
നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ കൈനകരി സുരേന്ദ്രൻ നഗർ അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി.
ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് വിനോദ്, നെഹ്റുട്രോഫി വള്ളംകളി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ് എം ഇക്ബാൽ, വഞ്ചിപ്പാട്ട് സബ് കമ്മിറ്റി അംഗങ്ങളായ ജോസ് കാവനാട്, ഡി സലിംകുമാർ, കെ എ പ്രമോദ്, കെ ടി ബേബി ചമ്പക്കുളം, എ വി മുരളി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം എംഎൽഎയും സിനിമ പിന്നണി ഗായകൻ സുദീപ് കുമാറും മുൻ എംഎൽഎ സി കെ സദാശിവനും ചേർന്ന് നിർവഹിച്ചു.
കുട്ടനാട് ശൈലി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലുകോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ പായിപ്പാട് ഒന്നാം സ്ഥാനവും ഹരിപ്പാട് ഗവ. എച്ച് എസ് എസ് രണ്ടാം സ്ഥാനവും സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ചമ്പക്കുളം മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻ്റ് തെരേസാസ് കോളേജ് എറണാകുളം ഒന്നാം സ്ഥാനവും നടക്കാവ് ഗവ. വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും സൗത്ത് ആര്യാട് ലുഥറൻ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
വെച്ചുപാട്ട് സ്ത്രീകളുടെ വിഭാഗത്തിൽ സമദർശിനി വഞ്ചിപ്പാട്ട് സംഘം കോഴിക്കോട് ഒന്നാം സ്ഥാനവും നീർക്കുന്നം സിസ്റ്റേഴ്സ് വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും കൈനകരി അനുഗ്രഹ വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
വെച്ചുപാട്ട് പുരുഷന്മാരുടെ വിഭാഗത്തിൽ തത്തംപിള്ളി പി എ സി ഗ്രന്ഥശാല ഒന്നാം സ്ഥാനവും നീർക്കുന്നം ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഇലന്തൂർ രാവൺസ് മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി സ്ത്രീകളുടെ വിഭാഗത്തിൽ സമദർശിനി വഞ്ചിപ്പാട്ട് സംഘം കോഴിക്കോട് ഒന്നാം സ്ഥാനവും കൈനകരി നവ ഭാവന കലാവേദി രണ്ടാം സ്ഥാനവും അമ്പലപ്പുഴ വിളിപ്പുറം വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി പുരുഷൻമാരുടെ വിഭാഗത്തിൽ നീർക്കുന്നം ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനവും നീർക്കുന്നം ശ്രീദുർഗ്ഗ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ആലപ്പുഴ പയനിയർ വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
ആറന്മുള ശൈലി പുരുഷന്മാരുടെ വിഭാഗത്തിൽ ഇലന്തൂർ രാവൺസ് വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനവും സ്മരണാരവിന്ദം നന്തുണി വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ചെറുകോൽ കീക്കൊഴുർ സംഘം മൂന്നാം സ്ഥാനവും നേടി. കുട്ടനാട് ശൈലി ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചമ്പക്കുളം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് പ്രോത്സാഹന സമ്മാനവും നൽകി.
കുട്ടനാട് ശൈലി സ്ത്രീ,പുരുഷ ടീമുകൾക്ക് 10001 രൂപ വീതം സമ്മാനം നൽകുന്നതിന് ഏർപ്പെടുത്തിയ കൈനകരി സുരേന്ദ്രൻ എൻഡോമെൻ്റ്
അദ്ദേഹത്തിൻ്റെ മക്കൾ ജേതാക്കൾക്ക് നൽകി. സമാപന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ പ്രേം, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ പി എസ് വിനോദ്, എ. സന്തോഷ്കുമാർ, മാത്യൂ ചെറുപറമ്പന്‍, ജോണി മുക്കം, എം വി അല്‍ത്താഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളംകളി എക്‌സ്പ്രസ്’ യാത്രയ്ക്ക് എടത്വയിൽ സ്വീകരണം നൽകി
എടത്വാ: വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനുള്ള വള്ളംകളി എക്‌സ്പ്രസ് യാത്രയ്ക്ക് എടത്വയിൽ സ്വീകരണം നൽകി.
സ്വീകരണ യോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. എടത്വാ കോളേജ് പ്രിൻസിപ്പാൾ ഇന്ദുലാൽ ജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം അജിത്ത് കുമാർ പിഷാരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ചലചിത്രപിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി ആശംസ പ്രസംഗം നടത്തി. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രചാരണ വാഹനം തയ്യാറാക്കിയത്.
എടത്വാ കോളേജിലെ പര്യടനത്തിന് ശേഷം മങ്കൊമ്പ്, ചമ്പക്കുളം, പൂപ്പള്ളി, കൈതവന, പഴവീട്, കെ.എസ്.ആർ.ടി.സി, പുന്നമട, തലവടി, മണ്ണഞ്ചേരി, തണ്ണീർമുക്കം, വെച്ചൂർ, കുമരകം, തലയാഴം,തവണക്കടവ് വഴി ചേർത്തലയിൽ എത്തി. നെഹ്റു ട്രോഫി കാണാനുള്ള സൗകര്യം ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണിക്കും.
ഇന്നത്തെ പര്യടനം
രാവിലെ 10 മണിക്ക് ചേർത്തലയിൽ നിന്ന് ദേശീയപാതയിലൂടെ കഞ്ഞിക്കുഴി, പാതിരപ്പള്ളി, കലവൂർ, ആലപ്പുഴ ടൗൺ, ബീച്ച്, എ.സി.റോഡ് വഴി ചങ്ങനാശ്ശേരിയിൽ എത്തും. തുടർന്ന് തിരുവല്ല അമ്പലപ്പുഴ വഴി ആലപ്പുഴയിൽ എത്തും. സന്ദർശകർക്ക് ഉള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യോക കേന്ദ്രങ്ങളിൽ വണ്ടിയിൽ സൗകര്യം ഒരുക്കും.
തുഴത്താളം പ്രദര്‍ശനം തുടങ്ങി; വള്ളംകളിയുടെ മാജിക്കല്‍ ചിത്രങ്ങള്‍ക്ക് മജീഷ്യന്‍ സാമ്രാജിന്റെ കയ്യൊപ്പോടെ തുടക്കം
നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശം പകരുന്ന മാസ്മരിക നിമിഷങ്ങളും കുട്ടനാടന്‍ ജിവിതത്തിന്റെ മനോഹാരിതയും പകര്‍ത്തിയ ചിത്രപ്രദര്‍ശനത്തിന് മജീഷ്യന്‍ സാമ്രാജിന്റെ മാജിക്കോടെ തുടക്കം
. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് എന്‍ ടി ബി ആര്‍ സൊസൈറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ‘തുഴത്താളം’ ഫോട്ടോ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ മജീഷ്യന്‍ സാമ്രാജ് ഉദ്ഘാടനം ചെയ്തു.
നെഹ്‌റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് പല കാലങ്ങളില്‍ ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ മികച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളംകളിയുടെ ആവേശവും കായലിന്റെ മനോഹാരിതയും അടയാളപ്പെടുത്തുന്ന എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കരയിലെയും കായലിലെയും വീറും വാശിയും വള്ളംകളിയുടെ മത്സരത്തിന്റെ സവിശേഷതകളുമൊക്കെ ചിത്രങ്ങളില്‍ കാണാം. മുന്‍വര്‍ഷങ്ങളില്‍ മാധ്യമ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഫോട്ടോഗ്രാഫര്‍മാരായ പി.മോഹന്‍ (ദീപിക), ക്ലീറ്റസ് പൂങ്കാവ് (ജനയുഗം),പി.ആര്‍ സുരേഷ് (മംഗളം),കെ.എസ് ആനന്ദ് (ദേശാഭിമാനി),വിഷ്ണു കുമരകം, മഹേഷ് മോഹന്‍(കേരളകൗമുദി), നിഖില്‍ രാജ്, വിഘ്‌നേഷ് കൃഷ്ണമൂര്‍ത്തി, സജിത്ത് ബാബു (മലയാള മനോരമ), സി.ബിജു, പി.പ്രണവ്(മാത്യഭൂമി), ഡാലു പരമേശ്വരന്‍ (ഐ ആന്റ് പിആര്‍ഡി) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഉദ്ഘാടനത്തിന് ശേഷം മജീഷ്യന്‍ സാമ്രാജിന്റെ ലഘു മാജിക്കും വേദിയില്‍ അരങ്ങേറി. ആഗസ്റ്റ് 27 മുതല്‍ 30 വരെയാണ് ഫോട്ടോ പ്രദര്‍ശനം.
ഉദ്ഘാടന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പി ജെ ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ആര്‍ട്ടിസ്റ്റ് ചിക്കൂസ് ശിവന്‍, പി ആര്‍ ഡി അസി. എഡിറ്റര്‍ ടി എ യാസിര്‍, എന്‍ ടി ബി ആര്‍ പബ്ലിസിറ്റി കമ്മിറ്റി അംഗം അബ്ദുല്‍ സലാം ലബ്ബ എന്നിവര്‍ പങ്കെടുത്തു.
നെഹ്റുട്രോഫി: മത്സര വിജയികൾക്ക് സമ്മാന വിതരണം നാളെ(29)
71-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നാളെ (ആഗസ്റ്റ് 29ന് ) നടക്കും. കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ നടന്നുവരുന്ന സാംസ്കാരിക പരിപാടിയുടെ സമാപന ചടങ്ങിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സമ്മാനങ്ങൾ വിതരണം ചെയ്യും.