
konnivartha.com: ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി.
അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിലൂടെ വിവിധ ഘട്ടങ്ങളിലായി നിയമവശം പരിശോധിച്ച് നൂലാമാലകള്‍ പരിഹരിച്ചു.
ബോധപൂര്‍വമായി ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. കയ്യേറ്റം ഒഴിപ്പിച്ച് സാധാരണക്കാര്‍ക്ക് ഭൂമി നല്‍കും. പട്ടയഅര്‍ഹതയുടെ വരുമാന പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തും. ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഭൂമിയുടെ ഉടമസ്ഥത പരിശോധിച്ച് അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഓരോ കുടംബത്തിനും ഡിജിറ്റല്‍ റവന്യു കാര്‍ഡ് നല്‍കും. ഒരു വ്യക്തിയുടെ പേരില്‍ ഭൂമി, നികുതി, കെട്ടിട വിവരം, ഭൂമിയുടെ തരം തുടങ്ങിയ എല്ലാ വിവരവും ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് രൂപത്തില്‍ ലഭ്യമാക്കും. ഓരോ കുടുംബവുമായി ബന്ധപ്പെട്ട വിവരം ഉള്‍പ്പെടുത്തി ഡിജി ലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തും. പട്ടയ മിഷന്‍ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.
അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഏറെ മുന്‍പന്തിയിലാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചുവപ്പുനാടയില്‍ കുടുങ്ങിയ ഫയലുകളില്‍ തീരുമാനമുണ്ടാക്കി. റവന്യു, വനം അടക്കം വിവിധ വകുപ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വനനിയമത്തിലൂടെ കോന്നി, റാന്നി മേഖലയിലുള്ള മലമ്പണ്ടാര കുടുംബങ്ങളിലുള്ളവര്‍ക്ക് പട്ടയം ലഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും റവന്യു അസംബ്ലി സംഘടിപ്പിച്ചു. ജില്ലാതല പട്ടയ സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
സ്വന്തമായി ഭൂമിയില്ലാത്ത ഒരാള്‍ പോലും സമൂഹത്തില്‍ ഉണ്ടാകരുത്. നവംബര്‍ ഒന്നിന് അതിദരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. എല്ലാവര്‍ക്കും ഭൂമിയടക്കം ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഈ ലക്ഷ്യത്തിലെത്തുന്നത്. റവന്യു വകുപ്പിന്റെ ഇടപെടലും പ്രശംസനീയം. ഡിജിറ്റല്‍ കാര്‍ഡ്, ഡിജിറ്റല്‍ സര്‍വേ ഉള്‍പ്പെടെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും സങ്കീര്‍ണമായ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
49 വനാവകാശരേഖ ഉള്‍പ്പെടെ 268 പട്ടയമാണ് വിതരണം ചെയ്തത്. കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24) എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
പട്ടയഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ട തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്ക് പട്ടയം ലഭിച്ചു. മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങള്‍ പട്ടയം ഏറ്റുവാങ്ങി. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി ഇവര്‍ക്ക് ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് എ നജീം, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തിരിപ്പിന് വിരാമം, തെറ്റുപാറ നിവാസികള്‍ക്ക് പട്ടയം
പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് പുല്ലാട് കോയിപ്രം പഞ്ചായത്തിലെ തെറ്റുപാറ നിവാസികള്‍. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് തെറ്റുപാറയിലെ 10 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി.
റ്റി എന്‍ മിനി, റ്റി ആര്‍ രഘു, കറുമ്പന്‍ നാണു, കെ ബി പുരുഷോത്തമന്‍, റ്റി കെ സുരേന്ദ്രന്‍, കുഞ്ഞമ്മ കുഞ്ഞൂഞ്ഞ്, തങ്കമ്മ ജോയ്, റ്റി ആര്‍ ഗോപി, ശാന്തമ്മ, തങ്ക കേശവന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വായ്പയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. 1997 ല്‍ കോയിപ്രം പഞ്ചായത്ത് കൈവശ രേഖ നല്‍കിയിരുന്നുവെങ്കിലും തെറ്റുപാറ- മണ്ണില്‍പ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ ആണെന്ന കാരണത്താല്‍ പട്ടയം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മന്ത്രി വീണാ ജോര്‍ജിന്റെയും മറ്റു ജനപ്രതിനിധികളുടെയും ശ്രമഫലമായാണ് പട്ടയം ലഭ്യമാക്കിയത്. ജനിച്ചു വളര്‍ന്ന ഭൂമി സ്വന്തമാക്കിയ സന്തോഷത്തിലാണ് നിവാസികള്‍.
ആശങ്ക ഒഴിഞ്ഞു; കലേശന് ഭൂമി സ്വന്തം
ആശങ്കയ്ക്കൊടുവില്‍ തല ചായ്ച്ചുറങ്ങുന്ന ഭൂമി സ്വന്തമായ സന്തോഷത്തിലാണ്
കുളനട മാന്തുക സ്വദേശി കലേശന്‍. 30 വര്‍ഷത്തെ കലേശന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള സാക്ഷ്യം വഹിച്ചു. ജില്ലാതല പട്ടയമേളയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കലേശന് പട്ടയം കൈമാറി.
വസ്തുവിന്റെ രേഖ സംബന്ധിച്ച് വിഷയം റാന്നി പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ ആര്‍ രാജനോട് നേരിട്ട് ബോധ്യപ്പെടുത്തി. സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് വേഗത്തില്‍ പട്ടയം നേടാനായതെന്ന് കലേശന്‍ പറഞ്ഞു.
നാലു സെന്റ് വസ്തുവിന്റെ അവകാശരേഖയാണ് കലേശന് ലഭിച്ചത്. രണ്ടര വയസില്‍ പോളിയോ ബാധിച്ച കലേശന്റെ ഉപജീവനമാര്‍ഗം ഭാഗവത പാരായണമാണ്. ഭാര്യ മിനി തൊഴിലുറപ്പ് തൊഴിലാളിയാണ്. കെട്ടുറപ്പുള്ള വീടെന്ന സ്വപ്നമാണ് ഇനി ബാക്കിയുള്ളത്. കെ വിഷ്ണു, കെ വിനീത് എന്നിവര്‍ മക്കള്‍.
വിജീഷിന് സ്വപ്നസാഫല്യം
അതിദാരിദ്ര പട്ടികയില്‍ നിന്ന് ജില്ലയില്‍ ആദ്യമായി റവന്യൂ ഭൂമി സ്വന്തമാക്കി റാന്നി സ്വദേശി വിജീഷ്. റാന്നി താലൂക്കില്‍ ചേത്തയ്ക്കല്‍ വില്ലേജില്‍ സ്രാമ്പിക്കലില്‍ വിജീഷിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പട്ടയം കൈമാറി. റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ മൂന്ന് സെന്റ് സര്‍ക്കാര്‍ ഭൂമി വിജീഷിന് സ്വന്തമായി. പഞ്ചായത്തിലൂടെ വീടും ഇനി ലഭിക്കും.
ഇരുപതു വര്‍ഷം മുമ്പ് വീടിന് തീ പിടിച്ച് വിജീഷിന്റെ മാതാപിതാക്കള്‍ മരിച്ചിരുന്നു. മാതാവിന്റെ ബന്ധുക്കളോടൊപ്പം വെച്ചൂച്ചിറയിലാണ് വിജീഷും സഹോദരനും താമസിക്കുന്നത്.
കൈതക്കര കോളനി നിവാസികള്‍ക്ക് പട്ടയം
നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അന്തിയുറങ്ങുന്ന കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കൈതക്കര കോളനി നിവാസികള്‍. 10 കുടുംബങ്ങള്‍ക്കാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്.
കോന്നി താലൂക്കിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ശിവന്‍കുട്ടി, കൃഷ്ണന്‍കുട്ടി, രഘുരാമന്‍, എം എന്‍ ബിന്ദു, കെ ആര്‍ അനില്‍, പി കെ രാജമ്മ, പി പി ബാലന്‍, രമ കൃഷ്ണന്‍കുട്ടി, ഓമന, ദേവകി കൃഷണന്‍കുട്ടി എന്നിവര്‍ക്കാണ് നാല് സെന്റ് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. സാങ്കേതിക തടസം നീക്കി അവകാശി ഇല്ലാത്ത ഭൂമി ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാക്കിയാണ് വിതരണം ചെയ്തത്.
ഭൂമിയുടെ അവകാശികളായി ആല്‍ബര്‍ട്ടും തങ്ക കേശവനും
കഷ്ടപ്പാടുകള്‍ക്കിടയിലും ചേര്‍ത്തുപിടിച്ച വീടും സ്ഥലവും സ്വന്തമായ സന്തോഷത്തിലാണ് കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി നെല്ലിക്കാലയില്‍ ആല്‍ബര്‍ട്ടും കുടുംബവും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആല്‍ബര്‍ട്ട് ഭൂമിയുടെ അവകാശരേഖ സ്വന്തമാക്കി. കാല്‍ നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിലാണ് ഭൂമിക്ക് അവകാശ രേഖ ലഭിച്ചത്.മകനും കുടുംബത്തിനൊപ്പമാണ് ആല്‍ബര്‍ട്ടിന്റെ താമസം.
സ്വന്തമായി ഭൂമിയെന്ന കാത്തിരിപ്പ് 58 വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് പുല്ലാട് തെറ്റുപാറ കോളനിയിലെ തങ്ക കേശവന്‍. പ്രായത്തിന്റെ അവശത വക വയ്ക്കാതെയാണ് തങ്ക പട്ടയവിതരണ മേളയില്‍ എത്തിയത്. ആരോഗ്യ വകുപ്പ് മന്തി വീണാ ജോര്‍ജില്‍ നിന്നുമാണ് ഭൂമിയുടെ അവകാശ രേഖ വാങ്ങിയത്. കൈവശമുള്ള മൂന്ന് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയം കൈയില്‍ കിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെയാണ് തങ്ക കേശവന്‍ മടങ്ങിയത്.
മനം നിറഞ്ഞ് വനമക്കള്‍
മണ്ണിന്റെ ഉടമകളായ സന്തോഷത്തില്‍ റാന്നി മഞ്ഞത്തോടിലെ വനമക്കള്‍. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ ജില്ലയിലെ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പട്ടയം കൈമാറി. പമ്പ ത്രിവേണി, ചാലക്കയം എന്നിവിടങ്ങളിലെ ഉന്നതികളിലെ 17 കുടുംബങ്ങളാണ് വനവകാശ നിയമപ്രകാരം ഭൂമിക്ക് ഉടമകളായത്.
ചാലക്കയം ഉന്നതിയിലെ ഭാസ്‌കരന്‍, അന്നമ്മ, പാര്‍വതി, ഓമന കുഞ്ഞുപിള്ള, ശരണ്യ ഹരീഷ്, കല്യാണി, പൊന്നന്‍, തനു, കുഞ്ഞുമോള്‍, രാജമ്മ കുഞ്ഞുപിള്ള, ശകുന്തള, ഭവാനി, കൊച്ചു പെണ്ണ്, വിജില, റെജി ശരണ്യ, തങ്കമ്മ രാജന്‍, മിനി രാജന്‍ എന്നിവര്‍ക്കാണ് ഭൂമി ലഭിച്ചത്. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമിവീതം ലഭിക്കും. മഞ്ഞത്തോട് മേഖലയിലെ 37 പേരില്‍ 20 പേര്‍ക്ക് 2023 ല്‍ ഭൂമി ലഭിച്ചിരുന്നു.