
konnivartha.com: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്‍മേല്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ആഗസ്റ്റ് 27-ന് രാവിലെ ഒന്‍പതിന് ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.
ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗവ. വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുക.
ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും.
വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ. ജെ ജസ്റ്റിന്‍ മോഹന്‍, ജോര്‍ജി പി മാത്തച്ചന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ശില്പശാലയില്‍ കൃഷിയും മനുഷ്യ-വന്യജീവി സംഘര്‍ഷവും ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പരിപാലനവും, നിയമങ്ങള്‍-ചട്ടങ്ങള്‍, വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്ക്, ഗോത്രവര്‍ഗ – പരമ്പരാഗത – കര്‍ഷക അറിവുകള്‍, ബോധവത്ക്കരണ പരിപാടികള്‍ മാധ്യമ പങ്ക്, കാര്യകാരണങ്ങളും പ്രതിവിധികളും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും