
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.
ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു.
ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, എം.ആർ. പ്രേം, ആർ. വിനീത, ഡി.പി.സി. അംഗം ഡി.പി. മധു, കൗൺസിലർമാരായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. വി പ്രഭാത്, ഡിറ്റിപിസി സെക്രട്ടറി കെ. ജി അജേഷ് തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 29വരെ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിലാണ് സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നത്.
വള്ളംകളിയാവേശം നിറച്ച് സാംസ്‌കാരിക ഘോഷയാത്ര
ആലപ്പുഴയുടെ നഗരവീഥികളിൽ വള്ളംകളിയാവേശം നിറച്ച് സാംസ്‌കാരിക ഘോഷയാത്ര. നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി നഗരസഭ സംഘടിപ്പിച്ച ഘോഷയാത്ര കളക്ടറേറ്റിൽ എൻ ടി ബി ആര്‍ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ മാവേലി, വാമനൻ, അമ്മൻകുടം, പഞ്ചവാദ്യം, റോളർ സ്കേറ്റിങ് ടീം, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം പ്ലോട്ടുകള്‍, വഞ്ചിപ്പാട്ട്, കൊയ്ത്ത് വേഷത്തിൽ കുട്ടികൾ എന്നിങ്ങനെയുള്ള കലാ, കായിക രൂപങ്ങൾ അണിനിരന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രകടനങ്ങൾക്കും നഗരം സാക്ഷിയായി. ജനപ്രതിനിധികൾ, കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾ, സ്റ്റുഡന്റ് പൊലീസ് അംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി-ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരും ഘോഷയാത്രയിൽ അണിനിരന്നു. വള്ളംകളിയുടെ ആവേശം നിറഞ്ഞു നിൽക്കുന്ന സായാഹ്നത്തിൽ ഘോഷയാത്ര കാണാനും ഫോട്ടോകൾ പകർത്താനുമായി ആയിരങ്ങളാണ് ആർപ്പോ വിളിയോടെ വഴിയിരികിൽ തടിച്ചു കൂടിയത്. വൻജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാൽപ്പാലത്തിൽ സമാപിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, എം.ആർ. പ്രേം, ആർ. വിനീത, ഡി.പി.സി. അംഗം ഡി.പി. മധു, കൗൺസിലർമാരായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. വി പ്രഭാത്, ഡിറ്റിപിസി സെക്രട്ടറി കെ. ജി അജേഷ് തുടങ്ങിയവർ പങ്കെടുത്തു.
‘വള്ളംകളി എക്‌സ്പ്രസ്’ യാത്ര തുടങ്ങി; പി പി ചിത്തരഞ്ജൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു .പ്രദർശന വണ്ടിയിൽ വള്ളംകളി ആവേശം
വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ ‘വള്ളംകളി എക്‌സ്പ്രസ്’ യാത്ര തുടങ്ങി. 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ ‘വള്ളംകളി എക്‌സ്പ്രസിൽ കയറിയാൻ ആദ്യ ദിനം തന്നെ ഒട്ടനവധി പേർ എത്തി. നെഹ്റുട്രോഫി കാണാനുള്ള സൗകര്യവും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം.
‘വള്ളംകളി എക്‌സ്പ്രസ് പര്യടനത്തിൻ്റെ ഫ്ലാഗ് ഓഫ് പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിർവഹിച്ചു.
ആഗസ്റ്റ് 25 മുതൽ 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ഉള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യോക കേന്ദ്രങ്ങളിൽ വണ്ടിയിൽ സൗകര്യം ഒരുക്കും.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ നസീർ പുന്നയ്ക്കൽ, എം.ആർ.പ്രേം, എ.എസ്.കവിത, നഗരസഭാംഗങ്ങളായ പ്രഭാ ശശി കുമാർ, എ.ഷാനവാസ്, ബി.നസീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ജലാൽ അമ്പനാകുളങ്ങര, സുഭാഷ് ബാബു, രമേശൻ ചെമ്മാപറമ്പിൽ, പി കെ ബൈജു,കെ.നാസർ, അബ്ദുൾ സലാം ലബ്ബ,ജമാൽ പള്ളാത്തുരുത്തി തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച കായംകുള ം, കൃഷ്ണപുരം, കരുനാഗപ്പള്ളി, ഓച്ചിറ, നാഷണൽ ഹൈവേ വഴി ഹരിപ്പാട് എത്തി മാധവാജങ്ഷനിൽ നിന്ന് കിഴക്കോട്ട് വീയപുരം, ചെന്നിത്തല, മാന്നാർ, പൊടിയാടി, എടത്വ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ ബസ് എത്തിച്ചേരും.