
സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും
ജില്ലയില്‍ വിവിധ ആഘോഷ പരിപാടി
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്സലും 13 ന് ഡ്രസ് റിഹേഴ്സലും സംഘടിപ്പിക്കും.
സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. 29 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. പോലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ് നാല്, എന്‍സിസി ഒന്ന്, ബാന്‍ഡ് സെറ്റ് നാല് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം.
പരേഡ് റിഹേഴ്സലിനെത്തുന്നവര്‍ക്ക് പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ലഘുഭക്ഷണം നല്‍കും. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേന ലഘുഭക്ഷണമൊരുക്കും. സുരക്ഷയും ഗതാഗത നിയന്ത്രണവും ജില്ലാ പോലിസും ആതുര സേവനം ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തിലും സജീകരിക്കും.
കലാ – സാംസ്‌കാരിക പരിപാടികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേതൃത്വം നല്‍കും. എഡിഎം ബി. ജ്യോതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.