ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ : ദ്രൗപദി മുർമു ( രാഷ്‌ട്രപതി)

Spread the love

 

79-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും അത്യുത്സാഹത്തോടെ ആഘോഷിക്കുന്നുവെന്നത് നമുക്കേവർക്കും അഭിമാനകരമാണ്. ഇന്ത്യക്കാരെന്നതിൽ നാം അഭിമാനിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ദിനങ്ങളാണിവ.

 

നമ്മുടെ സഞ്ചിത സ്മരണയിൽ ഒരിക്കലും മായാത്ത ഒരു ദിനമാണ് ഓഗസ്റ്റ് പതിനഞ്ച്. അനേക വർഷം നീണ്ട കൊളോണിയൽ ഭരണത്തിൽ, ഇന്ത്യക്കാരുടെ മുൻതലമുറ സ്വാതന്ത്ര്യദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പുരുഷന്മാരും വനിതകളും, വൃദ്ധരും യുവാക്കളും, വിദേശ ഭരണത്തിന്റെ നുകം വലിച്ചെറിയാൻ ആഗ്രഹിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താൽ അടയാളപ്പെടുത്തപ്പെട്ടു.സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതും അത് തന്നെയാണ്. നാളെ ത്രിവർണ്ണ പതാകയെ വന്ദിക്കുമ്പോൾ, 78 വർഷങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ത്യാഗമനുഷ്ഠിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണകൾക്ക് മുന്നിൽ നാം ശ്രദ്ധാഞ്ജലി അർപ്പിക്കും.

 

സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം, സാർവത്രിക പ്രായപൂർത്തി വോട്ടവകാശമുള്ള ഒരു ജനാധിപത്യ രാജ്യമായി നാം മാറി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലിംഗഭേദം, മതം, മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ വോട്ടുചെയ്യുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ വിലക്കിയിരുന്ന മറ്റ് ഘടകങ്ങൾ എന്നിവയുടെ നിയന്ത്രണങ്ങളില്ലാതെ, നമ്മുടെ വിധിയുടെ വിധാതാക്കളാകാനുള്ള അധികാരം നമ്മൾ ഓരോരുത്തരുടെയും കൈകളിൽ ഏൽപ്പിക്കപ്പെട്ടു. നിരവധിയായ വെല്ലുവിളികൾക്കിടയിലും, ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിലേക്കുള്ള വിജയകരമായ പരിവർത്തനം സാധ്യമാക്കി. നമ്മുടെ പൗരാണിക ജനാധിപത്യ ധാർമ്മികതയുടെ സ്വാഭാവിക പ്രതിഫലനമായിരുന്നു ഈ പരിവർത്തനം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ റിപ്പബ്ലിക്കുകൾ ഇന്ത്യയിലായിരുന്നു. ജനാധിപത്യത്തിന്റെ മാതാവായി രാജ്യം യഥോചിതം അംഗീകരിക്കപ്പെട്ടിരിക്കുന്നു. നാം ഭരണഘടന അംഗീകരിച്ചപ്പോൾ, അത് ജനാധിപത്യത്തിന് കെട്ടുറപ്പ് നൽകി. പ്രായോഗിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ജനാധിപത്യ സ്ഥാപനങ്ങൾ നാം നിർമ്മിച്ചു. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും മറ്റെല്ലാറ്റിനേക്കാളും നാം വിലമതിക്കുന്നു.

 

കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, രാജ്യ വിഭജനം സൃഷ്ടിച്ച വേദന നാം മറക്കരുത്. ഇന്ന് നാം വിഭജന ഭീതിയുടെ അനുസ്മരണ ദിനം

(വിഭജൻ വിഭിഷിക സ്മൃതി ദിവസ്) ആചരിച്ചു. ഭയാനകമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച വിഭജനം മൂലം ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി. ചരിത്രപരമായ വിഡ്‌ഢിത്തത്തിന് ഇരകളായിത്തീർന്നവർക്ക് ഇന്ന് നാം ആദരാഞ്ജലി അർപ്പിക്കുന്നു.

 

പ്രിയ സഹ പൗരന്മാരേ,

നമ്മുടെ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന നാല് സ്തംഭങ്ങളെന്ന നിലയിൽ നമ്മുടെ ഭരണഘടന നാല് മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. അവ – നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ്. സ്വാതന്ത്ര്യസമരകാലത്ത് നാം വീണ്ടും കണ്ടെത്തിയ നമ്മുടെ സാംസ്ക്കാരിക തത്വങ്ങളാണിവ. ഇവയുടെയെല്ലാം കാതൽ, മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാവരും മാന്യമായി പരിഗണിക്കപ്പെടാൻ അർഹരാണ്. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും എല്ലാവർക്കും തുല്യ പ്രവേശനം ഉണ്ടായിരിക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കണം. പരമ്പരാഗതമായി പിന്നാക്കാവസ്ഥയിൽ തുടരുന്നവർക്ക് ഒരു സഹായഹസ്തം നീട്ടേണ്ടതുണ്ട്.

 

ഈ തത്വങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, 1947 ൽ നാം ഒരു പുതിയ യാത്ര ആരംഭിച്ചു. ദീർഘമായ വിദേശ ഭരണത്തിനുശേഷം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ അതിനുശേഷം 78 വർഷത്തിനുള്ളിൽ, സമസ്ത മേഖലകളിലും നാം അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വലിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

 

സാമ്പത്തിക മേഖലയിൽ, നമ്മുടെ നേട്ടങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.5 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കോടെ, ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറി. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന സമ്മർദ്ദങ്ങൾക്കിടയിലും, ആഭ്യന്തര ആവശ്യകത ഉയരുകയാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. കയറ്റുമതി ഉയരുകയാണ്. എല്ലാ പ്രധാന സൂചകങ്ങളും സമ്പദ്‌വ്യവസ്ഥ ആരോഗ്യത്തിന്റെ കൊടുമുടിയിലാണെന്ന് കാണിക്കുന്നു. ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത പരിഷ്‌ക്കാരങ്ങളും സൂക്ഷ്മമായ സാമ്പത്തിക മാനേജ്മെന്റും നമ്മുടെ തൊഴിലാളികളുടെയും കർഷകരുടെയും കഠിനാധ്വാനവും സമർപ്പണവും മൂലമാണ് ഇത് സാധ്യമാകുന്നത്.

 

സദ്ഭരണത്തിലൂടെ വലിയൊരു വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായിട്ടുണ്ട്. ദരിദ്രർക്കും, ദാരിദ്ര്യരേഖയിൽ നിന്ന് കരകയറിയെങ്കിലും ഇപ്പോഴും ദുർബലരായി തുടരുന്നവർക്കും വേണ്ടി സർക്കാർ ഒട്ടേറെ ക്ഷേമ സംരംഭങ്ങൾ നടത്തിവരുന്നു. അങ്ങനെ അവർ വീണ്ടും താഴെയ്ക്ക് പതിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. സാമൂഹിക സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ചെലവിൽ ഇത് പ്രതിഫലിക്കുന്നു. വരുമാന അസമത്വം കുറയുന്നു. പ്രാദേശിക അസമത്വങ്ങളും അപ്രത്യക്ഷമാകുന്നു. മുമ്പ് ദുർബലമായ സാമ്പത്തിക പ്രകടനത്തിന് പേരുകേട്ട സംസ്ഥാനങ്ങളും പ്രദേശങ്ങളും ഇപ്പോൾ അവരുടെ യഥാർത്ഥ ശേഷി പ്രകടിപ്പിക്കുകയും മുൻനിരയിൽ നിൽക്കുന്നവരുമായി മത്സരിക്കുകയും ചെയ്യുന്നു.

 

നമ്മുടെ ബിസിനസ്സ് പ്രമുഖർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, വ്യാപാരികൾ എന്നിവർ അസാധ്യമായി ഒന്നുമില്ലെന്ന മനോഭാവം സദാ പ്രകടമാക്കുന്നു; സമ്പദ് സൃഷ്ടിയിലെ തടസ്സങ്ങൾ നീക്കം ചെയ്യുക എന്നതായിരുന്നു ആവശ്യം. കഴിഞ്ഞ ദശകത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അത് വളരെ വ്യക്തമായി. ഭാരത് മാല പരിയോജനയുടെ കീഴിൽ ദേശീയ പാത ശൃംഖല വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റെയിൽവേയും ഒട്ടേറെ നൂതനാശയങ്ങൾ വികസിപ്പിച്ചെടുത്തു. അതിനൂതന സാങ്കേതികവിദ്യകളോടുകൂടിയ പുതിയ തരം ട്രെയിനുകളും കോച്ചുകളും അവതരിപ്പിച്ചു. കശ്മീർ താഴ്‌വരയിലെ റെയിൽ ലിങ്കിന്റെ ഉദ്ഘാടനം ഒരു സുപ്രധാന നേട്ടമാണ്. താഴ്‌വരയുമായുള്ള റെയിൽ ബന്ധം മേഖലയിലെ വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും ഉത്തേജിപ്പിക്കുകയും പുതിയ സാമ്പത്തിക സാധ്യതകൾ തുറക്കുകയും ചെയ്യും. കശ്മീരിലെ ഈ എഞ്ചിനീയറിംഗ് അത്ഭുതം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.

 

രാജ്യം അതിവേഗം നഗരവത്ക്കരിക്കപ്പെടുകയാണ്. അതിനാൽ, നഗരങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിവരികയാണ്. നഗര ഗതാഗതമെന്ന സുപ്രധാന മേഖലയെ അഭിസംബോധന ചെയ്തുകൊണ്ട്, മെട്രോ റെയിൽ സൗകര്യങ്ങൾ ഗവൺമെന്റ് വികസിപ്പിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ മെട്രോ റെയിൽ സർവീസുള്ള നഗരങ്ങളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു. അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ അഥവാ അമൃത്, കൂടുതൽ കൂടുതൽ വീടുകൾക്ക് കുടിവെള്ള വിതരണവും മലിനജല നിവാരണ കണക്ഷനും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

 

അടിസ്ഥാന ജീവിത സൗകര്യങ്ങൾ പൗരന്മാരുടെ അവകാശങ്ങളായാണ് ഗവണ്മെന്റ് കണക്കാക്കുന്നത്. ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്നതില്‍ ജൽ ജീവൻ മിഷൻ പുരോഗതി കൈവരിച്ചുവരുന്നു.

 

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിലൂടെ, ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുന്നു. 55 കോടിയിലധികം പേര്‍ക്ക് പദ്ധതി ഇതിനകം ഇൻഷുറൻസ് പരിരക്ഷ നൽകിക്കഴിഞ്ഞു. 70 വയസ്സോ അതിന് മുകളിലോ പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ പദ്ധതി ആനുകൂല്യം ഗവണ്മെന്റ് വിപുലീകരിച്ചു. ലഭ്യതയിലെ അസമത്വങ്ങൾ ഇല്ലാതാകുന്നതോടെ ദരിദ്രരും താഴെക്കിടയിലെ മധ്യവർഗക്കാരും സാധ്യമായതില്‍ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷാ സൗകര്യങ്ങളുടെ പ്രയോജനം നേടുന്നു.

 

ഈ ഡിജിറ്റൽ യുഗത്തിൽ രാജ്യത്ത് വിസ്മയകരമായ പുരോഗതി കൈവരിച്ച മേഖല വിവരസാങ്കേതികവിദ്യയാണെന്നതില്‍ തര്‍ക്കമില്ല. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും 4G മൊബൈൽ ലഭ്യതയുണ്ട്. ബാക്കി ഗ്രാമങ്ങളിൽ ഇത് വൈകാതെ ലഭ്യമാകും. രാജ്യത്തെ ജനങ്ങള്‍ ഡിജിറ്റൽ പണമിടപാഡുകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വന്‍തോതിൽ ഉപയോഗിക്കുന്നതിലേക്ക് നയിച്ച ഈ സാങ്കേതിക വികസനം, ചുരുങ്ങിയ സമയത്തിനകം ഇന്ത്യയെ ഈ രംഗത്ത് ആഗോള നേതൃനിരയിലെത്തിച്ചു. ക്ഷേമ ആനുകൂല്യങ്ങൾ തടസ്സമോ ചോർച്ചയോ ഇല്ലാതെ നിര്‍ദിഷ്ട ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനും ഇത് വഴിയൊരുക്കി. ലോകത്തെ ആകെ ഡിജിറ്റൽ പണമിടപാടുകളുടെ പകുതിയിലേറെയും നടക്കുന്നത് ഇന്ത്യയിലാണ്. ഊർജസ്വലമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ഈ വികസനം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിലേക്ക് നല്‍കുന്ന സംഭാവന വർഷം തോറും വർധിച്ചുവരുന്നു.

 

സാങ്കേതിക പുരോഗതിയുടെ അടുത്ത ഘട്ടമായ നിര്‍മ്മിതബുദ്ധി ഇതിനകം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. രാജ്യത്തെ AI ശേഷി ശക്തിപ്പെടുത്താന്‍ സർക്കാർ ഇന്ത്യ-AI ദൗത്യത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ പ്രത്യേക ആവശ്യകതകൾക്ക് ഉത്തരം നൽകുന്ന AI മാതൃകകള്‍ നിർമിക്കാനും ഇത് സഹായിക്കുന്നു. 2047-ഓടെ രാജ്യം ആഗോള AI കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങൾ സാധാരണക്കാര്‍ക്കുവേണ്ടി ഏറ്റവും മികച്ച രീതിയിൽ ഉപയോഗിപ്പെടുത്തുന്നതിലും ഭരണനിർവ്വഹണം കാര്യക്ഷമമാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് നാം തുടരും.

 

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി, വ്യാപാരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നാം തുല്യപരിഗണന നൽകുന്നു. അരികുവൽക്കരിക്കപ്പെട്ടവരെ സഹായിക്കുകയും അവർക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമ്പോൾ മാത്രമാണ് വികസനലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മാത്രമല്ല, സാധ്യമായ എല്ലാ മേഖലകളിലും നാം സ്വയംപര്യാപ്തത കൈവരിക്കുകയാണ്. ഇത് രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ആക്കംകൂട്ടുകയും ചെയ്തു.

 

കഴിഞ്ഞ വാരം ഓഗസ്റ്റ് 7-ന് രാജ്യത്തെ നെയ്ത്തുകാരെയും അവരുടെ ഉൽപ്പന്നങ്ങളെയും ആദരിക്കുന്ന ‘ദേശീയ കൈത്തറി ദിനം’ രാജ്യം ആഘോഷിച്ചു. 1905-ൽ സ്വാതന്ത്ര്യ സമരകാലത്ത് തുടക്കംകുറിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാര്‍ത്ഥം 2015 മുതൽ നാം ഈ ദിനം ആഘോഷിച്ചുവരുന്നു. ഇന്ത്യൻ കരകൗശല വിദഗ്ധരുടെയും കരകൗശല കലാകാരന്മാരുടെയും വിയർപ്പും അധ്വാനവും അവരുടെ അതുല്യ കഴിവുകളുമുപയോഗിച്ച് നിർമിച്ച ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാന്‍ സ്വദേശി എന്ന ആശയത്തിന്റെ ആത്മാവിനെ മഹാത്മാഗാന്ധി ശക്തിപ്പെടുത്തി. മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭവും ആത്മനിർഭർ ഭാരത് അഭിയാനുമുള്‍പ്പെടെ ദേശീയ ശ്രമങ്ങൾക്ക് ഈ സ്വദേശി ആശയം പ്രചോദനമേകുന്നു. ഇന്ത്യൻ ഉല്പന്നങ്ങൾ വാങ്ങുമെന്നും ഉപയോഗിക്കുമെന്നും നമുക്ക് ദൃഢനിശ്ചയം ചെയ്യാം.

 

പ്രിയപ്പെട്ട സഹപൗരന്മാരെ,

സാമൂഹ്യമേഖലയിലെ സംരംഭങ്ങളിലൂടെ കൈവരിച്ച സമ്പൂര്‍ണ സമഗ്ര സാമ്പത്തിക വളർച്ച 2047-ഓടെ വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുയരാന്‍ ഇന്ത്യയ്ക്ക് വഴിതുറന്നിരിക്കുന്നു. അമൃതകാലത്ത് രാജ്യം മുന്നേറുമ്പോൾ നാമോരോരുത്തരും കഴിവിന്റെ പരമാവധി സംഭാവന ചെയ്യുന്നതായി ഞാന്‍ കാണുന്നു. ഈ പാതയില്‍ നമ്മെ നയിക്കുന്ന മൂന്ന് വിഭാഗങ്ങളാണ് സമൂഹത്തിലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു – യുവജനങ്ങൾ, സ്ത്രീകൾ, ഏറെക്കാലമായി അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർ.

 

രാജ്യത്തെ യുവാക്കൾ ഇപ്പോള്‍ അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് ശരിയായ അന്തരീക്ഷം കണ്ടെത്തിയിരിക്കുന്നു. ദൂരവ്യാപക പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ ദേശീയ വിദ്യാഭ്യാസ നയം, പഠനത്തെ മൂല്യങ്ങളുമായും കഴിവുകളെ പാരമ്പര്യവുമായും സമന്വയിപ്പിച്ചു. തൊഴിലവസരങ്ങൾ കുതിച്ചുയരുകയാണ്. സംരംഭകത്വം സ്വപ്നം കാണുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ ആവാസവ്യവസ്ഥയാണ് ഗവണ്മെന്റ് ഒരുക്കിയിരിക്കുന്നത്. യുവമനസ്സുകള്‍ ഊര്‍ജം പകർന്ന രാജ്യത്തെ ബഹിരാകാശ പദ്ധതി അഭൂതപൂർവമായ വികാസത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാൻഷു ശുക്ല നടത്തിയ യാത്ര ഒരു തലമുറയെ ഒന്നടങ്കം വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചുവെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യയുടെ വരാനിരിക്കുന്ന ‘ഗഗൻയാൻ ‘ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ഇത് ഏറെ സഹായകമാകും. പുത്തന്‍ ആത്മവിശ്വാസത്തോടെ രാജ്യത്തെ യുവത കായികരംഗത്തും ഗെയിംസിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. ഉദാഹരണമായി, ചെസ്സിൽ രാജ്യത്തെ യുവത മുമ്പെങ്ങുമില്ലാത്തവിധം ആധിപത്യം സ്ഥാപിക്കുന്നു. 2025-ലെ ദേശീയ കായിക നയത്തിന്റെ ഭാഗമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമായി അടയാളപ്പെടുത്തുന്ന പരിവർത്തനാത്മക മാറ്റങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്.

 

രാജ്യത്തെ പെൺമക്കള്‍ നമ്മുടെ അഭിമാനമാണ്. പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലടക്കം എല്ലാ രംഗങ്ങളിലും അവർ തടസ്സങ്ങൾ മറികടക്കുന്നു. മികവിന്റെയും ശാക്തീകരണത്തിന്റെയും സാധ്യതകളുടെയും സുപ്രധാന സൂചകങ്ങളിലൊന്നാണ് കായികമേഖല. ഇന്ത്യയിൽ നിന്നും പത്തൊൻപത് വയസ്സുകാരിയായ പെൺകുട്ടിയും മുപ്പത്തിയെട്ടുകാരിയായ സ്ത്രീയും ഫിഡെ വനിതാ ലോകകപ്പ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തി. തലമുറകളായി രാജ്യത്തെ വനിതകള്‍ക്കിടയിലെ സുസ്ഥിരവും ആഗോളതലത്തിൽ താരതമ്യപ്പെടുത്താവുന്നതുമായ മികവിനെ ഇത് അടിവരയിടുന്നു. തൊഴിലിലെ ലിംഗവ്യത്യാസവും കുറഞ്ഞുവരികയാണ്. ‘നാരി ശക്തി വന്ദൻ അധിനിയ’ത്തിലൂടെ സ്ത്രീ ശാക്തീകരണം കേവലം മുദ്രാവാക്യത്തിലുപരി ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു.

 

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളും മറ്റ് സമുദായങ്ങളുമടങ്ങുന്ന സമൂഹത്തിലെ പ്രധാന വിഭാഗം ജനങ്ങള്‍ പാർശ്വവൽക്കരിക്കപ്പെട്ടവരെന്ന അടയാളപ്പെടുത്തല്‍ ഉപേക്ഷിക്കുകയാണ്. നിരവധി സംരംഭങ്ങളിലൂടെ അവരുടെ സാമൂഹ്യ-സാമ്പത്തിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ഗവണ്മെന്റ് സജീവ പിന്തുണയേകുന്നു.

 

ഇന്ത്യ അതിന്റെ യഥാർത്ഥ സാധ്യതകളുടെ സാക്ഷാത്ക്കാരത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. നയങ്ങളും പരിഷ്കാരങ്ങളും ഫലപ്രദമായ വേദിയൊരുക്കിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനും നാമോരോരുത്തരും ഊര്‍ജസ്വലമായി സംഭാവന ചെയ്യുന്ന ശോഭനഭാവി എനിക്ക് മുന്നിൽ കാണാം.

 

സുസ്ഥിര സദ്ഭരണത്തിലൂന്നി അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നാം ആ ഭാവിയിലേക്ക് മുന്നേറുകയാണ്. മഹാത്മാഗാന്ധിയുടെ ഒരു പ്രധാന ഉദ്ധരണിയാണ് എനിക്കോര്‍മ വരുന്നത്:

 

“അഴിമതിയും കാപട്യവും ജനാധിപത്യത്തിന്റെ അനിവാര്യ ഉല്പന്നങ്ങളാകരുത്.”

 

ഗാന്ധിജിയുടെ ആദർശം സാക്ഷാത്കരിക്കാനും അഴിമതി നിർമാർജനം ചെയ്യാനും നമുക്ക് പ്രതിജ്ഞയെടുക്കാം.

 

പ്രിയ സഹ പൗരന്മാരേ,

ഈ വർഷം നമുക്ക് ഭീകരവാദത്തിന്റെ വിപത്തിനെ നേരിടേണ്ടി വന്നു. കശ്മീരിൽ അവധി ആഘോഷിക്കാനെത്തിയ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയത് ഭീരുത്വപരവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ സംഭവമായിരുന്നു. ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ കൃത്യമായി പ്രതികരിച്ചു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി, ഏത് സാഹചര്യത്തെയും നേരിടാൻ നമ്മുടെ സായുധ സേന സജ്ജമാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. തന്ത്രപരമായ വ്യക്തതയോടും സാങ്കേതിക ശേഷിയോടും കൂടി സേന, അതിർത്തിക്കപ്പുറത്തുള്ള ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിന്റെ ഒരു ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

 

നമ്മുടെ പ്രതികരണത്തിൽ, ഏറ്റവും ശ്രദ്ധേയമായത് നമ്മുടെ ഐക്യമായിരുന്നു. അത്, നമ്മെ വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടി കൂടിയായിരുന്നു. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ച, വിവിധ രാഷ്ട്രീയ പാർട്ടികളിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട പ്രതിനിധി സംഘങ്ങളിലും നമ്മുടെ ഐക്യം പ്രകടമായിരുന്നു. നാം ആക്രമണകാരികളാകില്ല, എന്നാൽ നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കുള്ള പ്രതിരോധമായി നാം തിരിച്ചടിക്കാൻ മടിക്കില്ല എന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചു.

 

പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഒരു പരീക്ഷണ സംഭവം കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിന്റെ ഫലം, നാം ശരിയായ പാതയിലാണെന്ന് തെളിയിച്ചു. നമ്മുടെ തദ്ദേശീയ ഉൽപ്പാദനം, നമ്മുടെ നിരവധി സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിൽ നമ്മെ സ്വയംപര്യാപ്തരാക്കുന്ന തരത്തിൽ നിർണായകമായ പുരോഗതി കൈവരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടങ്ങളാണിവ.

 

പ്രിയ സഹ പൗരന്മാരേ,

പരിസ്ഥിതി സംരക്ഷണത്തിനായി നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ നിങ്ങളെ പ്രചോദിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളിയോട് പ്രതികരിക്കാൻ, നമ്മളും മാറേണ്ടത് അനിവാര്യമാണ്. നമ്മുടെ ശീലങ്ങളും ലോകവീക്ഷണവും നാം മാറ്റണം. നമ്മുടെ ഭൂമി, നദികൾ, പർവതങ്ങൾ, സസ്യജന്തുജാലങ്ങൾ എന്നിവയുമായുള്ള നമ്മുടെ ബന്ധത്തിൽ നാം മാറ്റം വരുത്തണം. നമ്മുടെ എല്ലാവരുടെയും സംഭാവനയോടെ, ജീവജാലങ്ങൾ സ്വാഭാവിക ക്രമത്തിൽ തഴച്ചുവളരുന്ന ഒരു ഭൂമിയെ നമുക്ക് അവശേഷിപ്പിക്കാനാകും.

 

പ്രിയ സഹ പൗരന്മാരേ,

ഈ അവസരത്തിൽ, നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികരെയും, പോലീസിനെയും, കേന്ദ്ര സായുധ പോലീസ് സേനകളെയും ഞാൻ പ്രത്യേകം ഓർക്കുന്നു. നീതിന്യായ വ്യവസ്ഥയിലെയും സിവിൽ സർവീസിലെയും ഉദ്യോഗസ്ഥർക്ക് എന്റെ ആശംസകൾ. വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പ്രവാസികൾക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ!

 

ഒരിക്കൽ കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

 

നന്ദി.

ജയ് ഹിന്ദ്!

ജയ് ഭാരത്!

error: Content is protected !!