
konnivartha.com: ഗൃഹാതുരതയുണർത്തുന്ന ഒരോണക്കാലംകൂടി വരവായി. ചിങ്ങമാസത്തിലെ അത്തം പിറന്നു .ഇനി ഓണ നാളുകള്‍ . പത്താം ദിനം തിരുവോണം .മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ തുടങ്ങി .ഇന്ന് മുതല്‍ പൂക്കളം ഒരുങ്ങുന്നു . ഏവര്‍ക്കും” കോന്നി വാര്‍ത്തയുടെ ” അത്തം ദിനാശംസകള്‍
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്.
പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു.
മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക. തറ ശരിയായാല്‍ വട്ടത്തില്‍ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന്‍ ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്പപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്‍ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിയും ഇടുന്നവരുമുണ്ട്. ചോതി നാള്‍ മുതല്‍ നിറമുള്ളവ ഇടാമെന്നാണ്. പ്രത്യേകിച്ചും ചെമ്പരത്തി അടക്കമുള്ള ചുവന്ന പൂക്കള്‍. ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. വിശാഖത്തിന് ശോകമില്ലാ പൂവെന്നും, കേട്ടയില്‍ നാറ്റപ്പൂവെന്നും മൂലം നാളില്‍ വാലന്‍ പൂവെന്നും ഒരു പൂക്കള പാട്ടുണ്ട്. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തു നിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വെയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. വടക്ക് മാതേവരെ വെയ്ക്കുക എന്ന് പറയും.
പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും. അരിമാവ് കൊണ്ട് കളം വരച്ച് പലക മേലാണ് മാതേവരെ വെയ്ക്കുക. തെക്ക് മഞ്ഞമുണ്ടിന്റെ നൂല്‍ ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. കോലം വീടിന്റെ ഉമ്മറത്തും തീര്‍ക്കാറുണ്ട്. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക.
മേടവും ചിങ്ങവും കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ് നമുക്കുള്ളത്. മേടത്തിനു തുടങ്ങുന്ന വിരിപ്പു കൃഷിയുടെ കൊയ്ത്ത് കാലമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷക്കാലമായ ഓണമായി കൊണ്ടാടുന്നത്. മേടത്തില്‍ തുടങ്ങി ചിങ്ങത്തില്‍ കൊയ്‌ത്തോടെ വിരിപ്പ് കൃഷി അവസാനിക്കും. ഓണക്കൊയ്‌ത്തെന്നും ചിങ്ങക്കൊയ്‌ത്തെന്നും ഇതിന് പേരുണ്ട്. കന്നി വരെ നീളുമെന്നതിനാല്‍ കന്നിക്കൊയ്‌ത്തെന്നും പറയുന്നുണ്ട്.
അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി ആയില്യം, മകം ഞാറ്റുവേലകളില്‍ തീരുന്ന പ്രധാന വിളവെടുപ്പ് കാലം. നമ്മുടെ നെല്ലറകളായ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ കൊയ്ത്തുത്സവത്തിന്റെ നാളുകള്‍. ജന്മിമാരുടെ നിലങ്ങളില്‍ കര്‍ഷകത്തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ ഫലപ്രാപ്തിയുടെ ദിവസങ്ങളായിരുന്നു അവ. എന്നാലും കൊയ്ത്തുകാലവും തൊഴിലാളിക്ക് കഷ്ടപ്പാടിന്റെ കാലമായിരുന്നു.
കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ പണ്ട് കാലത്ത് തൊഴിലാളികള്‍ കുടുംബസമേതമാണ് വള്ളങ്ങളില്‍ കാലേ കൂട്ടി എത്തുക. അത്യാവശ്യം വേണ്ട സാധനങ്ങളുമായി എത്തുന്ന തൊഴിലാളികള്‍ കൊയ്ത്ത് കഴിയും വരെ പന്തല്‍ കെട്ടി വരമ്പുകളില്‍ പാര്‍ക്കും. കൊയ്ത കറ്റകള്‍ പിന്നെ കെട്ടുകളാക്കി ഏറെ ദൂരം ചുമന്ന് കളങ്ങളിലെത്തിക്കണം. കറ്റ മെതിക്കുന്നതിനും നിയതമായ രീതികള്‍ ഉണ്ട്. വലിയ കളങ്ങളില്‍ മദ്ധ്യത്തില്‍ നിന്നാണ് മെതി തുടങ്ങുക. പട്ടിണിയിലും കറ്റ മെതിക്കലെന്ന അദ്ധ്വാനവും പൂര്‍ത്തിയാക്കണം. നീളത്തിലുള്ള വച്ചു കെട്ടലില്‍ പിടിച്ചു നിന്ന് മണിക്കൂറുകള്‍ കറ്റ മെതിക്കുമ്പോള്‍ പലരുടെയും കാല്‍ പൊട്ടും. എന്നാലും ‘പൊലിയോ പൊലി’ പൊലിപ്പാട്ടുകള്‍ പാടിയാണ് ആഘോഷം. പൊലി അളക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ടായിരുന്നു. പൊലി അളന്നാല്‍ ഏഴിന് ഒന്ന് എന്നതായിരുന്നു കൊയ്ത്ത് കൂലി. മെതി തീര്‍ത്ത് കളം പിരിയുമ്പോള്‍ ജന്മി നല്കിയിരുന്ന തുച്ഛമായ കൂലിക്കെതിരെയാണ് കുട്ടനാട്ടിലടക്കം കര്‍ഷക സമരങ്ങള്‍ ഉണ്ടായത്. കൊയ്ത്തിന് മുമ്പ് തന്നെ നിറയായി.
കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാണ് പലയിടങ്ങളിലും ഇല്ലംനിറ. നെല്‍ക്കതിര്‍ മുറ്റത്ത് വച്ച് പൂജിച്ച് പത്തായത്തിലും മച്ചിലും പൂജാമുറികളിലും കതിര് നിറക്കും. ചിലര്‍ കതിര്‍ക്കുലകള്‍ കെട്ടിയിടും. കര്‍ക്കിടകം കഴിഞ്ഞാല്‍ ഉത്രാടം വരെയും ഉത്തര മലബാറില്‍ നിറയുണ്ട്. ഉത്രാട നിറ കാസര്‍കോഡിന്റെ പ്രത്യേകതയാണ്.
തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് നെല്ലിന്റെ പിറന്നാളാണ്. ചിങ്ങത്തിലെ മകം ഇങ്ങനെ ആചരിക്കുന്നവരുണ്ട്. കന്നിയിലെ മകവും പിറന്നാളായി കൊണ്ടാടാറുണ്ട്. നിറപോലെ തന്നെ അതിന്റെ ചടങ്ങും. നെല്ലിനെ ഒഴുകുന്ന വെള്ളത്തില്‍ കുളിപ്പിച്ച് ആഘോഷപൂര്‍വ്വം വീട്ടുമുറ്റത്തേക്ക് എത്തിച്ച് ചന്ദനമണിയിച്ച് പൂജിക്കുന്നതാണ് ചടങ്ങ്. നിറയ്ക്കു ശേഷം ആദ്യത്തെ വിളവെടുപ്പിന്റെ പുന്നെല്ലരി കൊണ്ട് ആഹാരമുണ്ടാക്കുന്നതാണ് പുത്തരി നിവേദ്യം. പുത്തരി പായസം, പുത്തരി ചോറ്, പുത്തരി അവല്‍ എന്നിവയും ഉണ്ടാക്കും. ഗുരുവായൂര്‍, ശബരിമല, ഹരിപ്പാട് ക്ഷേത്രങ്ങളില്‍ നിറ പുത്തരി ചടങ്ങുകള്‍ പ്രശസ്തമാണ്. ഓണക്കൊയ്ത്തിന്റെ ഈ പുത്തരിയുണ്ടായിരുന്നു പണ്ടത്തെ ഓണസദ്യകള്‍. ഒപ്പം മറ്റ് വിളകളുടെ വിളവെടുപ്പും ആഘോഷത്തിന് മാറ്റ് കൂട്ടി.