
കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തണം. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കണം. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനം ലഭ്യമാക്കും.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ നിലയ്ക്കല്‍ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിര്‍മ്മാണം തുടങ്ങാന്‍ നിര്‍ദേശം നല്‍കി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സമയബന്ധിതമായി നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും. അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ടീമിനെ ചുമതലപ്പെടുത്തി.
അടൂര്‍, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരു മെഡിക്കല്‍ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യകരമായ തീര്‍ത്ഥാടനത്തിന് തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍, ബാനര്‍, പോസ്റ്റര്‍ എന്നിവ തയ്യാറാക്കണം. സോഷ്യല്‍ മീഡിയയിലും അവബോധ പ്രചരണം നല്‍കണം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതിയായ ‘ജലമിത്ര’യുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 (ചൊവ്വ) രാവിലെ 10 ന് തപോവന്‍ അരമനയിലെ കലമണ്ണില്‍ ഉമ്മനച്ചന്‍ മെമ്മോറിയല്‍ ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനഭൂവിനിയോഗ വകുപ്പ് നേതൃത്വം നല്‍കി കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്താക്കളാകും. ജലസാക്ഷരത, ജലസ്രോതസുകളുടെ നവീകരണം, പുനരുജ്ജീവനം, മണ്ണ് സംരക്ഷണം, മഴവെള്ള ശേഖരണം തുടങ്ങിയ മേഖലകളെ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തി ജലലഭ്യത ഉറപ്പുവരുത്തുകയാണ് പ്രധാനലക്ഷ്യം.
ജാഗ്രതാ നിര്‍ദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
ഓണം: കയര്‍ഫെഡില്‍ വിലക്കിഴിവ്
ഓണത്തോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ് ഷോറൂമില്‍ വിലക്കിഴിവ്. കയര്‍ഫെഡ് മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയും ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസിന് കൂപ്പണും ലഭിക്കും.
നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവന്‍, 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ലഭിക്കും.
ഡബിള്‍കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,
പൊതുമേഖലാ ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശരഹിത വായ്പയും ലഭിക്കും. ആനുകൂല്യം സെപ്റ്റംബര്‍ 15 വരെ. ഫോണ്‍: 9447861345, 9447958445
അംശദായകുടിശിക പലിശ ഒഴിവാക്കി അടയ്ക്കാം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും റബര്‍ ബോര്‍ഡ് മുഖേന സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്കും കുടിശിക വരുത്തിയിട്ടുള്ള അംശദായതുക പലിശ ഒഴിവാക്കി ആറുമാസം വരെ മൂന്ന് ഗഡുക്കളായി അടയ്ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍) അറിയിച്ചു. ഫോണ്‍ : 0468 2223069, 8547655319.
സീറ്റ് ഒഴിവ്
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ് സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
ഇ-മെയില്‍ : [email protected] , ഫോണ്‍ : 9446755765, 8547005074.
ഗതാഗത നിരോധനം
ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുളള റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 20 മുതല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിക്കും. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി- ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറി (ജനറല്‍) വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. വെല്‍ഡര്‍ ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ് സി മാതൃകയിലുളളതാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് 25 രാവിലെ 11ന് ഐടിഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2258710.
സ്‌പോട്ട് അഡ്മിഷന്‍
ആറന്മുള സഹകരണ പരിശീലന കോളജില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം 2025-26 ബാച്ചിലേക്ക് സീറ്റ് ഒഴിവ്. ബിരുദം യോഗ്യതയുളളവര്‍ക്ക് ഓഗസ്റ്റ് 22 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ്. ഫോണ്‍ : 9447654471, 9447863032.
ഈ-സമ്യദ്ധ പദ്ധതി : സ്വാഗതസംഘം രൂപീകരിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലായ ഈ-സമ്യദ്ധ പദ്ധതിയുടെ സ്വാഗതസംഘം രൂപീകരണവും അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും നടത്തി. അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ മഹേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ അജി പി വര്‍ഗീസ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, കൗണ്‍സിലര്‍മാരായ ഡി. സജി, രമേശ് കുമാര്‍, അലാവുദ്ദീന്‍, ബീന ബാബു, ശോഭ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് പദ്ധതി വിശദീകരിച്ചു.