
നവകേരള സദസ്: ജില്ലയില്‍ 35 കോടി രൂപയുടെ പദ്ധതികള്‍:ജില്ലാ കലക്ടര്‍ പുരോഗതി വിലയിരുത്തി
konnivartha.com: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആറ് പദ്ധതികള്‍ക്ക് 35 കോടി രൂപയാണ് അനുവദിച്ചത്. വികസന പദ്ധതികളുടെ അന്തിമപട്ടിക ഭേദഗതി വരുത്തി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
തിരുവല്ലയില്‍ പന്നായി തേവേരി റോഡ് വികസനത്തിന് ഏഴ് കോടി രൂപ ചിലവഴിക്കും. വെള്ളം കയറുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി ഉന്നത നിലവാരത്തിലാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. അടൂരിലെ മാങ്കൂട്ടം – കൈതപ്പറമ്പ്- സിഗപ്പൂര്‍ മുക്ക് റോഡ്, തടത്തില്‍- മണക്കാല ലിങ്ക് റോഡ് എന്നിവയ്ക്കായി യഥാക്രമം അഞ്ച്, രണ്ട് കോടി രൂപ വീതം അനുവദിച്ചു.
റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങില്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. റാന്നി പെരുംതേനരുവിയില്‍ ഏഴു കോടി രൂപയുടെ അടിസ്ഥാന വികസനത്തിനാണ് അംഗീകാരം. ആറന്മുള പില്‍ഗ്രിം ആന്റ് ഹെറിറ്റേജ് ടൂറിസ് പദ്ധതിക്ക് ഏഴു കോടി രൂപ അനുവദിച്ചു. കോന്നിയില്‍ ഏഴു കോടി രൂപ ചിലവില്‍ ഗുരു നിത്യ ചെതന്യയതി സ്മാരകവും അന്താരാഷ്ട്ര പഠന കേന്ദ്രവും നിര്‍മിക്കും. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 97 സെന്റിലാണ് നിര്‍മാണം. സ്ഥലം രണ്ടാഴ്ചയ്ക്കുളളില്‍ ഏറ്റെടുക്കും.
ഗുരു നിത്യ ചൈതന്യയുടെ പേരില്‍ കോന്നിയില്‍ അന്താരാഷ്‌ട്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം എന്ന് ആവശ്യം ഉന്നയിച്ചു “കോന്നി വാര്‍ത്ത ഡോട്ട് കോം “ആണ് 2017 ല്‍ കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പിനും ആദ്യം നിവേദനം നല്‍കിയത് . സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി ഈ ഫയല്‍ മുഖേന കോന്നി വാര്‍ത്തയെ ബന്ധപ്പെട്ടിരുന്നു .അന്ന് സ്ഥലം കണ്ടെത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല . പിന്നീട് പല സ്ഥലവും അന്വേഷിച്ചു എങ്കിലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഇരുന്നത് ആണ് . ഗുരുനിത്യ ചൈതന്യയുടെ പേരില്‍ അന്താരാഷ്‌ട്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സര്‍ക്കാരിന് ഏറെ നന്ദി