
konnivartha.com: കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.ഇക്കാര്യം പ്രസ് റിലീസായി പുറത്തിറക്കി . ഇതില്‍ നിരവധി മലയാളികള്‍ ഉണ്ട് എന്നാണ് സൂചന . മരണങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല . 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണ്.ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ +965 6550158 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വാട്സ്സാപ്പിലോ നേരിട്ടോ ബന്ധപ്പെടാം.പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്.വിവിധ രാജ്യക്കാരായ 63 പേര്‍ക്കാണ് ചികിത്സ നല്‍കിയത് .
അദാന്‍, ഫര്‍വാനിയ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കി.31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് പൂര്‍ത്തിയാക്കി. ഇതില്‍ 21 പേര്‍ക്ക് സ്ഥിരമായും ഭാഗീകമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.കേരളക്കാര്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ചികിത്സയില്‍ ഉണ്ട് എന്ന് അറിയുന്നു . എന്നാല്‍ ആരുടേയും പേര് വിവരങ്ങള്‍ നാട് എന്നിവയുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല . അല്‍ ഷുയൂഖ ബ്ലോക്ക് നാലില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
വിഷമദ്യവില്‍പ്പന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി വസ്തുക്കള്‍ക്ക് എതിരെ കര്‍ശന നടപടി ഉള്ള രാജ്യമാണ് കുവൈറ്റ് . അതീവ രഹസ്യമായി പല സ്ഥലത്തും വ്യാജ മദ്യം നിര്‍മ്മിച്ച് രഹസ്യമായി വിതരണം ചെയ്യുന്നവര്‍ ഉണ്ട് . ഇതില്‍ ചില മലയാളികളും ഉള്‍പ്പെടുന്നു എന്നൊരു സൂചന ഉണ്ട് . കുവൈത്തില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടികളും പരിശോധനകളും കര്‍ശനമായി നടന്നു വരുന്നു .