
konnivartha.com: കോന്നിയില്‍ ഇന്ന് വെളുപ്പിനെയും വൈകിട്ടും ഉണ്ടായ ശക്തമായ കാറ്റില്‍ പലഭാഗത്തും നാശനഷ്ടം ഉണ്ടായി . മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകളും പോസ്റ്റും തകര്‍ന്നു . അരുവാപ്പുലം പടപ്പക്കല്‍ ഭാഗത്ത് വീടിനു മുകളില്‍ മരം വീണു വീടിനു നാശനഷ്ടം ഉണ്ടായി . കോന്നിയില്‍ കെട്ടിട മുകളില്‍ വെച്ച ഫ്ലെക്സ് റോഡില്‍ വീണു . യാത്രികരോ വാഹനമോ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി .
ഇന്ന് വെളുപ്പിനെ ഉണ്ടായ കാറ്റില്‍ പല ഭാഗത്തും കൃഷിയ്ക്ക് നാശനഷ്ടം ഉണ്ടായി . വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു റോഡിന് കുറുകെ വീണു . അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചു മാറ്റണം എന്നുള്ള പഞ്ചായത്ത് അറിയിപ്പുകളും നിര്‍ദേശങ്ങളും ആരും പാലിച്ചിട്ടില്ല .
റോഡിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ കോന്നി അഗ്നി ശമന വിഭാഗം എത്തി മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗത നീക്കം സുഗമമാക്കും .എന്നാല്‍ അപകടം ഉണ്ടാക്കിയ മരങ്ങളുടെ ഉടമകള്‍ക്ക് നിലവില്‍ പഞ്ചായത്ത് ഒരു നോട്ടീസ് പോലും നല്‍കാറില്ല .
ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടിക്കടി അറിയിപ്പുകള്‍ നല്‍കുന്നു എങ്കിലും അറിയിപ്പുകള്‍ ഗൌരവത്തോടെ ആരും എടുക്കുന്നില്ല . റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അനേക മരങ്ങള്‍ കോന്നി മേഖലയില്‍ ഉണ്ട് . അപകടാവസ്ഥയില്‍ റോഡില്‍ നില്‍ക്കുന്ന മരങ്ങള്‍ അരുവാപ്പുലം പഞ്ചായത്ത് ഏതാനും ദിവസമായി നീക്കം ചെയ്തു വരുന്നു . ഇക്കാര്യത്തില്‍ അരുവാപ്പുലം പഞ്ചായത്ത് ആണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത് . കോന്നിയില്‍ അത്തരം പ്രവര്‍ത്തികള്‍ ഒന്നും നടന്നില്ല .
കോന്നിയിലെ ബഹുനില കെട്ടിട മുകളില്‍ അപകടാവസ്ഥയില്‍ ഉള്ള വലിയ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം എന്ന് നാട്ടുകാര്‍ പലപ്രാവശ്യം ആവശ്യം ഉന്നയിച്ചു എങ്കിലും പഞ്ചായത്ത് ഇതൊന്നും നടപടികളിലേക്ക് കൊണ്ട് വന്നില്ല . കോന്നി ടൌണില്‍ വലിയ ഫ്ലെക്സ് അപകടാവസ്ഥയില്‍ ഉണ്ട് .