പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (05/08/2025)

Spread the love

കരുതലിന്റെ ‘പഠനമുറി’:പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു.
പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള നിലവിലെ വീടിനോട് ചേര്‍ന്ന് 120 ചതുരശ്ര അടി വിസ്തൃതിയിലാണ് പഠനമുറി നിര്‍മാണം. മതിയായ സ്ഥലസൗകര്യമില്ലാത്തവര്‍ക്ക് നിലവിലെ വീടിന്റെ മുകളിലും പഠനമുറി ഒരുക്കും. നാല് ഗഡുക്കളായാണ് ധനസഹായം. കരാറാകുമ്പോള്‍ 30,000 രൂപ, അടിത്തറയ്ക്ക് 60,000 രൂപ, മേല്‍ക്കൂരയ്ക്ക് 80,000 രൂപ, പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ് തുടങ്ങിയവ പൂര്‍ത്തിയാകുമ്പോള്‍ 30,000 രൂപയും നല്‍കും.
ഈ വര്‍ഷം സംസ്ഥാനത്ത് 5000 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠനമുറി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ജില്ലയില്‍ 300 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും. ഗ്രാമസഭ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ അപേക്ഷിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരവും പട്ടികജാതി ഓഫീസുകളില്‍ നിന്ന് ലഭിക്കും.
വീടുകളോടുചേര്‍ത്ത് പഠനമുറികള്‍ നിര്‍മിക്കുന്നതിനൊപ്പം ‘സേഫ്’ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളോടെ ഭവനങ്ങളൊരുക്കാന്‍ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്ന പദ്ധതിയാണ് സേഫ് പദ്ധതി. 2021 ലാണ് സേഫ് പദ്ധതി ആരംഭിച്ചത്.
സുരക്ഷിത മേല്‍ക്കൂര, നിലവാരമുള്ള അടുക്കള, ടൈലിട്ട തറ, പ്ലമ്പിംഗ്, വയറിംഗ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കും. വാസയോഗ്യവും സുരക്ഷിതവുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് വര്‍ഷം കൊണ്ട് സേഫ് വഴി ജില്ലയില്‍ 2156 വീടുകള്‍ പൂര്‍ത്തിയാക്കി.


‘എനിക്കും വേണം ഖാദി’

ഓണം ഖാദി മേള സെപ്തംബര്‍ നാലുവരെ; ജില്ലാതല ഉദ്ഘാടനം റാന്നി പ്രമോദ് നാരായണ്‍ എംഎല്‍എ  നിര്‍വഹിച്ചു

ഓണം ഖാദിമേള  ജില്ലാതല ഉദ്ഘാടനം റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  നിര്‍വഹിച്ചു. ഖാദി ബോര്‍ഡിന്റെ ജില്ലയ്ക്കുള്ള ഓണസമ്മാനമാണ് മേളയെന്ന് എംഎല്‍എ പറഞ്ഞു. ഗ്രാമ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഖാദി ബോര്‍ഡ് ഉല്‍പന്നങ്ങളെന്ന് അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ചൂണ്ടികാട്ടി. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘എനിക്കും വേണം ഖാദി’ സന്ദേശത്തോടെ സംഘടിപ്പിക്കുന്ന മേള സെപ്തംബര്‍ നാലു വരെയാണ്.
ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ് വസ്ത്രത്തിന്റെയും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഖാദി ഗ്രാമവ്യവസായ ഉല്‍പന്നത്തിന്റെയും ആദ്യ വില്‍പന നടത്തി. മുന്‍ എംഎല്‍എ രാജു എബ്രഹാം കൂപ്പണ്‍ പ്രകാശനം ചെയ്തു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാര്‍ഡ് അംഗം വി സി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി ഹരികുമാര്‍, അജിന്‍ ഐപ്പ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


പഴമയുടെ പുതുമയില്‍ ഖാദി ഓണം മേള

ജ്യോതിക്കായി കലംങ്കാരി സാരി വാങ്ങി പ്രമോദ് നാരായണ്‍ എംഎല്‍എ

ഖാദിയുടെ വ്യത്യസ്ത ഡിസൈനിലുള്ള കലംങ്കാരി സാരി ഭാര്യ ജ്യോതിക്കായി വാങ്ങി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. നിറക്കൂട്ടുകളെ കോര്‍ത്തിണക്കിയ പ്രകൃതിദത്ത ചായം കൊണ്ട് വ്യത്യസ്ത വരകളും ചിത്രങ്ങളുമടങ്ങിയ മജന്ത നിറത്തിലുള്ള കലംങ്കാരി സാരി ‘ഓണം ഖാദിമേള’യുടെ ഔട്ട്ലെറ്റില്‍ നിന്നാണ് എംഎല്‍എ വാങ്ങിയത്.  ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടകനായി റാന്നി ചെത്തോങ്കരിയില്‍ എത്തിയ എംഎല്‍എ കലംങ്കാരി സാരിയില്‍ ആകൃഷ്ടനാവുകയായിരുന്നു.
നിറവൈവിധ്യങ്ങളാലും ഡിസൈനുകളാലും ശ്രദ്ധേയമായ ഖാദി വസ്ത്രങ്ങളുടെ ശേഖരമാണ് ജില്ലയിലെ നാല് ഗ്രാമസൗഭാഗ്യ ഔട്ട്‌ലെറ്റുകളില്‍ വില്‍പനയ്ക്കുള്ളത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയും മനോഹാരിതയും അടുത്തറിഞ്ഞ് ഖാദി പ്രേമികള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്. പ്രകൃതിയോട് ഇണങ്ങിയതും ഗുണമേന്മയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതുമായ ഖാദി ഉല്‍പ്പന്നങ്ങളാല്‍ സമൃദ്ധമാണ് ഗ്രാമസൗഭാഗ്യ കേന്ദ്രങ്ങള്‍.
ഖാദി സില്‍ക്ക്സ്, പ്രിന്റഡ്, ഖാദി കോട്ടണ്‍, കലംങ്കാരി സാരികള്‍ തുടങ്ങിയവ പച്ച, മഞ്ഞ, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞി കിടക്ക, തലയിണ, തലയിണ കവര്‍, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയവയും വാങ്ങാം.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. ഓരോ 1,000 രൂപ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ നല്‍കും. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. കൂടാതെ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍ നടക്കുന്ന മേള സെപ്റ്റംബര്‍ നാലിന് അവസാനിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ 8113870434, പത്തനംതിട്ട 9744259922, റാന്നി 7907368514, അടൂര്‍ 9061210135.

കലക്ടറേറ്റില്‍ ഓണം ഖാദിമേള  (ഓഗസ്റ്റ് ആറ്, ബുധന്‍)

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള  (ഓഗസ്റ്റ് ആറ്, ബുധന്‍) രാവിലെ 10 മുതല്‍ കലക്ടറേറ്റില്‍. വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ലഭിക്കും.

അടൂര്‍ പട്ടയമേള (ഓഗസ്റ്റ് 7, വ്യാഴം)

അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയമേളയും കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും  (ഓഗസ്റ്റ് 7, വ്യാഴം) കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 3.30 ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍
അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. 34 എല്‍ എ പട്ടയവും അഞ്ച് മുന്‍സിപ്പല്‍ പട്ടയവുമാണ്. റവന്യൂ വകുപ്പ് മന്ത്രി കൈവശരേഖ കൈമാറും. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും.
2020-21 പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം (ഓഗസ്റ്റ് 7, വ്യാഴം)

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  (ഓഗസ്റ്റ് 7, വ്യാഴം) ഉച്ചയ്ക്ക് 2.30 ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
2020-21 പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം

ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷനായി. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ സന്ദേശം നല്‍കി. ശിശുവിന്റെ ആരോഗ്യവും മുലയൂട്ടലിന്റെ പ്രാധാന്യവും വിഷയത്തില്‍ ഡോ. ദിയ തോമസ് ബോധവല്‍കരണ സെമിനാര്‍ നയിച്ചു. റാന്നി ശ്രീ അയ്യപ്പ കോളജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഡ്രമാറ്റിക് തീം അവതരിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ലോകമുലയൂട്ടല്‍ വാരാചരണം. നവജാതശിശുക്കളുടെ അമ്മമാര്‍ക്കും അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ബോധവല്‍ക്കരണവും സാമൂഹിക പിന്തുണയുമാണ് വാരാചരണത്തിന്റെ ലക്ഷ്യം.
ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാംകുമാര്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍,  സി.ഡി.പി.ഒ പി. വിജയകുമാരി,  ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ലാലി തോമസ്, ഡി.പി.എച്ച്.എന്‍ എ സി അനില കുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ രാജു, പി.എച്ച്.എന്‍.എസ് എം ഷൈലാബീവി എന്നിവര്‍ പങ്കെടുത്തു.


വാരാചരണത്തിന്റെ പ്രാധാന്യം

ജനനത്തിന്റെ ആദ്യ മണിക്കൂറില്‍ത്തന്നെ അമ്മയുടെ പോഷകസമൃദ്ധമായ മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതും ആറുമാസംവരെ ഭക്ഷണമായി മുലപ്പാല്‍ മാത്രം നല്‍കുന്നതും ഉറപ്പാക്കുന്നതിനാണ് മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ  പ്രകാരം 70 ശതമാനം കുഞ്ഞുങ്ങള്‍ക്കേ ആദ്യ മണിക്കൂറില്‍ മുലപ്പാല്‍ ലഭിക്കുന്നുളളു.
നിലവില്‍ 56 ശതമാനം കുഞ്ഞുങ്ങള്‍ക്കേ കേരളത്തില്‍ ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നത്.   എട്ട് ശതമാനം കുഞ്ഞുങ്ങള്‍ക്ക് ആദ്യ ദിവസം മുലപ്പാലിനൊപ്പം മറ്റെന്തെങ്കിലും നല്‍കുന്നതായും കണ്ടെത്തി.  മുലയൂട്ടല്‍ കടമയായി അമ്മമാര്‍ ഏറ്റെടുക്കുകയും കുടുംബാംഗങ്ങള്‍ ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുകയും ചെയ്യണം.

എന്‍ട്രന്‍സ് പരിശീലനം

മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡുള്ളവരും പ്ലസ് ടുവിന് സയന്‍സ്, ഇംഗ്ലീഷ്  വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും  എ ഗ്രേഡില്‍ കുറയാത്ത ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി , പ്ലസ് ടു/വിഎച്ച്എസ് സി/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 54,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍  – 04682322712, 9497103370.


അഭിമുഖം

അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രീമിയം വെഹിക്കിള്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രിക്ക് വെഹിക്കിള്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടിവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഫോണ്‍ :  9495999688, 9496085912.


ക്ലാര്‍ക്ക് നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ്ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിംഗ്) അറിയുന്നവര്‍ക്ക് മുന്‍ഗണന. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 14 ന് മുമ്പ്  പ്രമാടം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2242215, 2240175.


സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍   ഓഗസ്റ്റ്  11 മുതല്‍ 13 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന  ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യമി പരിശീലനം ആരംഭിക്കുന്നു. പ്രായം 18 – 50. ഫോണ്‍ : 04682992293, 8330010232, 04682270243


ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 11 രാവിലെ 10 മുതല്‍. ഐടിഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം.  ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, എസ്എസ്എല്‍സി ബുക്ക്, ഫോട്ടോ മറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0468 2258710.


മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ പരിശീലനം

ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍  ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസാറി , പ്രീ – പ്രൈമറി, നഴ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/ പ്ലസ്് ടു /എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.

ദര്‍ഘാസ്

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 19. ഫോണ്‍ : 04735 245613.

പഠനമുറി പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്‌നിക്കല്‍/ സ്‌പെഷ്യല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 30.
ജില്ലയില്‍ 300 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും.
ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം.  രണ്ട് ലക്ഷം രൂപയാണ് ധനസഹായം.  ഗ്രാമസഭ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം.  ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ഫോമിനും  വിവരങ്ങള്‍ക്കും  ഓഫീസ്, ഫോണ്‍ നമ്പര്‍ ക്രമത്തില്‍

ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട 0468 2322712
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630045
പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 9188920056
കോയിപ്രം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630041
മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630039
പുളിക്കീഴ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630040
റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630043
കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630044
ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് 8547630042
തിരുവല്ല മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ് 8547630038


ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ  എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 10. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0471 2570471, 9846033001. വെബ്‌സൈറ്റ്: www.srccc.in


സീറ്റ് ഒഴിവ്

റാന്നി സര്‍ക്കാര്‍ ഐടിഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ സീറ്റ് ഒഴിവ്.  ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. ഫോണ്‍ :  :04735-296090.


താല്‍പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി  വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.kudumbashree.org  , ഫോണ്‍ : 0468 2221807.

error: Content is protected !!