ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 )

Spread the love

 

ആലപ്പുഴ ജില്ലയില്‍ നാളെ( ജൂലൈ 23 ) പൊതു അവധി

konnivartha.com: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ബഹു.ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ജില്ലയിൽ പ്രവേശിക്കുമ്പോൾ ആദരവ് നൽകും.
തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് സ്വീകരിക്കുക.

തുടർന്ന് കെ.പി.എ.സി, ജി.ഡി.എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ആദരവർപ്പിക്കാം. തുടർന്ന് വിഎസിന്റെ വീട്ടിലേക്ക് ഭൗതിക ശരീരം എത്തിക്കും.

വിഎസിന് യാത്രാമൊഴി :വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും.
ബുധനാഴ്ച രാവിലെ ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും.
ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും.

വി എസിന് യാത്രാമൊഴി:മെഡിക്കൽ സംഘത്തെ നിയോഗിച്ചു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചു.
വിലാപയാത്ര ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ ഓഫീസർ, നേഴ്സിങ് ഓഫീസർ, നേഴ്സിങ് അസിസ്റ്റൻ്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ സഹിതം അനുഗമിക്കും.

വിലാപയാത്രയിലും തുടർന്ന് വി.എസിന്റെ പുന്നപ്രയിലെ വസതിയിലും ഡ്രൈവറടക്കം ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ (ജൂലൈ 23ന്) വിലാപയാത്രയിലും പൊതുദർശന വേളയിലും സംസ്കാര ചടങ്ങുകളിലും മെഡിക്കൽ സംഘത്തിൻ്റെയും ആംബുലൻസിൻ്റെയും സേവനമുണ്ടാകും.

അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, യു.എച്ച്.ടി.സി അമ്പലപ്പുഴ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൃഷണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി സി.എച്ച്.സി തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഇന്നും ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി ഹരിപ്പാട് താലൂക്ക് ആശുപത്രി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാളെയും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ വി.ഐ.പി ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുണ്ട്.

വി.എസിന് യാത്രാമൊഴി 

നാളെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാരം നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ (23) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ചേർത്തല ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതും അമ്പലപ്പുഴ ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്കും പോകേണ്ടതാണ്.

 

error: Content is protected !!