ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്.
ഷിബു സോറൻ നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്.
ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗോത്രവർഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശ്രദ്ധയെ മോദി പ്രശംസിച്ചു.