മോട്ടോർ വാഹന വകുപ്പില്‍ വ്യാപക പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി

Spread the love

 

 

konnivartha.com: ഓപ്പറേഷൻ “ക്ലീൻ വീൽസ്”- സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി.

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി./എസ്.ആർ.ടി ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ആകെ 81 ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി.

 

മിന്നൽ പരിശോധനയിൽ, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനായി എത്തിയ 11 ഏജന്റുമാരിൽ നിന്ന് ₹1,40,760/- പിടിച്ചെടുക്കുകയും. കൂടാതെ, നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്ന്, വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയിൽ ₹49,300/- രൂപ യും, വൈക്കം സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജനലിൽ പണം ഒളിപ്പിച്ച് വച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതിൽ 21 ഉദ്യോഗസ്ഥർ വിവിധ ഏജന്റുമാരിൽ നിന്ന് ആകെ ₹7,84,598/- രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി.

മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി/എസ്.ആർ.ടി ഓഫീസുകളിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും, പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടി ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും, കൈക്കൂലി വാങ്ങിയെടുക്കുന്നതിനായി അപേക്ഷകളിൽ തീരുമാനം എടുക്കാതെ മനഃപ്പൂർവ്വം കാലതാമസം വരുത്തുന്നതായും, ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും, കൂടാതെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ ക്ലറിക്കൽ ഉദ്യോഗസ്ഥരും, മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിവരം ലഭിച്ചിരുന്നു. ഇത് കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ, ഉദ്യോഗസ്ഥർ വേണ്ട വിധത്തിലുള്ള പരിശോധനകൾ നടത്താതെയും, ചട്ടപ്രകാരം വാഹനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താതെയും ഏജന്റുമാർ മുഖേനെ കൈക്കൂലി വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, തിരുവനന്തപുരം ആർ.ടി.ഒ യിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം 16,400/- രൂപ ഏജന്റുമാരിൽ നിന്നും കൈപ്പറ്റിയതായും, വർക്കല സബ് ആർ.ടി.ഒ യിലെ രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾ പേ മുഖാന്തിരം 82,203 രൂപ ഏജന്റുമാരിൽ നിന്നു കൈപ്പറ്റിയതായും കണ്ടെത്തി.തിരുവല്ല എസ്.ആർ.ടി.ഒ യിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 4000/- രൂപയുമായി പിടിക്കപ്പെടുകയും, ഇതേ ഏജന്റ് ഒരു ഉദ്യോഗസ്ഥക്ക് 2500/- രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കാണപ്പെട്ടു.

ചേർത്തല എസ്.ആർ.ടി.ഒ യിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 10000/- രൂപയുമായി പിടിക്കപ്പെടുകയും, ഒരു ഉദ്യോഗസ്ഥന് ഇതേ ഏജന്റ് 1500/- രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കാണപ്പെട്ടു.

പാല സബ്. ആർ.ടി.ഒ യിലെ പരിശോധനയിൽ, ഏജന്റുമാർ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായെന്നുള്ള വിലക്ക് ലംഘിച്ച് ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥരോടൊപ്പം കാണപ്പെട്ട 2 ഏജന്റുമാരെ വിജിലൻസ് പിടികൂടി.

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ എസ്.ആർ.ടി.ഒ യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി എത്തിച്ച 16,000/- രൂപയുമായി 1 ഏജന്റിനെയും ഉടുമ്പൻചോല എസ്.ആർ.ടി.ഒ യിൽ നിന്നും 66,630/- രൂപയുമായി മറ്റൊരും ഏജന്റിനെയും വിജിലൻസ് പിടികൂടി.

എറണാകുളം ആർ.ടി.ഒ യിലെ ഒരു ഉദ്യോഗസ്ഥൻ ഏജന്റുമായി 71,500/- രുപയുടെ പണമിടപാട് നടത്തിയതായും, ഗുരുവായൂർ എസ്.ആർ.ടി.ഒ യിൽ ഒരു ഏജന്റിനെ 2240/- രൂപയുമായും മിന്നൽ പരിശോധനയിൽ കണ്ടെത്തി. മലപ്പുറം ആർ.ടി.ഒ യിലെ പരിശോധനയിൽ 2 ഏജന്റുമാരെ 7120/- രൂപയുമായി വിജിലൻസ് പിടികൂടി.

നിലമ്പൂർ എസ്.ആർ.ടി.ഒ യിലെ മിന്നൽ പരിശോധനയിൽ ഒരു ഏജന്റിനെ 4500/- രൂപയുമായും, രണ്ട് ഉദ്യോഗസ്ഥർ, ഏജന്റുമാരിൽ നിന്നായി 42,743/- രൂപ കൈപ്പറ്റിയതായും, 49300 രൂപ ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.

തിരൂരങ്ങാടി എസ്.ആർ.ടി.ഒ യിൽ നടത്തിയ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ ഏജന്റിന്റെ പക്കൽ നിന്നും 40000/- രൂപ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. കൊടുവള്ളി എസ്.ആർ.ടി.ഒ യിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരുമായി 2,15,295/- രൂപയുടെ ഗുഗിൾപേ മുഖാന്തിരം ഉള്ള പണിടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി. വടകര ആർ.ടി.ഒ യിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കണ്ടുവന്ന 9250/- രുപ ഒരു ഏജന്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു.

വയനാട് ജില്ലയിലെ കല്പറ്റ ആർ.ടി.ഒ യിൽ രണ്ട് ഉദ്യോഗസ്ഥർ ഏജന്റുമാരുമായി 35800/- രൂപയുടെ ഗൂഗിൾപേ ഇടപാടുകളും, സുൽത്താൻ ബത്തേരി ആർ.ടി.ഒ യിൽ ഒരു ഉദ്യോഗസ്ഥന് ഏജന്റ് 6000/- ഗൂഗിൾ പേയിൽ അയച്ച് നൽകിയതും. കാസർഗോഡ് ആർ.ടി ഒയിൽ നടത്തിയ പരിശോധനയിൽ രണ്ട് ഏജന്റുമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കെണ്ടുവന്ന 21020/- രൂപയുമായി പിടികൂടുകയും, വെള്ളരികുണ്ട് സബ് ആർ.ടി.ഒ യിൽ ഏജന്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 266,300/- രൂപ ഗൂഗിൾപേ മുഖാന്തിരം അയച്ച് നൽകിയതായും കണ്ടെത്തി.

മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

error: Content is protected !!