പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/08/2025 )

Spread the love

ജൂനിയര്‍ റസിഡന്റ് നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്,  മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.

 

ഐടിഐ സീറ്റ് ഒഴിവ്

2025 സെഷനിലെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട ഓഫ്ലൈന്‍ അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടി.സി,ഫീസ് എന്നിവയുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഓഗസ്റ്റ് 19 വൈകിട്ട് മൂന്നിനകം ഐടിഐ യില്‍ ഹാജരായി പ്രവേശനം നേടണം. ഫോണ്‍ : 04682258710, 9656472471.


വെറ്ററിനറി സര്‍ജന്‍ അഭിമുഖം 13ന്  

മൃഗസംരക്ഷണവകുപ്പ് കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് ശേഷം രണ്ടിനാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2322762.


പാരാവെറ്ററിനറി തസ്തികയില്‍ നിയമനം

മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്ററിനറി തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് ബ്ലോക്ക് (അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക്), മല്ലപ്പള്ളി ബ്ലോക്ക് (മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റല്‍ )എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 13 വൈകിട്ട് മൂന്നിനാണ് അഭിമുഖം.

യോഗ്യത: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവര്‍, ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്‌കൂള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍. എല്‍.എം.വി ലൈസന്‍സ്.
ഫോണ്‍: 0468 2322762.

അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീകൃത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19. ഫോണ്‍ : 04792457496, 9747454553.


ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ  എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 15. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.srccc.in


അറിയിപ്പ്

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും എന്നാല്‍ മരണപ്പെട്ടതുമായവരുടെ പേര് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം  ചെയ്യുന്നത് സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓഗസ്റ്റ് 16 വൈകിട്ട് അഞ്ചിനകം രേഖാമൂലം നല്‍കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ :04734 228498.

ക്ഷീരകര്‍ഷകരുടെ മിത്രം:ക്ഷീരവികസനവകുപ്പ് ജില്ലയില്‍ ചെലവഴിച്ചത് 27.57 കോടി രൂപ

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്. തീറ്റപ്പുല്‍കൃഷി, ക്ഷീരസംഘങ്ങള്‍ക്കുള്ള സഹായം, മില്‍ക്ക് ഷെഡ് വികസനം, ഗുണനിയന്ത്രണ ലാബ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്‍ക്കായി ഒമ്പത് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്.

കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ സബ്സിഡിയോടെ കാലിത്തീറ്റ ലഭ്യമാണ്. ഇതിനായി ഒമ്പതുവര്‍ഷത്തിനിടെ 1.18 കോടി രൂപ വിനിയോഗിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്ക് 2.74 കോടി രൂപയുടെ സഹായം സാധ്യമാക്കി. സൗജന്യമായി പുല്‍വിത്തും നടീല്‍വസ്തുക്കളും നല്‍കുന്നു. കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ച, പാലുല്‍പാദനം എന്നിവയ്ക്കായി മിനറല്‍ മിക്സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ്, മില്‍ക്ക് റീപ്ലെയ്സര്‍, കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവയ്ക്കും സബ്സിഡിയുണ്ട്.

ഗുണമേന്മ ബോധവല്‍ക്കരണം, ഉപഭോക്തൃ മുഖാമുഖം, ശുദ്ധമായ പാലുല്‍പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ക്ഷീരസംഘം ജീവനക്കാര്‍ക്ക് ഗുണനിലവാര പരിശീലന പരിപാടി, ബിഎംസിസി സംഘങ്ങള്‍ക്ക് ധനസഹായം, ആധുനിക പാല്‍ പരിശോധന സംവിധാനം തുടങ്ങിയ പദ്ധതികള്‍ക്കും ധനസഹായമുണ്ട്. 5100 രൂപ വിലയുള്ള പാലുല്‍പാദന കിറ്റ് 1600 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.

തിരുവനന്തപുരം മേഖല യൂണിയനില്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. പാലിന്റെ  ഗുണനിലവാരം ഉറപ്പാക്കാന്‍ ആധുനിക നിലവാരത്തിലുള്ള ലാബ് അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പാക്കറ്റ് പാലും പരിശോധിച്ച് എല്ലാ മാസവും ഭക്ഷ്യസുരക്ഷ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്റെ നേതൃത്വത്തില്‍ പാല്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉപഭോക്താക്കള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനം  നടത്തുന്നു.

അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഫാം ഉടമകള്‍ക്ക് റബ്ബര്‍ മാറ്റ്, മില്‍ക്കിങ് മെഷീന്‍, ഗോബര്‍ ഗ്യാസ് പ്ലാന്റ്,  തൊഴുത്ത് പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് 75,000 രൂപ വരെയും ക്ഷീരസംഘങ്ങളുടെ ശുചിത്വം വര്‍ധിപ്പിക്കുന്നതിനും പാല്‍ ഗുണനിലവാര പരിശോധനയ്ക്കും 75,000 രൂപയും സബ്‌സിഡി നല്‍കുന്നു.

ബള്‍ക്ക് മില്‍ക്ക് ചില്ലിംഗ് കേന്ദ്രങ്ങളുടെ ആവശ്യാധിഷ്ഠിത ധനസഹായമായി 3.75 ലക്ഷം രൂപയും പാല്‍ ഗുണനിലവാര ബോധവല്‍ക്കരണത്തിന് 75,000 രൂപയും ചെലവഴിക്കുന്നു. പാല്‍ ഗുണനിലവാരവും പാല്‍ ഉല്‍പന്നങ്ങളെയും സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന് ഉപഭോക്തൃ മുഖാമുഖം സംഘടിപ്പിക്കുന്നു.

ജില്ലയില്‍ 16,556 ക്ഷീരകര്‍ഷകര്‍ ക്ഷേമനിധി അംഗങ്ങളാണ്. 2952 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും 177 പേര്‍ക്ക് കുടുംബ പെന്‍ഷനും 698 പേര്‍ക്ക് വിദ്യാഭ്യാസം 747 പേര്‍ക്ക് വിവാഹസഹായവും 84 പേര്‍ക്ക് മരണാനന്തര ധനസഹായങ്ങളും നല്‍കി. കര്‍ഷകര്‍ക്ക് ക്ഷീരസ്വാന്തനം പദ്ധതിയിലൂടെ സബ്‌സിഡി നിരക്കില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. പാല്‍ അളക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് ‘ഓണം മധുരം’ പദ്ധതിയിലൂടെ 500 രൂപ നല്‍കുന്നു. ഇതിനായി 13 ലക്ഷം രൂപ ചെലവഴിച്ചു. കന്നുകാലി വളര്‍ത്തലിന് 90 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്ന മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷം വിനിയോഗിച്ചത് 71.95 ലക്ഷം രൂപ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആകെ ചെലവഴിച്ചത്   15.27 കോടി രൂപ. പശുക്കളുടെ എണ്ണമനുസരിച്ച് ഡയറി യൂണിറ്റിനുള്ള ആനുകൂല്യം നല്‍കുന്നു. ഒരു പശു മാത്രമുള്ള ബിപിഎല്‍ വിഭാഗം സ്ത്രീകള്‍, ഒന്നോ രണ്ടോ പശുക്കളുള്ള ഫാം ഉടമകള്‍, ഡയറി സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നവര്‍,  പുതുസംരംഭക-കര്‍ഷകര്‍ക്കുമാണ് ആനുകൂല്യം.

 

പത്തനംതിട്ടയില്‍ എക്‌സൈസ്:ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച്  മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനവും വിപണനവും
നിയന്ത്രിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സെപ്റ്റംബര്‍ 10 വരെയാണ് ഡ്രൈവ്.

സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. ജില്ലയിലെ പ്രധാനപാതകളില്‍
വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനം, കട, തുറസായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന എന്നിവ കര്‍ശനമായി തടയുമെന്നും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.

മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍ ചുവടെ:
ജില്ലാതല കണ്‍ട്രോള്‍ റൂം: 0468 2222873, ടോള്‍ ഫ്രീനമ്പര്‍:1055
താലൂക്ക്തല കണ്‍ട്രോള്‍ റൂം
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പത്തനംതിട്ട:0468 2222502, 9400069466
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അടൂര്‍: 04734 217395, 9400069464
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല: 0469 2605684, 9400069472
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മല്ലപ്പള്ളി: 0469 2682540, 9400069470
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് റാന്നി: 04735 228560, 9400069468
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്: 0468 2351000, 9400069473
എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട: 0468 2322235, 9400069476
എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല: 0469 2747632, 9400069481
എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി : 0469 2683222, 9400069480
എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി: 04735 229232, 9400069478
എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍: 04734 216050, 9400069475
എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി: 0468 2244546, 9400069477
എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍: 04735 251922, 9400069479

 

പെരുനാട് പൈതൃക ഫെസ്റ്റും ഗ്രാമോത്സവവും

ഓണാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാനൊരുങ്ങി റാന്നി പെരുനാട്. പൈതൃക ഫെസ്റ്റും ഗ്രാമോത്സവവും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍  ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കും. പൈതൃക ഓണം പുന:സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം. ഊഞ്ഞാല്‍, ഓണക്കളി, ഉറിയടി, പഴയകാല കായിക ഇനങ്ങളുടെ പുനരാവിഷ്‌കാരം, ഓണ വിഭവങ്ങള്‍ എന്നിവ ഒരുക്കും.
കൃഷിവകുപ്പ് സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്തയും ഉണ്ടാകും. പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉല്‍പാദന ഉപാധികളും പരിചയപ്പെടുത്താന്‍ പ്രദര്‍ശനം, സെമിനാര്‍, കലാരൂപങ്ങള്‍ എന്നിവ ഒരുക്കും. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയാറാകും. വിവിധ വകുപ്പുകളും സ്റ്റാളുകള്‍ ഒരുക്കും. ഫെയര്‍ വനിതാ- വയോ ജനസംഗമങ്ങള്‍ക്കും  വേദിയാകും. പഴമക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്താനും പുതുതലമുറയ്ക്ക്  പൈതൃകം കണ്ടറിയാനും മേള സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ പറഞ്ഞു.

 

വിദ്യാര്‍ഥികള്‍ക്ക് എന്‍ഡിആര്‍എഫ് പരിശീലനം നല്‍കി

ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ദേശീയ ദുരന്ത പ്രതികരണ സേന സംഘം. അപകടങ്ങളില്‍പെട്ടവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കല്‍, സിപിആര്‍, ഭൂകമ്പ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതി, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താല്‍ക്കാലിക സ്‌ട്രെറ്റ്ചര്‍ നിര്‍മിക്കുന്നവിധം, നടക്കാന്‍ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി.

ദേശീയ ദുരന്ത പ്രതികരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശീലനം നല്‍കിയത്. ആദ്യഘട്ടത്തില്‍ പെരിങ്ങര ജിഎച്ച്എസ്, നെടുമ്പ്രം ജിഎച്ച്എസ്, കടപ്ര കെഎസ്ജിഎച്ച്എസ്, പെരിങ്ങര പിഎംവിഎച്ച്എസ്, ചാത്തങ്കേരി എസ്എന്‍ഡിപിഎച്ച്എസ്, നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, കോന്നി ജിഎച്ച്എസ്എസ്, കലഞ്ഞൂര്‍ ജിഎച്ച്എസ്എസ്, ചിറ്റാര്‍ ജിഎച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലായിരുന്നു പരിശീലനം.

error: Content is protected !!