
സിവില്‍ സപ്ലൈസ് ജില്ലാ ഓണം ഫെയര്‍ (ചൊവ്വ) മുതല്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം (ഓഗസ്റ്റ് 26 ചൊവ്വ) രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വില്‍പന ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ നാല് വരെ മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗിലാണ് ഓണം ഫെയര്‍. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളും അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.
തിരഞ്ഞെടുത്ത നഗരപാതകളില്‍ സഞ്ചരിക്കുന്ന ഓണം മാവേലി സ്റ്റോറിന്റെ സേവനം ലഭിക്കും. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ തയ്യാറാക്കിയ സമ്മാനപദ്ധതികളും സമൃദ്ധി- സിഗ്നേച്ചര്‍ കിറ്റും ഗിഫ്റ്റ് കൂപ്പണും ഓണം ഫെയറുകളില്‍ നിന്ന് ലഭിക്കും.
ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം (ബുധന്‍)മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും
അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം (ഓഗസ്റ്റ് 27) വൈകിട്ട് 3.30ന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി.എ അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രിസം പദ്ധതി: അഭിമുഖം (ചൊവ്വ)
പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാന്‍ (ഓഗസ്റ്റ് 26, ചൊവ്വ) അഭിമുഖം നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിലാണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം. പ്രായപരിധി 35 വയസ്. വിശദവിവരം ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0481 2561030 (മേഖല ഓഫീസ്) , 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്).
വനിതാ കമ്മീഷന്‍ മെഗാഅദാലത്ത് (ചൊവ്വ)
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് (ഓഗസ്റ്റ് 26 ചൊവ്വ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
ഭവന പുനരുദ്ധാരണ പദ്ധതി : സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായുളള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ ഒന്നുവരെ വരെ നീട്ടി. ഫോണ്‍- 04682 222515.
യുവപ്രതിഭാ പുരസ്‌കാര നോമിനേഷന്‍, യുവജന ക്ലബ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
യുവജനക്ഷേമബോര്‍ഡ് 2024-ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം(പുരുഷന്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 9 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവ,അവളിടം ക്ലബുകളില്‍ നിന്ന് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലയിലെ അപേക്ഷ ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിന് സമീപം, പത്തനംതിട്ട-689645 വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 15. അപേക്ഷഫോമും മാര്‍ഗനിര്‍ദേശങ്ങളും ജില്ലായുവജന കേന്ദ്രത്തിലും www.ksywb.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍:0468 2231938, 9496260067.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 27 രാവിലെ 11 നാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് നിയമിക്കും. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 27 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0468 2322762.
അപേക്ഷ ക്ഷണിച്ചു
തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തിവികസനം ലക്ഷ്യമാക്കി പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് സംവിധാനം, സോക്ക് പിറ്റ്, കിണര്‍ റീചാര്‍ജ്, അസോള ടാങ്ക്, തീറ്റപ്പുല്‍കൃഷി, കുളം നിര്‍മ്മാണം എന്നീ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, സ്ത്രീ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങള്‍, അംഗപരിമിതര്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങള്‍, പിഎംഎവൈ, ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍, ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അതത് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലോ സമര്‍പ്പിക്കാമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ടാറിംങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 25, 26 തീയതികളില്‍ പ്രമാടം അമ്പലം ജംഗ്ഷന്‍- വാഴമുട്ടം റോഡിലൂടെയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ മറൂര്‍ പൂങ്കാവ് വഴി ചന്ദനപ്പളളി കോന്നി റോഡിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594975252.
നേവല്‍ വിധവകള്‍, നേവല്‍ വിമുക്ത ഭടന്മാര്‍ക്ക് സമ്പര്‍ക്ക പരിപാടി സെപ്റ്റംബര്‍ ഒന്നിന്
ഹെഡ്ക്വാര്‍ട്ടേഴ്‌സ് സൗത്തേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി പരാതി പരിഹാരത്തിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുമുള്ള സമ്പര്‍ക്ക പരിപാടി സെപ്റ്റംബര്‍ 1 (തിങ്കളാഴ്ച) 11 മുതല്‍ ഒന്നുവരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
സഞ്ചരിക്കുന്ന ഓണച്ചന്ത
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 26നും 27 നും ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും.
മണ്ഡലം, തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍
ആറന്മുള-ഓഗസ്റ്റ് 26-തോന്നിയാമല (രാവിലെ 11.25-12.25), നെല്ലിക്കാല (ഉച്ചയ്ക്ക് 1-2), തെക്കേമല (വൈകിട്ട് 3-4) എരുമക്കാട് (വൈകിട്ട് 4.35- 5.35), മെഴുവേലി (വൈകിട്ട് 6-7)
കോന്നി- ഓഗസ്റ്റ് 27- വാഴമുട്ടം വെസ്റ്റ് (രാവിലെ 9.30-10.30), ചന്ദനപ്പള്ളി (രാവിലെ 11-12), വകയാര്‍ (ഉച്ചയ്ക്ക് 12.45-1.45), ചെങ്ങറ (വൈകിട്ട് 2.45-3.45), തേക്കുംതോട് (വൈകിട്ട് 4.30- 5.30), അതുംമ്പുംകുളം (വൈകിട്ട് 6-7)
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഓംബുഡ്സ്മാന്‍ ഓഗസ്റ്റ് 29 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡിടിപി) പരിശീലനം ആരംഭിക്കുന്നു. പ്രായം 18 മുതല്‍ 45 വരെ. ഫോണ്‍ : 0468 2992293, 2270243.
മത്സ്യതൊഴിലാളി വനിതകള്‍ക്ക് ധനസഹായം
ഫിഷറീസ്വകുപ്പിന് കീഴിലെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായം. മത്സ്യതൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി, അനുബന്ധ മത്സ്യതൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്കാണ് അവസരം.
20 നും 50 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെയാകാം. ഒരുതവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.
പദ്ധതിതുകയുടെ 75ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷംരൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 10. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417
കണ്‍സ്യൂമര്‍ ഫെഡ് ഓണം സഹകരണ വിപണി ഓഗസ്റ്റ് 27 മുതല്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27 ബുധന്‍) രാവിലെ 9.30 ന് കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനാകും. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണം സഹകരണ വിപണി.
തിരഞ്ഞെടുത്തിട്ടുള്ള 95 സഹകരണസംഘം വിപണികളില്‍ക്കൂടിയും 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വഴിയും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊതുമാര്‍ക്കറ്റില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളും വില്‍പനയ്ക്കായി സജീകരിച്ചിട്ടുണ്ട്. ജയ അരി/ കുത്തരി (8 കിലോഗ്രാം), പച്ചരി (2 കിലോഗ്രാം), പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക് (1 കിലോഗ്രാം) മല്ലി (500 ഗ്രാം), വെളിച്ചെണ്ണ (1 ലിറ്റര്‍) എന്നിവയാണ് സബ്‌സിഡിയോടുകൂടി നല്‍കുന്നത്.