
konnivartha.com: ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങള്‍ക്ക് ഉടമയായ കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു.
രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.ഈരാറ്റുപേട്ട പരവൻപറമ്പിൽ കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു.ആരാം എന്ന കുട്ടിയാന പിന്നീട് ആനപ്രേമികളുടെ ഈരാറ്റുപേട്ട അയ്യപ്പനായി മാറി . 1977 ഡിസംബർ 20 ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് ഏഴു വയസ്സായിരുന്നു .കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ നാടൻ ആന കൂടിയാണ് അയ്യപ്പൻ.നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും, കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദഗിരി അടക്കം ഒട്ടുമിക്ക ഗജലക്ഷണങ്ങളും ഉണ്ടായിരുന്ന ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരവും അയ്യപ്പന് ലഭിച്ചിട്ടുണ്ട്.