നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം ഇനി അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം

Spread the love

 

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ് വച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മൂന്നര ലക്ഷത്തോളം എൻ എസ് എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനങ്ങൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം രാജ്യത്ത് ആദ്യമായി കേരളത്തിൽ നിശ്ചിത ക്രെഡിറ്റ് ഉള്ള നൈപുണ്യ കോഴ്‌സ് ആയി മാറ്റുവാനുള്ള ധാരണ പത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും ഒപ്പ് വച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി പി പ്രശാന്ത്, ഡോ. എം. ജയപ്രകാശ്, പ്രൊഫ. ഡോ. പി പി അജയകുമാർ, ഡോ. സി ഉദയകല, അഡ്വ. ജി. സുഗുണൻ, രജിസ്ട്രാർ ഡോ സുനിത എ പി, സംസ്ഥാന NSS ഓഫീസർ ഡോ. അൻസർ, ആർ. എൻ, റീജിയണൽ. ഡയറക്ടർ വൈ. എം യുപിൻ, യൂത്ത് ഓഫീസർ പിയുഷ്, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വസർ ഡോ. സരിൻ തുടങ്ങിയവർ പങ്കെടുത്തു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എൻ.എസ്എ.സ് യൂണിറ്റുകൾ തൊഴിലും നൈപുണ്യവും എന്ന ആശയത്തിലൂന്നി നടത്തുന്ന സന്നദ്ധ പ്രവർത്തനം നൈപുണ്യ വികസനത്തിനായുള്ള പ്രൊജകട് ബേസ്ഡ് പദ്ധതിയായി പരിഗണിച്ചു കൊണ്ടാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്. കെ-ഡിസ്‌കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സ്റ്റേറ്റ് എൻ എസ് എസ് ഓഫീസുമായി ചേർന്നാണ് ഇത് പ്രാവർത്തികമാക്കുന്നത്.

ഈ വർഷം എൻ.എസ്.എസ് യൂണിറ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് മാനസ ഗ്രാമം പദ്ധതി. എല്ലാ എൻ.എസ്.എസ് യൂണിറ്റുകളും ഗ്രാമത്തിന്റെ വികസനത്തിൽ പങ്കാളികൾ ആകുന്ന പദ്ധതിയുടെ ഭാഗമായി വിജ്ഞാനകേരളം പദ്ധതിയിൽ എൻ.എസ്.എസ് പങ്കാളി ആകുന്നു. കലായങ്ങളിലും പൊതുസമൂഹത്തിലും വിജ്ഞാന കേരളം പദ്ധതി നടപ്പിലാക്കുന്നതിൽ എൻ.എസ്.എസ് പങ്കുവഹിക്കും. രാജ്യത്ത് ആദ്യമായി എൻ.എസ്.എസ് ന്റെ സന്നദ്ധ സേവന പ്രവർത്തനത്തെ സ്‌കിൽ കോഴ്‌സിന്റെ ഭാഗമാക്കി മാറ്റുന്നതാണ് പദ്ധതിയുടെ സവിശേഷത. ഇതിൽ പങ്കെടുക്കുന്ന മൂന്നര ലക്ഷത്തോളം എൻ.എസ്.എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനത്തെ ഒരു സർവീസ് എന്നതിനപ്പുറം ട്രെയിനിങ് പ്രോജക്ട് ആയി കണ്ടുകൊണ്ട് അക്കാദമിക് ഫ്രെയിം വർക്കിൽ ഊന്നി ക്രെഡിറ്റ് ബേസ്ഡ് സർട്ടിഫിക്കറ്റ് കൊടുക്കുവാനാണ് ധാരണയായത്. ഇതിലൂടെ അവർക്ക് ലഭിക്കുന്ന ക്രെഡിറ്റുകൾ ഭാവിയിൽ അവരുടെ ഉപരിപഠനത്തിന് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. എൻ സി വി ടിയുടെ സർട്ടിഫിക്കറ്റ് കൂടി ഈ പ്രോഗ്രാമിന് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ഓപ്പൺ യൂണിവേഴ്‌സിറ്റി കൈക്കൊള്ളും. സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായ നാഷണൽ സർവീസ് സ്‌കീം സേവനത്തെ അക്കാഡമിക് ക്രെഡിറ്റോടുകൂടിയ നൈപുണ്യ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാം ആക്കി മാറ്റുന്നതിലൂടെ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്ന എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഉയർന്ന ജീവിത നിലവാരവും അവരവരുടെ നൈപുണ്യത്തിന് അനുസൃതമായ തൊഴിൽ നേടുവാനും അവസരം ഒരുങ്ങും. എൻ.എസ്.എസ് സ്‌കിൽ കോഴ്‌സ് ആകുന്നതോടെ ഇതിലൂടെ ലഭിക്കുന്ന ക്രെഡിറ്റ് ഡിഗ്രി പിജി വിദ്യാർത്ഥികൾക്ക് നിലവിലെ കോഴ്‌സിൽ തന്നെ ക്രെഡിറ്റ് ആവശ്യമുള്ളിടത്ത് കൂട്ടിച്ചേർക്കാൻ സാധിക്കും.

error: Content is protected !!