‘ജലമിത്ര’ ഭാവിയിലേക്കുള്ള കരുതല്‍ : മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love

റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഭാവിയിലേക്കുള്ള കരുതലെന്ന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തപോവന്‍ അരമനയിലെ കലമണ്ണില്‍ ഉമ്മനച്ചന്‍ മെമ്മോറിയല്‍ ഹാളില്‍  ജലമിത്ര പദ്ധതി ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലസ്രോതസുകളാല്‍ സമ്പന്നമാണ് സംസ്ഥാനം. സമൃദ്ധമായ മഴയും ലഭിക്കുന്നു. എന്നാല്‍ ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോതും കുറയുന്നത് ഭീഷണിയാണ്. കിണറുകളില്‍ മലിനമാകാതെ വെള്ളം സംരക്ഷിക്കപ്പെടണം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനുള്ളില്‍ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജലമിത്ര പദ്ധതി മികച്ച സന്ദേശം നല്‍കുന്നു. ജലം ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവിയിലേയ്ക്കും പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കും. കുഴല്‍ കിണറുകള്‍, ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിങ്, കിണര്‍ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ജലസമൃദ്ധമായ റാന്നിയെ വരുംതലമുറയ്ക്ക് കൈമാറുമെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ 12 സ്‌കൂളുകളില്‍ ഹരിത കേരള മിഷന്‍ ജലലാബുകള്‍ ഒരുക്കും. തെളിനീര്‍ചാല്‍, കുളം, തോട് എന്നിവയ്ക്ക് സംരക്ഷണം ഒരുക്കും.  വീടുകളില്‍ മഴവെള്ള സംഭരണികളും കുഴികളും സാധ്യമാക്കി എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.
മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പദ്ധതിയുടെ ലോഗോ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയില്‍ നിന്നും ഏറ്റുവാങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍ എല്‍ റഷീദ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!