പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/08/2025 )

Spread the love

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തും

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയുടെ ആഗമനം, 8.53ന് ജില്ലാ കളക്ടറുടെ ആഗമനം. 9ന് മുഖ്യാതിഥിയായ മന്ത്രി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പരേഡ് മാര്‍ച്ച് പാസ്റ്റിനും മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി അരങ്ങേറും.
പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്‌പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവാണ് പരേഡ് കമാന്‍ഡര്‍.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സാംസ്‌കാരി പരിപാടി, ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, നാഷണല്‍ ഇന്റഗ്രേഷന്‍ ഡാന്‍സ് എന്നിവ അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫികളുടെ വിതരണവും സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് കോളജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എഡിഎം ബി ജ്യോതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കം വിലയിരുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


അഖിലലോക അയ്യപ്പ സംഗമം: സ്വാഗത സംഘ രൂപീകരണ യോഗം

സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി സെപ്തംബറില്‍ പമ്പയില്‍ സംഘടിപ്പിക്കുന്ന അഖില ലോക അയ്യപ്പ സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഓഗസ്റ്റ് 16 (ശനിയാഴ്ച) രാവിലെ 10 ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ പമ്പ ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കും.

ചുമര്‍ചിത്ര അനാവരണം ഇന്ന് (ഓഗസ്റ്റ് 15, വെളളി)

പത്തനംതിട്ട നഗരസഭ ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ ഒന്നാം വാര്‍ഷികവും ചുമര്‍ചിത്ര അനാവരണവും വൃത്തിവര കാമ്പയിന്‍ പ്രഖ്യാപനവും ഇന്ന് (ഓഗസ്റ്റ് 15, വെളളി) രാവിലെ 11 ന് കലക്ടറേറ്റ് കവാടത്തില്‍ നടക്കും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ  പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരാണ് മുഖ്യാതിഥികള്‍. കടമ്മനിട്ട ഗോത്രകളരി പ്രസിഡന്റ് കടമ്മനിട്ട രഘുകുമാര്‍ പടയണി സന്ദേശം നല്‍കും.  ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തെ കുറിച്ച് ഹരിതകര്‍മസേന കണ്‍സോഷ്യം വിശദീകരിക്കും. നാരാങ്ങാനം കടമ്മനിട്ട ഗോത്രകളരി- പൈതൃക കലാകളരി പടയണിപാട്ട് അവതരിപ്പിക്കും. ചുമര്‍ചിത്ര കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം നടന്നു:സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷയില്‍ ചേര്‍ന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് സമയബന്ധതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പട്ടികജാതി വികസനത്തിന് 2025-26ല്‍ കോര്‍പ്പസ് ഫണ്ടില്‍ നിന്നും അനുവദിച്ച 81 ലക്ഷം രൂപയ്ക്ക് ആറ് പദ്ധതികളും വിജ്ഞാന വാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 13 പദ്ധതികളും പട്ടിക വര്‍ഗ വികസനത്തിന് അനുവദിച്ച 71 ലക്ഷം രൂപയ്ക്ക് 17 പദ്ധതികളും യോഗം അംഗീകരിച്ചു.

പട്ടികജാതി വികസന പദ്ധതികളില്‍ റോഡ് നിര്‍മ്മാണം, സംരക്ഷണഭിത്തി, വിജ്ഞാന വാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നീ പദ്ധതികള്‍ അംഗീകരിച്ചു.
പട്ടികവര്‍ഗ വികസന പദ്ധതികളില്‍ ളാഹ, മഞ്ഞത്തോട് പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം, മഞ്ഞത്തോട് പ്രകൃതിയിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതീകരണം, സാമൂഹ്യ പഠനമുറികളില്‍ ഡിജിറ്റല്‍ സൗകര്യം തുടങ്ങിയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ജി ഉല്ലാസ്, പട്ടികജാതി പട്ടികവികസന ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഓണം ഖാദി മേളയ്ക്ക് സെപ്റ്റംബര്‍ 4 വരെ 30 ശതമാനം  റിബേറ്റ്

ജില്ലാ  ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓണം ഖാദി മേളയോടനുബന്ധിച്ച്  സെപ്റ്റംബര്‍ 4 വരെ ഖാദി, കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം  റിബേറ്റ്.  കൊടുമണ്‍ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 16) രാവിലെ 10  മുതല്‍  ഖാദി പ്രദര്‍ശനവിപണന മേള നടക്കും. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ബാങ്ക്/പൊതുമേഖലാ സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്ക്  ഓണക്കാലത്ത് ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യമുണ്ട്. കോട്ടണ്‍, സില്‍ക്ക്  സാരികള്‍,  സില്‍ക്ക്  റെഡിമെയ്ഡ്  ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ്ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ്  തുടങ്ങി വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
ഖാദി ഗ്രാമ സൗഭാഗ്യ-ഇലന്തൂര്‍  8113870434, ഖാദി ഗ്രാമ സൗഭാഗ്യ-പത്തനംതിട്ട- 9744259922, ഖാദി ഗ്രാമ സൗഭാഗ്യ-റാന്നി – 7736703933, ഖാദി ഗ്രാമ സൗഭാഗ്യ-അടൂര്‍ – 9061210135.

ജൈവവൈവിധ്യ കോണ്‍ഗ്രസ്

വിദ്യാര്‍ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍ -കോളജ്  വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ട് അവതരണ മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളാണുളളത്.  ജൈവവൈവിധ്യ ബോര്‍ഡ്  ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 8907446149(അരുണ്‍ സി രാജന്‍), ഇ-മെയില്‍ : [email protected] വെബ്‌സൈറ്റ് : https://keralabiodiversity.org/

കേരളോത്സവ ലോഗോ : എന്‍ട്രികള്‍ ക്ഷണിച്ചു

യുവജന ക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വിലാസം :  മെമ്പര്‍ സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം 43,  ഫോണ്‍ : 0471 2733139, 2733602.


മാറ്റിവച്ച പിഎസ്‌സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 ന്

ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) നേരിട്ടുളള നിയമനം, പിഡബ്ല്യൂഡി /ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍  008/2024),  ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) എസ്.ടി വിഭാഗത്തിനുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍  293/2024), ട്രേസര്‍ -നേരിട്ടുളള നിയമനം -കെഎസ്ഡിസി ഫോര്‍ എസ് സി /എസ് ടി  (കാറ്റഗറി നമ്പര്‍ 736/2024)  തസ്തികകളുടെ  തിരഞ്ഞെടുപ്പിന് ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പഴയ തീയതിയിലുളള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.  വെബ്‌സൈറ്റ് :www.keralapsc.gov.in  ഫോണ്‍ : 0468 2222665.

മാറ്റിവെച്ച പിഎസ്‌സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 16 ന്

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 732/2024) ഇന്‍ പ്രസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് തസ്തികയുടെ  ജൂലൈ 22 ന് നടക്കേണ്ടിയിരുന്ന ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 16 രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. പുതുക്കിയ  തീയതിയിലെ (16.08.2025) അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.  വെബ്‌സൈറ്റ് :www.keralapsc.gov.in  ഫോണ്‍ : 0468 2222665.


റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 207/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2022 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2025 ഓഗസ്റ്റ് ഒന്ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേനെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി,  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ  ഡിസിഎ 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ ഓഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 12 വരെയും നീട്ടി. വെബ്‌സൈറ്റ് : www.scolekerala.org


ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.


ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍  തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്  ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7994926081.

 

പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി ഓഫീസുകളില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉളളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/തത്തുല്യം. പ്രായപരിധി 18-40.

ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലേക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ഓഗസ്റ്റ് 22 വൈകിട്ട് അഞ്ച് വരെ. അപേക്ഷാ ഫോം മാതൃക ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ , ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുളള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.

മിലിട്ടറി പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് ധനസഹായം

മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് ഫാമിലി പെന്‍ഷന്‍  ലഭിക്കാത്തവരുമായ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന  വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും  സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കാം. വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ താഴെ. സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷിക്കണം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 2961104.

ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1998 മോഡല്‍ മഹീന്ദ്ര വാഹനം ലേലം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി  ഓഗസ്റ്റ് 20. ഫോണ്‍: 0468 2214639 ഇമെയില്‍ : [email protected]

error: Content is protected !!