
konnivartha.com: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന 6 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ജൂലൈ 29 ചൊവ്വ അവധി പ്രഖ്യാപിച്ചു .
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ വെള്ളപ്പൊക്കം ഉള്ളതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി .മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
പത്തനംതിട്ട ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ്
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. തിരുവല്ല താലൂക്കില്‍ ഏഴും അടൂരില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 കുടുംബങ്ങളിലായി 114 പുരുഷന്‍മാരും 130 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടെ 312 പേര്‍ ക്യാമ്പിലുണ്ട്. തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മാരാമണ്‍ എംഎംഎഎച്ച്എസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, തുകലശേരി സിഎംഎസ്എച്ച്എസ്എസ്, പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പിഎസ്, ചേരിക്കല്‍ എസ്എന്‍എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.