സ്മാര്‍ട്ട് റവന്യൂ കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ : മന്ത്രി കെ. രാജന്‍

Spread the love

 

പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയിലും സുതാര്യവുമായി സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുജനത്തിന് വ്യക്തിപരമായ റവന്യൂ വിവരങ്ങള്‍ ചിപ്പ് പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

‘ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുഖമുദ്രവാക്യത്തോടുകൂടി സംസ്ഥാനത്ത് റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വെ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എട്ട് ലക്ഷം ഹെക്ടര്‍ ഭൂമി, 60 ലക്ഷം ലാന്‍ഡ് പാഴ്‌സലുകള്‍ എന്നിവ അളന്നു തിട്ടപ്പെടുത്തി.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. വര്‍ഷങ്ങളായി വിതരണം ചെയ്യാന്‍ സാധിക്കാതിരുന്ന പട്ടയങ്ങളുടെ പൂര്‍ത്തീകരണത്തിനു ഡിജിറ്റല്‍ റീസര്‍വയിലൂടെ സാധിച്ചു. സമഗ്രവും ജനകീയവും ആധുനികവുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകള്‍ സ്മാര്‍ട്ട് ആകേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ 600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. ജനങ്ങള്‍ക്ക് പ്രാപ്യമായ വിധത്തില്‍ റവന്യൂ സംവിധാനം വികസിപ്പിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ മേഖലയിലും സമഗ്രവികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അധ്യക്ഷനായ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലവും വികസന പാതയിലാണ്. ചന്ദനപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 110 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ആനയടി- കൂടല്‍ റോഡിന്റെ രണ്ടാംഘട്ടവും അടൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020-21 പദ്ധതി വിഹിതത്തില്‍ നിന്ന് 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. വില്ലേജ് ഓഫീസര്‍ മുറി, ഓഫീസ്, ഡോക്യുമെന്റ് മുറി, വെയിറ്റിംഗ് ഏരിയ, ഡൈനിംഗ് മുറി, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എഡിഎം ബി. ജ്യോതി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാ ദേവി, അംഗം സൂര്യകലാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. രാജീവ്, അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍കുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. കെ. അശോക് കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ. എന്‍. സലിം, ഡി. സജി, പ്രകാശ് ബി ജോണ്‍, രാജന്‍ സുലൈമാന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!