
തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍:അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോം 7) സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോമില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
വോട്ടര്‍പട്ടിക പുതുക്കല്‍ ; 9,10 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും
വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 9, 10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുള്‍പ്പെടെ വോട്ടര്‍പട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികള്‍ക്കും
സൗകര്യമൊരുക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
അപകടകരമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും:വിദ്യാലയ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധനിര്‍മിതികളുടെയും സുരക്ഷതിത്വം ഉറപ്പുവരുത്തും
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗപ്രദമല്ലാത്തതും അപകടകരമായ കെട്ടിടങ്ങള്‍, മതിലുകള്‍, മറ്റ് നിര്‍മാണങ്ങള്‍ എന്നിവ പൊളിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നിര്‍ദേശം
. ടെന്‍ഡര്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അപകടകരമായ കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ച് നീക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധനിര്‍മിതികളുടെയും സുരക്ഷതിത്വം ഉറപ്പുവരുത്തും. പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റും.
2005 ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 26,30,33,34(എച്ച്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കെട്ടിടങ്ങളുടെ വാലുവേഷന്‍ റിപ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചാല്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എഞ്ചീനിയറിങ് വിഭാഗം/ പൊതുമരാമത്ത് എഞ്ചീനിയര്‍ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണം. സര്‍ക്കാര്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകളില്‍ ബന്ധപ്പെട്ട സ്‌കൂള്‍ മാനേജരും പ്രധാന അധ്യാപകരും നിര്‍വഹിക്കണം. ലേലം ഉറപ്പിക്കാനായില്ലെങ്കില്‍ അതേ ദിവസം തന്നെ നിയമപരമായ തുടര്‍ നടപടി സ്വീകരിച്ച് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും.
വിദ്യാലയങ്ങളിലെ ഉപയോഗ പ്രദമല്ലാത്തതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങള്‍, സുരക്ഷിതമല്ലാത്ത മതിലുകള്‍, ജലസംഭരണികള്‍, വൈദ്യുത ഇന്‍സ്റ്റലേഷനുകള്‍, താല്‍കാലിക ഷെഡുകള്‍, കമാനങ്ങള്‍ തുടങ്ങിയവയുടെ സമീപത്തേക്ക് കുട്ടികള്‍ വരാത്ത തരത്തില്‍ സുരക്ഷാവേലി നിര്‍മിക്കും. അപകട സൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്.
സ്‌കൂള്‍ പരിസരത്തെ അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കും. സര്‍ക്കാര്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകളുടെ പരിസരത്തുള്ള വൃക്ഷങ്ങള്‍ മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്ത്വം സ്‌കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപകനുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകള്‍ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. മുറിച്ച ശേഷം തടി എത്രയും വേഗത്തില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് നീക്കം ചെയ്യണം.
ജില്ലയിലെ എല്ലാ സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധ നിര്‍മിതികളുടെയും സുരക്ഷ സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഓരോ ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴിലുമുള്ള ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍ക്കാണ് ചുമതല.
സ്ഥാപന മേധാവി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. സ്‌കൂള്‍ അംസംബ്ലികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവല്‍കരണം നടത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച മാര്‍നനിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കും. നിര്‍ദേശിക്കപ്പെട്ട ഘടനയില്‍ സ്‌കൂള്‍തല ദുരന്തനിവാരണ രേഖ തയാറാക്കും. ബന്ധപ്പെട്ട പ്രധാനാധ്യാപര്‍ക്കാണ് ചുമതല. (മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി https://sdma.kerala.gov.in/
തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്
കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പ്. പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കോന്നി മൃഗാശുപത്രിയില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ കിറ്റ് നല്‍കി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ആനി സാബു തോമസ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി. ടി. ലതിക കുമാരി അധ്യക്ഷയായി. ഓഗസ്റ്റ് 10 വരെ കുത്തിവയ്പ്പ് നടക്കും. ആദ്യദിനം 60 തെരുവുനായകള്‍ക്ക് കുത്തിവയ്പ്പ് എടുത്തതായി അധികൃതര്‍ അറിയിച്ചു.
പ്രശ്നോത്തരി: പുരസ്‌കാരം വിതരണം ചെയ്തു
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദിന പ്രശ്നോത്തരി മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. മലയാലപ്പുഴ ജെ.എം.പി.എച്ച്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറര്‍ എം.ജി ദീപു, അംഗങ്ങളായ മലയാലപ്പുഴ മോഹന്‍, രശ്മി രവിന്ദ്രന്‍, ജെ.എം.പി.എച്ച്.എസ് പ്രധാനധ്യാപിക എം.ആര്‍ സലീന, എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക മായാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഇന്ന് (ഓഗസ്റ്റ് 8, വെള്ളി)
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഇന്ന് (ഓഗസ്റ്റ് 8) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും.
സെക്രട്ടറി ജി പൊന്നമ്മ 2024-25 വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ ജി ദീപുവരവ് ചെലവ് കണക്കും അവതരിപ്പിക്കും. 2025-2026 ബജറ്റ് അവതരണവും ഓഡിറ്റര്‍ നിയമനവും നടക്കും.
ശാസ്ത്ര പ്രശ്നോത്തരി ഇന്ന് (ഓഗസ്റ്റ് എട്ട്, വെള്ളി)
സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി ഇന്ന് (ഓഗസ്റ്റ് എട്ട്) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വര്‍ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമാണ് പ്രശ്നോത്തരി.
അറിയിപ്പ്
തദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കില്‍ ഓഗസ്റ്റ് 11 ന് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
‘ഗൃഹസദസ്’ ഉദ്ഘാടനം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗൃഹസദസ് ‘ ലഹരി വിരുദ്ധ കാമ്പയിയിന് തുടക്കം. മുക്കത്ത് ആദ്യ സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഓമന ജനാര്‍ദനന്‍ അധ്യക്ഷയായി. ലഹരി പദാര്‍ഥം സമൂഹത്തില്‍ വരുത്തുന്ന ദോഷവും കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും ചര്‍ച്ച ചെയ്തു. പഞ്ചായത്തംഗം രമ്യ മോള്‍, പി ആര്‍ ജനാര്‍ദനന്‍, പി എസ് ശോഭന എന്നിവര്‍ പങ്കെടുത്തു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (എസ്‌സി/ എസ്റ്റി വിഭാഗത്തിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നം. 074/2020) തസ്തികയുടെ റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0438 2222665.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപാടുളളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവര്‍ഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9947297363.
ക്വട്ടേഷന്‍
റാന്നി പി.എം റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ ഓഗസ്റ്റ് 25 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13 പകല്‍ മൂന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2325270.
ക്വട്ടേഷന്‍
ചെങ്ങന്നൂര്‍ കോഴഞ്ചേരി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ആറന്മുള വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ ഓഗസ്റ്റ് 25 മുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13 പകല്‍ മൂന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2325270.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂര്‍, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലയ്ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2025 ഓഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ ബിരുദവും ബി.എഡും ഉളളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടുവരെ. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റിയി
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ- അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 21 രാവിലെ 11 ന് നടക്കും. യോഗ്യത : എംബിബിഎസ് / ടിസിഎംസി രജിസ്ട്രേഷന്‍ ( സൈക്യാട്രിയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി : 18- 45. ബയോഡേറ്റയോടൊപ്പം തിരിച്ചറിയില്‍ രേഖ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അന്നേദിവസം രാവിലെ 10.30 ന് മുമ്പായി റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9188522990.
അറിയിപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പട്ടിക കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമുണ്ടെങ്കില്‍ ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചിന് മുമ്പായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കണം.
കരുത്തോടെ കുതിക്കാന്‍ ‘ കുടുംബശ്രീ 50 പ്ലസ്’ കാമ്പയിന്‍
കുടുംബശ്രീയുടെ സംഘടനാ ഘടന കൂടുതല്‍ ശക്തിപ്പെടുത്താനായി ആരംഭിച്ച ‘കുടുംബശ്രീ 50 പ്ലസ്’ കാമ്പയിന്‍ ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുന്നു. സംസ്ഥാനത്താകെ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. ഇത് 50 ലക്ഷം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 58 സിഡിഎസുകളിലും കാമ്പയിന്റെ പ്രവര്‍ത്തം നടക്കുന്നു. അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ട അംഗങ്ങളെ തിരികെയെത്തിക്കുക, പുതിയ അംഗങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ ലഹരി വിരുദ്ധ കാമ്പയിന്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ കുടുംബശ്രീയുടെ പങ്ക് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സാധിക്കും. കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുടുംബശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കും. അയല്‍ക്കൂട്ടങ്ങളുടെ പ്രത്യേക യോഗവും എഡിഎസ് തല സംഗമവും നടത്തും. ഈ മാസം 30 ന്കാമ്പയിന്‍ അവസാനിക്കും.
സര്‍ക്കാര്‍ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി : മന്ത്രി കെ രാജന്‍:സംസ്ഥാനത്ത് വികസന വിപ്ലവമെന്ന് ചിറ്റയം ഗോപകുമാര്‍
എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും അടൂര്‍ നിയേജക മണ്ഡലത്തിലെ പട്ടയ വിതരണ ഉദ്ഘാടനവും കെആര്‍കെപിഎം സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇത് അഞ്ചു ലക്ഷമാക്കാനാണ് ശ്രമം. തലചായ്ക്കാന്‍ എല്ലാവര്‍ക്കും ഭൂമി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യത്യസ്തങ്ങളായ നിരവധി പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് ലക്ഷ്യം കണ്ടത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 17 കൈവശക്കാര്‍ പട്ടയം ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് അന്ത്യമായത്. പട്ടയത്തിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തും.
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നത് ശ്രദ്ധേയ മാറ്റമാണ്. 2020-21 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ വിനിയോഗച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. അടൂര്‍ നിയോജകമണ്ഡലത്തില്‍ അവശേഷിക്കുന്ന രണ്ട് വില്ലേജ് ഓഫീസുകളും വൈകാതെ സ്മാര്‍ട്ടാകും. ഇതോടെ മണ്ഡലം സമ്പൂര്‍ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വികസന വിപ്ലവമാണെന്ന് അധ്യക്ഷന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണമേറ്റതോടെ സംസ്ഥാനം വികസന പാതയിലായി. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ എല്ലാ മേഖലയിലും വികസനമെത്തി. കിഫ്ബിയിലൂടെ വികസനത്തിന്റെ പുതുവഴി തുറന്നു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. വേലുത്തമ്പി ദളവ മ്യൂസിയം, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പട്ടയ മേള സംഘടിപ്പിച്ച് എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കാതിരുന്നത്. പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ഇവ പരിഹരിച്ചു. പള്ളിക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൈവശമുള്ള ഭൂമിക്കും പട്ടയം നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി കൃഷ്ണകുമാര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷിബു, വിമല മധു, കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗം റ്റി പ്രസന്നകുമാര്‍, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കണ്ണും മനസും നിറഞ്ഞു ; പട്ടയം ഏറ്റുവാങ്ങി കൊച്ചുകുഞ്ഞും അമ്മിണിയും
ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്ന് കണ്ണും മനസും നിറഞ്ഞ് കൊച്ചുകുഞ്ഞും ഭാര്യ അമ്മിണിയും. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്ന സാക്ഷാല്‍കാരത്തിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍. പെരിങ്ങനാട് വില്ലേജിലെ ചിരണിക്കല്‍ പടിഞ്ഞാറ്റേതില്‍ വീട്ടിലെ 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അടൂര്‍ റവന്യു പട്ടയമേളയില്‍ മന്ത്രി കെ രാജന്‍ അവകാശരേഖ കൈമാറിയത്. താമസിക്കുന്ന ഭൂമിക്ക് രേഖയില്ലാത്തതിനാല്‍ ക്രയവിക്രയമോ വായ്പയെടുക്കാനോ സാധിച്ചിരുന്നില്ല. പ്രായാധിക്യത്താല്‍ രോഗ ബാധിതരായ ദമ്പതികള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനാണ് ഏക ജീവിത മാര്‍ഗം. എണ്‍പതാം വയസില്‍ തങ്ങളെ തേടിയെത്തിയ സൗഭാഗ്യത്തില്‍ സര്‍ക്കാരിനോട് നന്ദി പറയാനും കൊച്ചു കുഞ്ഞും അമ്മിണിയും മറന്നില്ല. വിജയമ്മ, ഗീത, ലത എന്നിവരാണ് മക്കള്‍.
പെരിങ്ങനാട്ട് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് അടൂര്‍ പെരിങ്ങനാട് പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം വാര്‍ഡ് നിവാസികള്‍. അടൂര്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. 26.93 ആര്‍ സ്ഥലം പട്ടയമായി ലഭിക്കും.
കെ രാമചന്ദ്രന്‍, ഇന്ദിര, ശകുന്തള, സെബാസ്റ്റ്യന്‍, പ്രേമകുമാരി, കൊച്ചുകുഞ്ഞ്, ബി സുമതി, സി ലീല, ബാബു, തങ്കമണി, മണിയമ്മ, ഓമന, വിശ്വനാഥ്, ഭാരതി, കെ അനില്‍, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വായ്പയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി എന്നത് സ്വപ്നമായിരുന്നു. ജനിച്ചു വളര്‍ന്ന ഭൂമി പേരില്‍ ലഭിച്ച സന്തോഷത്തിലാണ് നിവാസികള്‍. വരും തലമുറയ്ക്ക് അഭിമാനത്തോടെ കേറി കിടക്കാന്‍ ഇടമായതില്‍ മനസ് നിറഞ്ഞാണ് ഓരോ കുടുംബവും പട്ടയമേളയില്‍ നിന്നും പോയത്.
പള്ളി സെമിത്തേരിക്കും ഭൂമി
തലമുറ അന്തിയുറങ്ങുന്ന ഭൂമിക്കും പട്ടയം ലഭിച്ച സന്തോഷത്തിലാണ് അടൂരിലെ ഒരു വിഭാഗം ജനങ്ങള്‍ . പള്ളിക്കല്‍ വില്ലേജിലെ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് പള്ളി സെമിത്തേരി ഭൂമിക്കാണ് പട്ടയം ലഭിച്ചത്.
കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയ മേളയില്‍ പള്ളി വികാരി ഫാ. ഡോ. ജോര്‍ജി ജോസഫിനു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അവകാശ രേഖ കൈമാറി. 11 ആര്‍ ഭൂമിക്കാണ് പട്ടയം.
ഇളംപള്ളില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പേരില്‍ ഭൂമി പതിച്ചു നല്‍കണമെന്നു
കാണിച്ച് അധികാരികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടയം ലഭിച്ചത്. വസ്തു പരിശോധിച്ച്, ഫെയര്‍ വാല്യു ആര്‍ ഒന്നിന് 44,880 രൂപ നിരക്കിലാണ് പതിച്ചു നല്‍കിയത്.
ട്രസ്റ്റി അനില്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ജോയ്കുട്ടി, കമ്മിറ്റി അംഗം ഒ വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
യോഗ പരിശീലനം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ എല്‍പി സ്‌കൂള്‍ കുടികള്‍ക്കായുള്ള യോഗ പരിശീലനം ജിഎല്‍പിഎസില്‍ പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍ അധ്യക്ഷയായി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗ പരിശീലനം ഒരുക്കിയത്. യോഗാചാര്യന്‍ ദിലീപ് ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എംപി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജി സുഭാഷ് , അംഗങ്ങളായ ജെ ജയശ്രീ, എം.വി. സുധാകരന്‍ , ജി ലക്ഷ്മി, അഡ്വ. തോമസ് ജോസ്, പ്രഥമ അധ്യാപകന്‍ ബിനു, പിടിഎ പ്രസിഡന്റ് ലിന്റു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.