കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ്: പ്രതീക്ഷിക്കുന്നത് 500 കോടി യൂറോയുടെ നിക്ഷേപം

Spread the love

konnivartha.com: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ് സംഘടിപ്പിക്കും. സെപ്റ്റംബർ 18,19 തീയതികളിലായി തിരുവനന്തപുരം കോവളത്താണ് കോൺക്ലേവ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും. ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും വിവിധ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികളും ഉൾപ്പെടെ 750 ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളാകും കോൺക്ലേവിനെത്തുക.

ബ്ലൂ ഇക്കോണമി, വ്യാവസായിക ക്ലസ്റ്ററുകൾ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺക്ലേവിലൂടെ 500 കോടി യൂറോയുടെ വരെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. വ്യവസായ വകുപ്പ്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) എന്നിവരുടെ സജീവ പിന്തുണയോടെ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ തുറമുഖ വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്,വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ വകുപ്പ്, ആയുഷ് വകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ പങ്കാളിത്തമുണ്ടാകും.

സുസ്ഥിരമായ രീതിയിൽ സമുദ്ര വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും ഉപജീവന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമൊപ്പം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബ്ലൂ ഇക്കോണമി കോൺക്ലേവിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തീരമേഖലയുടെ സമഗ്ര വികസനം, മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യ മാർക്കറ്റുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, അനുബന്ധ വ്യവസായങ്ങളും കയറ്റുമതിയും വിപുലമാക്കൽ, മൂല്യ വർധിത ഉത്പന്നങ്ങളുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ട് വൻ തോതിൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികളാണ് കോൺക്ലേവിലൂടെ ഫിഷറീസ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. തീരദേശ ടൂറിസത്തിന് പുത്തനുണർവ് നൽകാനായി ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളും കോൺക്ലേവിലൂടെ അവതരിപ്പിക്കുന്നുണ്ട്. ആയുഷ് വകുപ്പുമായി ചേർന്ന് കേരളത്തിൽ വെൽനെസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും വെൽനെസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ സാധ്യത കൂടി കോൺക്ലേവിൽ തേടും. ജലഗതാഗത സംവിധാനങ്ങൾ വിപുലമാക്കാനും ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികളും കോൺക്ലേവിൽ അവതരിപ്പിക്കും. ഹരിത ഊർജമുപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതുൾപ്പെടെ മത്സ്യബന്ധന ബോട്ടുകളുടെ ആധുനികവത്കരണവും പ്രധാന ചർച്ചയാകും.

കുഫോസിനെ സമുദ്ര ഗവേഷണ രംഗത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് കൂടിയാണ് ബ്ലൂ ഇക്കോണമി കോൺക്ലേവിലൂടെ തുടക്കമിടുന്നത്. യൂറോപ്യൻ സർവകലാശാലകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ഇവരുമായുള്ള ചർച്ചകളിലൂടെ കുഫോസും യൂറോപ്യൻ സർവകലാശാലകളുമായി സ്റ്റുഡൻറ് എക്‌സ്‌ചേഞ്ച് പരിപാടികളും പഠന, ഗവേഷണ രംഗങ്ങളിലെ വിവര വിനിമയവുമെല്ലാം സാധ്യമാക്കാനാണ് ശ്രമം. തീരദേശത്തെ യുവാക്കൾക്കും വനിതകൾക്കും സംരംഭങ്ങൾ തുടങ്ങാനാവശ്യമായ പരിശീലനവും പിന്തുണയും നൽകാനും ഇതിന് യൂറോപ്പിൽ നിന്ന് ഗ്രാൻറ് ലഭ്യമാക്കാനും ഫിഷറീസ് വകുപ്പ് ശ്രമിക്കുന്നുണ്ട്. തീരദേശ മേഖലകളിൽ സെയിലിങ് സ്‌കൂളുകളും ഇൻറഗ്രേറ്റഡ് അക്വാ പാർക്ക് ആൻഡ് ഓഷ്യനേറിയങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. മറ്റ് വകുപ്പുകളിൽ നിന്നുള്ള പദ്ധതികളും യൂറോപ്യൻ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കാനും നിക്ഷേപം തേടാനുമുള്ള അവസരം കൂടി കോൺക്ലേവിലൂടെ ഒരുങ്ങും.

error: Content is protected !!