
konnivartha.com: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
https://nehrutrophy.nic.in എന്ന നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപ്പന. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കും ആണ് ഇതിനായി പെയ്മെൻറ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൂടാതെ ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, കോണ്‍ക്രീറ്റ് പവലിയനിലെ റോസ് കോര്‍ണര്‍ 1500, വിക്ടറി ലെയ്‌നിലെ വുഡന്‍ ഗ്യാലറി 500, ഓള്‍ വ്യൂ വുഡന്‍ ഗാലറി 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽനെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം,എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, ആലപ്പുഴ നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി,
എസ് ബി ഐ റീജിയണൽ മാനേജർ ടി വി മനോജ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ആൻഡ് റീജിയണൽ ഹെഡ്വിപിൻ വി ഉണ്ണിത്താൻ, കരൂർ വൈശ്യ ബാങ്ക് കേരള ഹെഡ് കെ എം സജിത്ത്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നെഹ്‌റു ട്രോഫി വള്ളംകളി കമന്ററി മത്സരം 19 ന്
എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന് ചൊവ്വാഴ്ച്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരം എച്ച് സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ സി കെ സദാശിവന്‍ അധ്യക്ഷനാകും.
ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ല) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2024 നെഹ്റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആലപ്പുഴ അലീന ജ്വല്ലറി നല്‍കുന്ന കാഷ് അവാര്‍ഡും പബ്ലിസിറ്റി കമ്മിറ്റി നല്‍കുന്ന മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
താല്പര്യമുള്ളവര്‍ 19ന് രാവിലെ 9.30ന് രജിസ്ട്രേഷന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0477-2251349 എന്ന നമ്പറില്‍ വിളിക്കാം.