പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/08/2025 )

Spread the love

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്:വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.
ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയടക്കം വികസന പാതയിലാണ്. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028 ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരഅനുഷ്ഠാനം പാലിക്കും. തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.
ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പ സംഗമമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ പമ്പയിലാകും. ശബരിമലയുടെ വികസനത്തിനുതകുന്ന  പദ്ധതി ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അയ്യപ്പ സംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വിശ്വാസ, ആചാരങ്ങള്‍ ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് ഓര്‍മയില്‍ തങ്ങളാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താന്‍ സംഗമത്തിലൂടെ സാധിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അറിയിച്ചു. അയ്യപ്പ സംഗമത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ടൂറിസം, വനംവകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകളുടെ സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. റവന്യു- ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ഡിഐജി അജിതാ ബീഗം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പൊലിസ് മേധാവികളായ ആര്‍ ആനന്ദ്, എം പി മോഹനചന്ദ്രന്‍, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍ കുമാര്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, ഐക്യ മലയരയ മഹാസഭ പ്രതിനിധികളായ എം സംഗീത് കുമാര്‍, സുരേഷ് പരമേശ്വരന്‍, കെ കെ സനല്‍ കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി

സെപ്തംബര്‍ 20 ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, പി പ്രസാദ്, എം ബി രാജേഷ്, ഒ ആര്‍ കേളു, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന പൊലിസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍.
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍പേഴ്സനായി ജനറല്‍ കമ്മിറ്റി പ്രവര്‍ത്തിക്കും. സ്റ്റിയറിങ് കമ്മിറ്റിയില്‍ മന്ത്രി വി എന്‍ വാസവന്‍ ചെയര്‍പേഴ്സനും മന്ത്രി വീണാ ജോര്‍ജ് വൈസ് ചെയര്‍പേഴ്സനുമാണ്. കെ യു ജനീഷ് കുമാറാണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സന്‍. സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജാണ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സന്‍. സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നയിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സനായി പ്രവര്‍ത്തിക്കും. സെക്യൂരിറ്റി കമ്മിറ്റി ചെയര്‍പേഴ്സന്‍ എഡിജിപി എസ് ശ്രീജിത്താണ്. വാഴൂര്‍ സോമന്‍ എംഎല്‍എയാണ് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്സന്‍.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ സാംസ്‌കാരിക സമ്പന്നതയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള പ്രശസ്തി നേടിയ ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തദ്ദേശസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി 2025 ഓഗസ്റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവൃത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി

കര്‍ഷക ദിനാചരണം ഓഗസ്റ്റ് 17 ന് (ഞായര്‍)മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 രാവിലെ 10 ന് നെടിയകാല മേനോന്‍ സ്മാരക ഗ്രന്ഥശാലയില്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷയാകും.മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, അംഗം രജിത കുഞ്ഞുമോന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.

കര്‍ഷക ദിനാചരണം ഓഗസ്റ്റ് 17 ന് (ഞായര്‍)


കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 രാവിലെ 10.30 ന്  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണം   ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി അന്നമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.

പത്തനംതിട്ട നഗരസഭയുടെ കര്‍ഷക ദിനാചരണം ഓഗസ്റ്റ് 17 ന് (ഞായര്‍)

പത്തനംതിട്ട നഗരസഭ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 രാവിലെ 11 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ ആര്‍ അജിത്കുമാര്‍, മേഴ്സി വര്‍ഗീസ്, അനില അനില്‍, എസ് ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.

സ്വാതന്ത്ര്യദിനാചരണം നടത്തി

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ പരിപാടികളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റോഷന്‍ ജേക്കബ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, അംഗങ്ങളായ സുജ അനില്‍, ബി.ഡി.ഒ ഇന്‍ ചാര്‍ജ് എസ് കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലേലം


ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1998 മോഡല്‍ മഹീന്ദ്ര വാഹനം ലേലം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി  ഓഗസ്റ്റ് 20. ഫോണ്‍: 0468 2214639 ഇമെയില്‍ : [email protected]

അഭിമുഖം

ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേന വിവിധ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 18 രാവിലെ 11 ന് ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. യോഗ്യത ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.  ഫോണ്‍ നമ്പര്‍:  0468 2322762.

ജനകീയ ശുചീകരണ പരിപാടി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനകീയ ശുചീകരണ പരിപാടി പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  കെ ആര്‍ അനീഷ, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, അജി അലക്‌സ്, വി ജി ശ്രീവിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

പേവിഷബാധ പ്രതിരോധം: വാക്‌സിനേഷന്‍ നല്‍കി

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി തെരുവു നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഓഗസ്റ്റ് 20 വരെ കുത്തിവയ്പ്പ് നടത്തും. വെച്ചൂച്ചിറ മൃഗാശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ലൈഫ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്, രാഹുല്‍, അനുജകുമാര്‍, ജാസ്മി എന്നിവര്‍ പങ്കെടുത്തു. ഇതുവരെ 125 തെരുവുനായകള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
error: Content is protected !!