
konnivartha.com: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് താലൂക്ക് വികസന സമിതിയുടെ നിർദേശത്തെ തുടര്‍ന്ന് കോന്നി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലെ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതും വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നതും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസിപ്പിച്ചതോടെ കാൽനടക്കാരുടെ സുരക്ഷയ്ക്കായി നടപ്പാത അവർക്കുവേണ്ടി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ആവശ്യം. നടപ്പാതയിൽ തടസ്സങ്ങൾ ഏറെയുണ്ട്.
കോന്നി സെൻട്രൽ ജംക്ഷനിൽ നിന്ന് ആനക്കൂട് റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ചന്ത റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലേക്ക് 50 മീറ്റർ ദൂരത്തിൽ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിനെയും മോട്ടർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി.
സീബ്രാ ലൈൻ മനസ്സിലാകത്തക്കവിധം മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കെ എസ് ടി പ്പി അധികൃതരോട് ആവശ്യപ്പെടും. ബസ് സ്‌റ്റോപ്പിൽ സ്വകാര്യ കെഎസ്ആർടിസി ബസുകൾ
നിശ്ചയിച്ചതിൽ കൂടുതൽ സമയം നിർത്തിയിട്ടാൽ നടപടി സ്വീകരിക്കും. എലിയറയ്ക്കൽ ജംക് ഷനിലെ ബസ് സ്‌റ്റോപ്പ് പുനഃക്രമീകരിക്കാൻ തീരുമാനിച്ചു.
കോന്നി സെൻട്രൽ ജംക്‌ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ കൃത്യമായി സ്ഥാപിച്ച് വാഹന ഗതാഗതം നിയന്ത്രിയ്ക്കാന്‍ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല . നാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിയന്ത്രിയ്ക്കാന്‍ നിലവില്‍ ഉള്ള പോലീസ് സംവിധാനത്തിന് കഴിയില്ല .
തിരക്ക് കൂടുന്ന അവസരങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നില്ല . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കെ എസ് ടി പ്പിയ്ക്ക് കഴിഞ്ഞിട്ടില്ല . എത്രയും വേഗം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം .