇല്ലെന്നു പുതു തലമുറകള്‍ പറയുന്നു . ടൂറിസം വികസനത്തിന് ഉള്ള കൊക്കാത്തോട് കാട്ടാത്തി പാറ പോലും പദ്ധതിയില്‍ നിന്നും പുറത്തു പോയി . കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കൊക്കാതോട്ടില്‍ വരുകയും വന്യ മൃഗ ശല്യങ്ങള്‍ക്ക് കുറവ് വരുത്താനും കഴിഞ്ഞാല്‍ നിലവില്‍ ഉള്ള ജനം എങ്കിലും ഇവിടം ഉപേക്ഷിച്ചു പോകാതെ ഇരിക്കും .
കോന്നിയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും കഴിഞ്ഞ പത്തു വര്‍ഷമായികൂടുതല്‍ ആളുകള്‍ നാട് ഉപേക്ഷിച്ചു പോകുന്നു എങ്കിലും ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് പഠനം നടത്തുവാന്‍ പോലും ഉള്ള സര്‍ക്കാര്‍ സംവിധാനം ഇല്ല .