പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/07/2025 )

Spread the love

 

തദ്ദേശതിരഞ്ഞെടുപ്പ് :   വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ് കേരള

തദ്ദേശപൊതുതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പു പ്രക്രിയകളില്‍  അവബോധമുണ്ടാക്കുകയാണ്  ലീപ് കേരളയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യമായാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാതല സമിതി രൂപീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമം, ലോകസഭ-നിയമസഭ തിരഞ്ഞെടുപ്പും വോട്ടര്‍പട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടര്‍പട്ടികയ്ക്കുമുള്ള വ്യത്യാസം തുടങ്ങിയവയ്ക്ക് വ്യാപക പ്രചാരണം ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നു.

കോളജ് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലീപ് കേരളയുടെ ഉദ്ദേശ്യം. ലീപ് കേരളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഏകദിന ശില്‍പശാല സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്നു .

പത്രക്കുറിപ്പുകള്‍ക്കു പുറമേ സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവ വോട്ടര്‍ബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കും. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരും വോട്ടു ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ് കേരളയുടെ മുദ്രാവാക്യം. ലീപ് കേരള പ്രചാരണ പരിപാടിക്കായി ആകര്‍ഷകമായ ലോഗോയും പ്രസിദ്ധീകരിച്ചു.


ഏകദിന പരിശീലനം നടന്നു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര ഓഫീസര്‍മാര്‍ക്കുളള ഏകദിന പരിശീലനം നടന്നു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മീഷണര്‍ ഡോ. പി.റ്റി ബാബുരാജ് അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ.  ഷംലാ ബീഗം, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ കെ.വി ആശമോള്‍ എന്നിവര്‍ പങ്കെടുത്തു.


സീറ്റ് ഒഴിവ്

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍സിവിടി  സ്‌കീം പ്രകാരം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി, ഫീസ് സഹിതം പ്രവേശനം നേടണം. പ്രായപരിധി ഇല്ല.  ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.


ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ വിവിധ എന്‍സിവിടി അംഗീകൃത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് രണ്ട്. ഫോണ്‍ : 0479 2457496, 9747454553.


ടെന്‍ഡര്‍

കോന്നി ഐസിഡിഎസ് പ്രോജക്ടിലെ 95 അങ്കണവാടികളില്‍ പോഷകാഹാര പദ്ധതി പ്രകാരം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍:  0468-2334110, 9447161577, ഇമെയില്‍- [email protected].


ടെന്‍ഡര്‍

കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 107 അങ്കണവാടികളില്‍  പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 04682333037, 9447161577.  ഇ മെയില്‍:
[email protected]


റീ-ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകള്‍ പരിഹരിച്ച് ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് പുതുക്കി ഉറപ്പിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ഓഗസ്റ്റ് 16. ഫോണ്‍: 0469 2602494.


ക്ഷീരകര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ വിഷയത്തില്‍ ജൂലൈ 29, 30 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍: 8304948553, 9496332048, 04734 299869, 9447305100.

സീറ്റ് ഒഴിവ്

റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിലേക്ക് ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ : 04735 296090.


അഭിമുഖം ജൂലൈ 30 ന്

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പരിചരണ യൂണിറ്റിലേക്ക് എംപിറ്റി ബിപിറ്റി യോഗ്യതയുളള പരിചയസമ്പന്നരായവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അസല്‍രേഖകളുമായി ജൂലൈ 30 ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 252029.


സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍,  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ 28ന് റഗുലര്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റഗുലര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. നിലവില്‍ ഏതെങ്കിലും പോളിടെക്‌നിക്ക് കോളജില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. വെബ്‌സൈറ്റ്: www.polyadmission.org. ഫോണ്‍: 0469 2650228.


വിദ്യാജ്യോതി പദ്ധതി

സര്‍ക്കാര്‍/എയ്ഡഡ് /മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിലധികമോ  ഭിന്നശേഷിയുള്ള ഒന്‍പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലുള്ള ബില്ല് സഹിതം സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 31.  ഫോണ്‍: 04682325168.


മാതൃജ്യോതി പദ്ധതി

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  60 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് സുനീതി പോര്‍ട്ടല്‍ www.suneethi.sjd.kerala മുഖേന അപേക്ഷിക്കാം. കുഞ്ഞിന് രണ്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ ധനസഹായം 2000 രൂപ ക്രമത്തില്‍ ലഭിക്കും. കുഞ്ഞു ജനിച്ച് ആറു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.


അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അടൂര്‍ ഐഎച്ച് ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29 രാവിലെ 10 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്‌സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.

 

 

കുട്ടികളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയെ അങ്കണവാടികള്‍ സഹായിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും  സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍  ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍  കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പ്രവര്‍ത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സാമൂഹികമ വളര്‍ച്ചയെ സഹായിക്കാന്‍ രൂപീകരിച്ചതാണ് സ്മാര്‍ട്ട്  അങ്കണവാടികള്‍.
സംസ്ഥാനത്തെ അങ്കണവാടികളിലെ പാല്‍, മുട്ട, ബിരിയാണി  ഭക്ഷണ പരിഷ്‌കാരവും, കുഞ്ഞൂസ് കാര്‍ഡ് പദ്ധതിയും രാജ്യം സ്വീകരിക്കുന്ന മാതൃകകളാണ്. രണ്ടുവര്‍ഷം മുമ്പ്  സംസ്ഥാന ബജറ്റിലൂടെ 64 കോടി രൂപ അനുവദിച്ചാണ് ഭക്ഷണ മെനു ആരംഭിച്ചത്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലെയും ശാരീരികവും ഭൗതികവും മാനസികവുമായ കാര്യങ്ങള്‍ കുഞ്ഞൂസ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്ത്രീകളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകള്‍ നിരവധി പദ്ധതി നടപ്പാക്കുന്നു. സംരംഭകത്വ വികസനത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ സ്ത്രീകളുടെ ശാക്തീകരണമാണ് ലക്ഷ്യം. കലഞ്ഞൂര്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

നാടിന്റെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അധ്യക്ഷനായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും വിവിധ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.

അങ്കണവാടിക്കായി സ്ഥലം നല്‍കിയ 15-ാം വാര്‍ഡ് പറയുംകോട്  അംബിക സദനത്തില്‍ രാമചന്ദ്രന്‍ പിള്ളയെ ചടങ്ങില്‍ മന്തി വീണാ ജോര്‍ജ് ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് സി.ഡി.പി.ഒ അലിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബീനപ്രഭ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.വി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാര്‍, സുജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാന്‍ ഹുസൈന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


മഴക്കെടുതി: 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17,  കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്. കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) മരണമടഞ്ഞിരുന്നു. തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.


ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് ക്യാമ്പുകള്‍. ഏഴ് കുടുംബങ്ങളിലായി ഏഴ് പുരുഷന്‍മാരും 11 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടെ 27 പേര്‍ ക്യാമ്പിലുണ്ട്.


സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം

ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
ഉടമ സ്വമേധയാ മരം മുറിച്ച് മാറ്റുകയോ ശിഖരങ്ങള്‍ നീക്കം ചെയ്തോ അപകടം ഒഴിവാക്കണം. സ്വകാര്യ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നത് സംബന്ധിച്ച് ലഭിച്ച എല്ലാ അപേക്ഷകളിലും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണം.
പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ / മുന്‍സിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം നോട്ടിസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത ഉടമകളുടെ മരങ്ങള്‍ തദ്ദേശഭരണ സ്ഥാപനം മുറിച്ച് നീക്കുകയും ചിലവ് ഉടമയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ചിലവ് തുക അടയ്ക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും.
പൊതു സ്ഥലങ്ങളിലെ അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കും. ഇത്തരത്തില്‍ ലഭിച്ച അപേക്ഷയില്‍ നിമാനുസൃത നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

കാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ‘സ്റ്റോപ് ഡയേറിയ കാമ്പയിന്‍’ ഉദ്ഘാടനം പ്രസിഡന്റ് സി കെ അനു നിര്‍വഹിച്ചു. സംസ്ഥാനത്ത് ഡയേറിയ തടയുന്ന പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് കാമ്പയിന്‍. കാമ്പയിനോടനുബന്ധിച്ച് ‘ഡോക്ടറോട് ചോദിക്കാം’ മുഖാമുഖം പരിപാടിയില്‍ നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ജൂലി ജോര്‍ജും എപ്പിഡമോളജിസ്റ്റ് ഡോ. ധന്യയും ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു തോമ്പുംകുഴി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിജി. ആര്‍. പണിക്കര്‍, സെക്രട്ടറി അനു മാത്യു ജോര്‍ജ്, ജോയിന്റ് ബി.ഡി.ഒ കെ വിനീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ കാമ്പയിന്‍ :ജൂലൈ 31 വരെ കേസുകള്‍ സമര്‍പ്പിക്കാം

ദേശീയ നിയമ സേവന അതോറിറ്റിയും സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍’  കാമ്പയിനില്‍ പരിഗണിക്കുന്നതിന് ജൂലൈ 31 വരെ കേസുകള്‍ സമര്‍പ്പിക്കാം. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ മധ്യസ്ഥതവഴി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി 90 ദിവസത്തെ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് കാമ്പയിന്‍. വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, അപകട നഷ്ടപരിഹാരങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, ചെക്ക്, വാണിജ്യ, ഉപഭോക്തൃ സേവന കേസുകള്‍, ക്രിമിനില്‍ കോമ്പൗണ്ടബിള്‍ കേസുകള്‍, സ്ഥലം ഏറ്റെടുക്കല്‍, അതിര്‍ത്തി കേസുകള്‍ തുടങ്ങിയവ മധ്യസ്ഥതയിലൂടെ പരിഹരിക്കും. ജൂലൈ 31 വരെ മധ്യസ്ഥതയ്ക്കു പറ്റിയ കേസുകള്‍ തിരഞ്ഞെടുക്കുകയും അവ കക്ഷികളെ അറിയിച്ച ശേഷം മധ്യസ്ഥകേന്ദ്രങ്ങളിലേക്ക് കൈമാറും. നേരിട്ട് ഹാജരാകന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഓണ്‍ലൈന്‍ മീഡിയേഷന്‍ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അവധി ദിവസവും മീഡിയേഷന് ഹാജരാകാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ നിയമസേവന അതോറിറ്റിയുമായോ ജില്ലാ കോടതിയിലെ മീഡിയേഷന്‍ സെന്ററുമായോ ബന്ധപ്പെടാം. ഫോണ്‍ : 0468-2220141


അറിയിപ്പ്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍വഹിക്കുന്ന മെറ്റീരിയല്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ടെന്‍ഡര്‍ httsp://tender.lsgkerala.gov.in  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350237.


ഐടിഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ ല്‍ ഒഴിവുള്ള സീറ്റിലേക്ക് രണ്ടാം ഘട്ട അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി, അപേക്ഷാഫീസ് എന്നിവയുമായിഓഗസ്റ്റ്  രണ്ടിന് പകല്‍ മൂന്നിനകം ഐടി ടി ഐ യില്‍ പ്രവേശനം നേടണം. ഫോണ്‍ -04682258710, 9656472471.

ഹരിതം ലഹരിരഹിതം

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതം ലഹരിരഹിതം ‘പരിപാടി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നു. ജൂലൈ 28 രാവിലെ 10 ന് അടൂര്‍ സെന്റ്.സിറിള്‍സ് കോളജില്‍  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  ഉദ്ഘാടനം നിര്‍വഹിക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്‍കും. പ്രകൃതി സംരക്ഷണത്തെകുറിച്ച് കൃഷിവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍  വി.എന്‍ ഷിബു കുമാര്‍  ക്ലാസെടുക്കും.

error: Content is protected !!