പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/08/2025 )

Spread the love

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും
ജില്ലയില്‍ വിവിധ ആഘോഷ പരിപാടി

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്സലും 13 ന് ഡ്രസ് റിഹേഴ്സലും സംഘടിപ്പിക്കും.
സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. 29 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. പോലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ് നാല്, എന്‍സിസി ഒന്ന്, ബാന്‍ഡ് സെറ്റ് നാല് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പരേഡ് റിഹേഴ്സലിനെത്തുന്നവര്‍ക്ക് പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ലഘുഭക്ഷണം നല്‍കും. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേന ലഘുഭക്ഷണമൊരുക്കും. സുരക്ഷയും ഗതാഗത നിയന്ത്രണവും ജില്ലാ പോലിസും ആതുര സേവനം ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തിലും സജീകരിക്കും. കലാ – സാംസ്‌കാരിക പരിപാടികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേതൃത്വം നല്‍കും. എഡിഎം ബി. ജ്യോതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അടൂര്‍ പട്ടയമേള ഇന്ന് (ഓഗസ്റ്റ് 7, വ്യാഴം)

അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയമേളയും കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും ഇന്ന് (ഓഗസ്റ്റ് 7, വ്യാഴം) കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 3.30 ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍
അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. 34 എല്‍ എ പട്ടയവും അഞ്ച് മുന്‍സിപ്പല്‍ പട്ടയവുമാണ്. കൈവശരേഖ മന്ത്രി കൈമാറും. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും.
2020-21 പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 7, വ്യാഴം)

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 7, വ്യാഴം) ഉച്ചയ്ക്ക് 2.30 ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
2020-21 പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ്ങ് മെഷീനുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വിലയിരുത്തി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കലക്ടറേറ്റ് പരിസരത്തെ എഫ്.എല്‍.സി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായി 2210 കണ്‍ട്രോള്‍ യൂണിറ്റ്,  6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ ആദ്യഘട്ട പരിശോധനാ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. പരിശീലനം ലഭിച്ച 50 ഓളം ഉദ്യോഗസ്ഥരോടൊപ്പം ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, മാസ്റ്റര്‍ ട്രെയിനര്‍ രജീഷ് ആര്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഓണം ഖാദിമേള കലക്ടറേറ്റില്‍ സംഘടിപ്പിച്ചു

ജില്ലാ ഖാദി ഗ്രാമ വ്യവസായത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ ഓണം ഖാദി മേള സംഘടിപ്പിച്ചു. ഖാദി ഉല്‍പന്നങ്ങളായ കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടുകള്‍, കലംങ്കാരി സാരികള്‍, ഷര്‍ട്ടിംഗ്, ഷാളുകള്‍, തോര്‍ത്തുകള്‍, കാവിമുണ്ട്, ടവലുകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ഒരുക്കിയിരുന്നു. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘എനിക്കും വേണം ഖാദി’ സന്ദേശത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. 30 ശതമാനം ഇളവിലാണ് ഖാദി വസ്ത്രങ്ങള്‍ വിറ്റത്.
ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലും ഓണം ഖാദി മേള നടക്കുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ
വാങ്ങലിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ സമ്മാന കൂപ്പണുണ്ട്. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. കൂടാതെ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. സെപ്റ്റംബര്‍ നാലിന് മേള അവസാനിക്കും. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ 8113870434, പത്തനംതിട്ട 9744259922, റാന്നി 7907368514, അടൂര്‍ 9061210135.

ഓണക്കാലത്ത് പ്രത്യേക സമ്മാന പദ്ധതിയുമായി സപ്ലൈകോ

ഓണസമ്മാനമായി നല്‍കാന്‍ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളുമായി സപൈക്ലോ. 500, 1000 രൂപയുടേതാണ് ഗിഫ്റ്റ് കാര്‍ഡുകള്‍. ഇവ ഉപയോഗിച്ച്  സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന്  ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ ഉള്‍പ്പെട്ട സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്‍പന്നങ്ങളുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയാണ് കിറ്റുകള്‍.
1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് നല്‍കുന്നത്. അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ് , ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്,  മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്സ് മാങ്ങ അച്ചാര്‍ , കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉല്‍പന്നങ്ങള്‍. അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ് , ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്,  മില്‍മ നെയ്യ്,  കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍പൊടി, ശര്‍ക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലുള്ളത്. ശബരി ബ്രാന്‍ഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി , സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സെമിയ പായസം മിക്സ് , പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്നേച്ചര്‍  കിറ്റിലെ ഉല്‍പന്നങ്ങള്‍.
ഓണക്കാലത്ത്  സപ്ലൈകോ വില്‍പന ശാലകളില്‍  ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,  കിച്ചന്‍ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ്  തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 288 നിത്യോപയോഗ സാധനങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ  വിലക്കുറവുണ്ട്.
ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പ് നടത്തും. ഒരു പവന്‍  സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളുണ്ട്. ദിവസേനെ നറുക്കെടുപ്പുണ്ട്.

ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമം

കോഴഞ്ചേരി താലൂക്കില്‍ ഓഗസ്റ്റ് മാസം റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമം.
എഎവൈ കാര്‍ഡൊന്നിന് 30 കിലോ അരി (20 കിലോ കുത്തരി, 10 കിലോ പച്ചരി), രണ്ട് കിലോ ഗോതമ്പ് എന്നിവ സൗജന്യമായും ഏഴ് രൂപ നിരക്കില്‍ മൂന്ന് പാക്കറ്റ് ആട്ട, 27 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര.
മുന്‍ഗണന (പിഎച്ച്എച്ച്) കാര്‍ഡില്‍ ഓരോ അംഗത്തിനും നാല് കിലോ അരി (കുത്തരി, പച്ചരി രണ്ടു കിലോ വീതം) ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യമായും ഒമ്പത് രൂപ നിരക്കില്‍ നാല് പാക്കറ്റ് ആട്ട, കാര്‍ഡിന് അധികമായി അഞ്ച് കിലോ കുത്തരി 10.90 രൂപ നിരക്കില്‍ ലഭിക്കും
പൊതു വിഭാഗം സബ്‌സിഡി (എന്‍പിഎസ്) കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ പച്ചരി നാല് രൂപ നിരക്കിലും കാര്‍ഡിന് അധികമായി 10 കിലോ കുത്തരി 10.90 നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി (എന്‍പിഎന്‍എസ്)  കാര്‍ഡൊന്നിന് 15 കിലോ അരി (10 കിലോ കുത്തരി, അഞ്ച് കിലോ പച്ചരി) 10.90 രൂപ നിരക്കില്‍ ലഭിക്കും.

അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് മുതല്‍ ഇരുപത് കറവ പശുക്കളുള്ള കര്‍ഷകര്‍ക്ക് സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രജനന സഹായം, ആരോഗ്യ സംരക്ഷണ, യന്ത്രവല്‍ക്കരണം, തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കാണ് പദ്ധതി. ജില്ലയിലെ മൂന്ന് യൂണിറ്റിനായി ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18. താല്‍പര്യമുള്ള കര്‍ഷകര്‍ അതാത് മ്യഗാശുപത്രിയുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട കുടുംബകോടതിയിലേക്ക് അഡീഷണല്‍ കൗണ്‍സിലര്‍ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം. ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷയ്ക്ക് നിശ്ചിത ഫോമോ ഫീസോ ഇല്ല. അപേക്ഷയും ബയോഡേറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ടോ തപാലിലോ പത്തനംതിട്ട കുടുംബകോടതി ജഡ്ജിക്ക് മുന്നില്‍ സമര്‍പ്പിക്കണം.
അവസാന തീയതി ഓഗസ്റ്റ് 31.

സീറ്റ് ഒഴിവ്

പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷന്‍ (രണ്ടു വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) കോഴ്‌സില്‍ സീറ്റ് ഒഴിവ്. എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖ സഹിതം ഐടിഐയില്‍ ഹാജരാകണം. പ്രവേശനം ലഭിച്ചവര്‍ക്ക് ഉച്ചഭക്ഷണം, സ്‌റ്റൈപെന്റ്, ലമ്പ്സം ഗ്രാന്റ്, യൂണിഫോം അലവന്‍സ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 9446444042.

(പിഎന്‍പി 1982/25)

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. നിലവില്‍ റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 9400006425, 04735 266671

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഡിപ്ലോമ (റെഗുലര്‍) ഒന്നാം വര്‍ഷ സീറ്റുകളിലേക്ക് ഓഗസ്റ്റ് 12 ന് രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. നിലവില്‍ റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം.  വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 9400006425, 04735 266671

സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 11 ന്  സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റഗുലര്‍ റാങ്ക് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 1000 രൂപയും മറ്റുള്ളവര്‍ 4215 രൂപയും അടയ്ക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 0469 2650228

ഗതാഗത നിയന്ത്രണം

മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റാന്നി അങ്ങാടി മര്‍ത്തോമ ആശുപത്രി മുതല്‍ ബൈപാസ് വരെ ഓഗസ്റ്റ് 9, 10 തീയതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!