
സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷവും, സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളെ ദൈവമായി ആദരിക്കുക, ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും പകർന്നുനൽകുന്നതിന്റ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആയിരം ദിവസങ്ങൾ നിൽക്കുന്ന സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽ വീടുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക,വൃക്ഷം നൽകുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണമേകുക എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി കേരളത്തിലെ എല്ലാ വീടുകളിലും ഗാന്ധിഭവൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അയൽ വീട്ടിൽ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം പദ്ധതി ചെയർമാൻ സലിൽ വയലാത്തലക്ക് വൃക്ഷത്തൈ നൽകിക്കൊണ്ടും അദ്ദേഹം നിർവഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഗാന്ധിഭവൻ ദേവലോകം വികസന സമിതി വൈസ് ചെയർപേഴ്സനുമായ അനീ സാബു തോമസ് അധ്യക്ഷയായ ചടങ്ങിൽ കെപിസിസി അംഗം മാത്യു കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി.
അയൽ വീട്ടിൽ ഒരു മരം പദ്ധതി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ സലിൽ വയലത്തല, ദേവലോകം വികസന സമിതി അംഗവും അരുവാപ്പുലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ ദേവലോകം വികസന സമിതി അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയുമായ എ ദീപു കുമാർ, മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജ് അധ്യാപികമാരായ ദീപ്തി,ശ്രീമതി ഷിനി കുമാരി എന്നിവർ സംസാരിച്ചു.
ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ് സ്വാഗതവും വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.