സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തും

Spread the love

 

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയുടെ ആഗമനം, 8.53ന് ജില്ലാ കളക്ടറുടെ ആഗമനം. 9ന് മുഖ്യാതിഥിയായ മന്ത്രി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പരേഡ് മാര്‍ച്ച് പാസ്റ്റിനും മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി അരങ്ങേറും.

പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്‌പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവാണ് പരേഡ് കമാന്‍ഡര്‍.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സാംസ്‌കാരി പരിപാടി, ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, നാഷണല്‍ ഇന്റഗ്രേഷന്‍ ഡാന്‍സ് എന്നിവ അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫികളുടെ വിതരണവും സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് കോളജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എഡിഎം ബി ജ്യോതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കം വിലയിരുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

error: Content is protected !!