പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/07/2025 )

Spread the love

ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി  (ജൂലൈ 29, ചൊവ്വ) ഉദ്ഘാടനം ചെയ്യും

തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ജൂലൈ 29 വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.  രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും.
ക്ഷീരമേഖലയിലെ വ്യവസായ പദ്ധതികള്‍,  ആദായകരമായ പാലുല്‍പാദനം ഗുണമേന്മ വര്‍ധനവിലൂടെ,  ബാങ്ക് വായ്പകളും വ്യവസ്ഥകളും എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റീബാ തങ്കച്ചന്‍ സെമിനാര്‍ മോഡറേറ്ററാകും.
വിവിധ ക്ഷീരോല്‍പന്നങ്ങള്‍, തീറ്റപ്പുല്ലിനങ്ങള്‍, ക്ഷീരമേഖലയിലെ നൂതന യന്ത്രങ്ങള്‍, പാല്‍ ടെസ്റ്റിംഗ് ഉപകരണങ്ങളുടെ പ്രദര്‍ശനവും അഗത്തി, മുരിങ്ങ എന്നിവയുടെ തൈ വിതരണവും ഉണ്ടാകും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ്

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. തിരുവല്ല താലൂക്കില്‍ ഏഴും അടൂരില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 കുടുംബങ്ങളിലായി 114 പുരുഷന്‍മാരും 130 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടെ 312 പേര്‍ ക്യാമ്പിലുണ്ട്. തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മാരാമണ്‍ എംഎംഎഎച്ച്എസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, തുകലശേരി സിഎംഎസ്എച്ച്എസ്എസ്, പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പിഎസ്, ചേരിക്കല്‍ എസ്എന്‍എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.

ഉപഭോക്തൃ ബോധവല്‍ക്കരണ ക്ലാസ്  (ജൂലൈ 29, ചൊവ്വ)

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും  (ജൂലൈ 29, ചൊവ്വ) രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. നിഷാദ് തങ്കപ്പന്‍ എന്നിവര്‍ പങ്കെടുക്കും. അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 10. തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 2325101, 8281114464, 9846033001, വെബ്സൈറ്റ്: www.src.kerala.gov.in

ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍  ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 28. യോഗ്യത : ബി ടെക് സിവില്‍/ കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍. പ്രതിമാസ തുക 10000. പരിശീലനകാലം : ഒരു വര്‍ഷം. അസല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയരേഖകളും ഫോട്ടോ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.

‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതിക്ക് തുടക്കം

ജില്ലാ വനിത ശിശു വികസന ഓഫീസ്  ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എമ്പവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ ശിവ പാര്‍വതി ബാലിക സദനത്തില്‍ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിക്ക് തുടക്കം. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി ആര്‍ ലതാ കുമാരി , ശിവ പാര്‍വതി ബാലിക സദനം  ഓഫീസ് ഇന്‍ ചാര്‍ജ് ടി.കെ ജലജ ,  ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ എം. പൃഥ്വിരാജ്, ഫെഡറല്‍ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് ഗൗതം കൃഷ്ണ , ഡിസ്ട്രിക്റ്റ് മിഷന്‍ കോര്‍ഡിനേറ്റര്‍  എസ് ശുഭശ്രീ, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമാരായ സ്‌നേഹ വാസു രഘു, എ.എം അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു. സാമ്പത്തിക സാക്ഷരത വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

അഭിമുഖം

കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വിഎച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് റ്റി സോഷ്യല്‍ സയന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റ്,  ബയോഡേറ്റ സഹിതം ജൂലൈ 31 രാവിലെ 11ലെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 350548.

കോന്നി താലൂക്ക് വികസന സമിതി യോഗം  ഓഗസ്റ്റ് രണ്ടിന്

കോന്നി താലൂക്ക് വികസന സമിതി യോഗം  ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.


മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു മുതല്‍ 26 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി,  സമയം എന്ന ക്രമത്തില്‍
മുട്ടകോഴി വളര്‍ത്തല്‍, ഓഗസ്റ്റ് ആറ്, ഏഴ് , രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ടര്‍ക്കി കോഴി  വളര്‍ത്തല്‍, ഓഗസ്റ്റ് 12, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
കറവപശു പരിപാലനം, ഓഗസ്റ്റ് 20, 21, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
മുയല്‍ വളര്‍ത്തല്‍, ഓഗസ്റ്റ് 26, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0469 2965535.

‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു

കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു. അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാനിയമം അറിഞ്ഞിരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് അറിയാതെ 25 വയസ്സില്‍ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലഹരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിയമാവബോധം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോളജ് പ്രിന്‍സിപ്പല്‍ ഡോ.സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷനായി. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ് സനില്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരിഹരനുണ്ണി, കോളജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ മോനിഷ ലാല്‍, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, ദ്രൗപതി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. ‘ഹരിതം ലഹരി രഹിതം’  വിഷയത്തെ കുറിച്ച് മുന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി എന്‍ ഷിബു കുമാര്‍ ക്ലാസ് നയിച്ചു.


തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലെ പാസ്‌പോര്‍ട്ടിലുള്ള താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആര്‍.ഒയ്ക്ക് നേരിട്ടോ  രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷിക്കണം.

കഴിവതും വെള്ള പശ്ചാത്തലത്തില്‍ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേനെ അയക്കുകയാണെങ്കില്‍ അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുള്‍പ്പെടെയുള്ളതും പാസ്‌പോര്‍ട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
അപേക്ഷ നേരിട്ട് ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ പാസ്‌പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസല്‍ പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കണം. പേരു ചേര്‍ത്ത പ്രവാസികള്‍ പോളിങ് സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താം.

 

 

 

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍  ഓഗസ്റ്റ് ഏഴ് വരെ പേര് ചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍  എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയാരിുന്നു  ജില്ലാ കലക്ടര്‍. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയും കുറ്റമറ്റ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം 5,  പ്രവാസി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4എ എന്നിവ ഉപയോഗിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ഇ.ആര്‍.ഒമാര്‍, എ.ഇ.ആര്‍.ഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഊരുത്സവം നടത്തി

പട്ടികവര്‍ഗ വികസന വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോയിപ്രം പഞ്ചായത്തിലെ ഉന്നതിയില്‍ ഊരുത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുജാത മുഖ്യ പ്രഭാഷണം നടത്തി. കൈകൊട്ടി കളി, തലകളി, തനതു നൃത്തം, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചു. വനിത, വിദ്യാര്‍ഥി പ്രതിനിധികളെ തിരഞ്ഞെടുത്തു. പഞ്ചായത്തംഗങ്ങളായ ബിജു വര്‍ക്കി, സോണി കുന്നപുഴ, മുകേഷ് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവസാന പാദ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍ ആര്‍ ഗീത അധ്യക്ഷയായി. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ വി പി പ്രഭുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ശ്രീലക്ഷ്മി നിരീക്ഷകയായി.

2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ സോഷ്യല്‍ ഓഡിറ്റാണ് പൂര്‍ത്തിയായത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനം ഓഡിറ്റിന് വിധേയമാക്കി. കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി. എല്ലാ വാര്‍ഡിലുമായി 3000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കി. കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വര്‍ക്ക് ഷെഡുകള്‍ നിര്‍മിച്ചു. ആറുമാസകാലയളവില്‍ ഒന്നരക്കോടിയുടെ പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ചു. സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നീതു അനില്‍, ജിജി എം ജോര്‍ജ്, നിഷ, ലതിക, രതീഷ്, ബി എസ് അശ്വതി എന്നിവര്‍  നേതൃത്വം നല്‍കി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ് മനോജ് കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സാലി തോമസ്, അംഗങ്ങളായ എം ആര്‍ അനില്‍കുമാര്‍, കെ സി അജയന്‍, ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്

സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കില്‍ ഡെവലപ്മന്റ് സെന്ററുകളിലെ സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അസിസ്റ്റന്റ് റോബോട്ടിക്‌സ് ടെക്‌നിഷ്യന്‍/ ജിഎസ്ടി അസിസ്റ്റന്റ് ജോബ് റോളില്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍എസ്‌ക്യുഎഫ്). ഇവരുടെ അഭാവത്തില്‍ ഇലക്ട്രോണിക്‌സ്/ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് റീട്ടെയില്‍ അസെറ്റ് മാനേജ്‌മെന്റ് സെക്ടറുകളില്‍ എന്‍എസ്‌ക്യുഎഫ് സര്‍ട്ടിഫിക്കറ്റ് നേടിയവരെയും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കൊമേഴ്‌സ് വിഷയങ്ങളില്‍ വിഎച്ച്എസ്ഇ  കോഴ്‌സ് പാസായവരെയും പരിഗണിക്കും. അവസാനതീയതി: ജൂലൈ 31. പ്രായം: 35. വേതനം പ്രതിദിനം 755 രൂപ. അപേക്ഷഫോറം dpossapta.blogspot.com ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ തിരുവല്ലയിലെ കാര്യലയത്തിലോ [email protected] ല്‍ അയക്കണം. ഫോണ്‍: 0469 2600167

ടെന്‍ഡര്‍

കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 95 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 0468 23334110, 9447161577.  ഇ മെയില്‍: [email protected]

ലേലം

പത്തനംതിട്ട ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ കണ്ടെത്തിയ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 42 വാഹനങ്ങളുടെ പരസ്യലേലം ആഗസ്റ്റ് 13 ന് രാവിലെ 10ന് അടൂര്‍ എക്‌സൈസ് കോപ്ലെക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0468 2222873

ക്ഷീരകര്‍ഷക സമ്പര്‍ക്കം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സമ്പര്‍ക്കം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പും തോലുഴം ക്ഷീരോല്‍പാദക സഹകരണസംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷീര വികസന രംഗത്തെ ആനുകാലിക വിഷയം, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി എന്നിവ ചര്‍ച്ച ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് കെ ആര്‍ വിജയന്‍ പിള്ള, സ്ഥിരം സമിതി അധ്യക്ഷ വി പി വിദ്യാധര പണിക്കര്‍, ക്ഷീര വികസന ഓഫിസര്‍ സുനിതാ ബീഗം, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ചന്ദ്രലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, ക്ഷീര സംഘം സെക്രട്ടറി ആര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍

മല്ലപ്പള്ളി താലൂക്കാശുപത്രിയിലെ പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
അവസാന തീയതി ആഗസ്റ്റ് എട്ട് പകല്‍ 11 ന്. ഫോണ്‍ 0469 2683084

അപേക്ഷ ക്ഷണിച്ചു

കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ മികച്ച വിജയം നേടിയവര്‍ക്കും കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കേറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, വിദ്യാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബര്‍ 30. വെബ്‌സൈറ്റ്:  www.peedika.kerala.gov.in ഫോണ്‍: 0468 2223169

റീ-ടെന്‍ഡര്‍

മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍ : 8593962467

error: Content is protected !!