മന്ത്രിസഭാ തീരുമാനങ്ങൾ (13/08/2025)

Spread the love

 

സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും

ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.

ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം

2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും.

വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും

തലശ്ശേരി താലൂക്കിലെ വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു.

ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്‍റെയും റവന്യു വകുപ്പിന്‍റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകാനുള്ള തീരുമാനം സ്റ്റേഡിയം മാനേജ്മെൻ്റ് കമ്മിറ്റി സംയുക്തമായി എടുക്കണം.

error: Content is protected !!