
കരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ്
വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്.
ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്.
ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കുന്നു. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തും നൈപുണ്യവും പ്രാദേശിക വികസനത്തിന് പ്രയോജനപെടും വിധം സായംപ്രഭ പ്രവര്‍ത്തിക്കുന്നു. വയോജനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ഐടി വകുപ്പുമായി ചേര്‍ന്ന് ബോധവല്‍കരണ പരിപാടികള്‍ നടപ്പാക്കുമെന്ന് സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ജെ. ഷംലാബീഗം പറഞ്ഞു.
സായംപ്രഭയ്ക്ക് പുറമെ വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ ദന്തം നല്‍കുന്ന മന്ദഹാസം പദ്ധതി നിലവിലുണ്ട്. പല്ലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വച്ച് നല്‍കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ 6,65,000 രൂപ വിനിയോഗിച്ച് 116 പേര്‍ക്ക് സേവനം ലഭ്യമാക്കി.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്ന വയോരക്ഷയിലൂടെ 3,75,062 രൂപ വിനിയോഗിച്ച് ജില്ലയില്‍ 10 പേര്‍ക്ക് ചികിത്സ ധനസഹായം നല്‍കി. തുണയും കരുതലും സഹായവുമില്ലാത്തവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പങ്കാളി മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുക, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുക, കെയര്‍ ഗിവറുടെ സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
വയോമധുരം പദ്ധതിയിലൂടെ ബിപിഎല്‍ വിഭാഗത്തിലെ പ്രമേഹ രോഗികളായ 1833 വയോധികര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പിലൂടെ വയോ അമൃതം പദ്ധതിയും നടപ്പാക്കുന്നു. 65 വയസിന് മുകളിലുള്ളവര്‍ക്ക് മൊബൈല്‍ ക്ലിനിക്ക്, കൗണ്‍സിലിങ്ങ്, വൈദ്യസഹായം, മരുന്ന് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന വയോമിത്രം പദ്ധതിയുമുണ്ട്. പാലിയേറ്റീവ് ഹോംകെയര്‍, സൗജന്യ ആംബുലന്‍സ് സേവനം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും ഇതിലൂടെ ലഭ്യമാണ്.
സംരക്ഷണവും ക്ഷേമവും ലഭിക്കാത്ത സാഹചര്യങ്ങളിലും അതിക്രമങ്ങള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്‍ഡര്‍ലൈന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 14567 ലൂടെ പരാതി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഇതോടൊപ്പം മെയിന്റനന്‍സ് ട്രൈബ്യൂണലും സജ്ജമാണ്. സ്വയം പരിപാലിക്കാന്‍ കഴിയാത്തതോ മക്കളോ ബന്ധുക്കളോ അവഗണിക്കുന്നതോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സഹായത്തിനും ക്ഷേമ പിന്തുണയ്ക്കുമായി ട്രൈബ്യൂണലിന്റെ അധ്യക്ഷനായ ആര്‍ഡിഒയെ സമീപിക്കാം.
സഞ്ചരിക്കുന്ന ഓണച്ചന്ത
സപ്ലൈകോ ഔട്ട്‌ലൈറ്റുകള്‍ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളില്‍ ഓണത്തോടനുബന്ധിച്ച് സഞ്ചരിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 29 മുതല്‍ നാല് വരെ അടൂര്‍, തിരുവല്ല, റാന്നി നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. മണ്ഡലം, തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍
അടൂര്‍- ഓഗസ്റ്റ് 29-മണക്കാല (രാവിലെ 9.30-10.15), പാറക്കൂട്ടം (രാവിലെ 10.30-11.30), പുത്തന്‍ചന്ത (രാവിലെ 11.45-12.45), മന്നം ആയുര്‍വേദ കോളജ് (ഉച്ചയ്ക്ക് 1.30- 2.30), ചേരിക്കല്‍ (വൈകിട്ട് 2.45-4), അര്‍ത്തിമുക്ക് (വൈകിട്ട് 4.15- 5.15), മങ്ങാരം (വൈകിട്ട് 5.30-6.30)
അടൂര്‍- ഓഗസ്റ്റ് 30- ആനന്ദപ്പള്ളി (രാവിലെ 9.30-10.15), മാമൂട് (രാവിലെ 10.30-11.30), മങ്കുഴി (രാവിലെ 11.30-12.15), ചന്ദനപ്പള്ളി (ഉച്ചയ്ക്ക് 1- 2.30), തേപ്പുപാറ (വൈകിട്ട് 3-4), നെടുമണ്‍ (വൈകിട്ട് 4.15- 5.15), കല്ലേത്ത് (വൈകിട്ട് 5.30-6.30)
തിരുവല്ല- ഓഗസ്റ്റ് 1- എഎന്‍സി ജംഗ്ഷന്‍ ചക്കുളത്ത്കാവ് (രാവിലെ 9.30-10.30), പൊടിയാടി ജംഗ്ഷന്‍ (രാവിലെ 10.45-11.45), കാവുംഭാഗം (ഉച്ചയ്ക്ക് 12-1), തിരുമൂലപുരം (ഉച്ചയ്ക്ക് 1.30-2.30), മനയ്ക്കച്ചിറ (ഉച്ചയ്ക്ക് 2.45-3.45), മഞ്ഞാടി (വൈകിട്ട് 4-5), കറ്റോട് (വൈകിട്ട് 5.30-7)
തിരുവല്ല- ഓഗസ്റ്റ് 2- കുറ്റപ്പുഴ (രാവിലെ 9.30-10.30), നാലുകോടി (രാവിലെ 10.45-11.45), പായിപ്പാട് (ഉച്ചയ്ക്ക് 12-1), തോട്ടഭാഗം (ഉച്ചയ്ക്ക് 1.30-2.30), വള്ളംകുളം (ഉച്ചയ്ക്ക് 3-4), നെല്ലാട് (വൈകിട്ട് 4.15-5.15), ഇരവിപേരൂര്‍ (വൈകിട്ട് 5.30-7)
റാന്നി- ഓഗസ്റ്റ് 3- റാന്നി (രാവിലെ 9.30-10), പെരുമ്പെട്ടി (രാവിലെ 10.15-11), ചുങ്കപ്പാറ (ഉച്ചയ്ക്ക് 11.30-1), കോട്ടാങ്ങല്‍ (ഉച്ചയ്ക്ക് 2-3), തുണ്ടിയപ്പാറ (ഉച്ചയ്ക്ക് 3.15-4), പള്ളിപ്പടി (വൈകിട്ട് 4.30-5), വലിയകാവ് (വൈകിട്ട് 5.15-6), റാന്നി (വൈകിട്ട് 6.15-6.45)
റാന്നി- ഓഗസ്റ്റ് 4- റാന്നി (രാവിലെ 9.30-10), മക്കപ്പുഴ (രാവിലെ 10.15-11.15), ഇടമണ്‍ (ഉച്ചയ്ക്ക് 11.30-12.30), നവോദയ (ഉച്ചയ്ക്ക് 12.45-1.45), ചാത്തന്‍തറ (ഉച്ചയ്ക്ക് 2-2.45), തുലാപ്പള്ളി (വൈകിട്ട് 3-3.45), മന്ദിരംപടി (വൈകിട്ട് 4-4.45), നാരാണംതോട് (വൈകിട്ട് 5-5.45), റാന്നി ഡിപ്പോ (വൈകിട്ട് 6-6.30)
ഓണച്ചന്ത
അടൂര്‍ നിയോജകമണ്ഡലത്തിലെ ഓണച്ചന്തയുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് രാവിലെ 9.30 ന് അടൂര്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭ അധ്യക്ഷന്‍ കെ. മഹേഷ്‌കുമാര്‍ അധ്യക്ഷനാകും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ ആദ്യവില്‍പന നടത്തും. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 29നും 30നും അടൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന ഓഗസ്റ്റ് 30 മുതല്‍
ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു ഓഗസ്റ്റ് 30 മുതല്‍ മിന്നല്‍ പരിശോധന ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വ്യാപാരോത്സവങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് മിന്നല്‍പരിശോധന. ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍- കോഴഞ്ചേരി താലൂക്ക്: 8281698030, റാന്നി താലൂക്ക്: 8281698033, അടൂര്‍ താലൂക്ക്: 8281698031, മല്ലപ്പള്ളി താലൂക്ക്: 8281698034, തിരുവല്ല താലൂക്ക്: 8281698032, കോന്നി താലൂക്ക്: 9400064083, ഫ്‌ളയിങ് സ്‌ക്വാഡ്: 9188525703, കണ്‍ട്രോളര്‍ റൂം: 0468 2341213, 0468 2322853
ഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി
കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്‍പന വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി. കണ്‍സ്യുമര്‍ഫെഡ് എക്‌സിക്യൂട്ടീവ് അംഗം ജി. അജയന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചയാത്തംഗം നീതു ചാര്‍ളി, ഗ്രാമപഞ്ചായത്തംഗം എം. വി. സുധാകരന്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. ബിന്ദു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി. ഡ.ി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം. ജി. പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. അനില്‍കുമാര്‍, വള്ളിക്കോട് എസ് സി ബി പ്രസിഡന്റ് പി. ആര്‍. രാജന്‍, ബാങ്ക് ഭരണസമിതിഅംഗങ്ങള്‍, സെക്രട്ടറി, തുടങ്ങിയവര്‍ പങ്കെടുത്തു.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ജില്ലയിലെ 107 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. സബ്‌സിഡി സാധനങ്ങളും ഇതര അവശ്യ വസ്തുക്കളും ഉള്‍പ്പെടുന്ന 1390 രൂപയുടെ ഭക്ഷ്യകിറ്റ് കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളിലെ വിതരണകേന്ദ്രത്തില്‍ ലഭ്യമാണ്.
ഹാന്‍ഡെക്‌സില്‍ വിലക്കുറവ്
കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡെക്‌സ് ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറിതുണികള്‍ക്ക് 20 മുതല്‍ 50 ശതമാനം വിലക്കിഴിവ്. പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ കരവിരുതും വൈദഗ്ധ്യം കൊണ്ടും തറിയില്‍ കോട്ടണ്‍ നൂലില്‍ നെയ്‌തെടുത്ത പാര്‍ശ്വഫലങ്ങളില്ലാത്ത ബാലരാമപുരം ഡബിള്‍, കസവ്, ഒറ്റമുണ്ട്, കാവി, ചെക്ക്‌കൈലി, കസവ്, കാസര്‍ഗോഡ്, കുത്താംപുള്ളി സാരി, സെറ്റുമുണ്ട്, കണ്ണൂര്‍ സാറ്റിന്‍ ബെഡ്ഷീറ്റ്, കോട്ടണ്‍ ഷീറ്റ്, ഷര്‍ട്ട്, റെഡിമെയ്ഡ്, ലിനന്‍ ഷര്‍ട്ട് തുടങ്ങി വിപുലമായ ശേഖരമൊരുക്കിയിട്ടുണ്ട്. എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 0468 2311744, 8590365957
സീറ്റ് ഒഴിവ്
പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലമര്‍ (ഒരു വര്‍ഷം) ട്രേഡിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. എസ്എസ്എല്‍സി, ടിസി, ആധാര്‍ സഹിതം ഐടിഐയില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം, സ്റ്റൈപെന്റ്, ലമ്പ്‌സം ഗ്രാന്റ്, യൂണിഫോം അലവന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. ഫോണ്‍: 9446444042.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം ആരംഭിക്കുന്നു .പ്രായപരിധി 18-50. ഫോണ്‍ : 04682992293, 04682270243.
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി വിജയിച്ച ശേഷം കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയൊടൊപ്പം ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് അക്കൗണ്ട് (നാഷണലൈസ്ഡ് ബാങ്ക് ), വയസ് തെളിയിക്കുന്ന രേഖ (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് /ജനന സര്‍ട്ടിഫിക്കറ്റ് /പാസ് പോര്‍ട്ട് /ഡ്രൈവിംഗ് ലൈസന്‍സ് ), ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2220248.
പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314
സ്‌പോട്ട് അഡ്മിഷന്‍
ആറന്മുള സഹകരണ പരിശീലന കോളജില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഒന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്്. ഫോണ്‍ : 9447654471/ 9447863032.
ക്വട്ടേഷന്‍
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.
വാഹനം ആവശ്യമുണ്ട്
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഇലന്തൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 0468 2362129.
പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലി:റവന്യൂ അസംബ്ലി പതിറ്റാണ്ടിന്റെ
പ്രശ്നപരിഹാര വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന റവന്യൂ സംബന്ധിയായ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അസംബ്ലി ഉപകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ നടന്ന പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലിയില്‍ സംഹാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുള മണ്ഡലത്തിലെയും ജില്ലയിലെയും വിഷയങ്ങള്‍ മന്ത്രി അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവരുടെ ആവശ്യങ്ങളും അസംബ്ലിയില്‍ അവതരിപ്പിച്ചു.
അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രി കെ. രാജന്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ എല്‍ടി പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു കഴിഞ്ഞു. 2021-23 കാലയളവില്‍ 598 പട്ടയങ്ങളും 2023-25 വരെ 535 പട്ടയങ്ങളും ഉള്‍പ്പടെ ജില്ലയില്‍ 1133 പട്ടയങ്ങള്‍ വിതരണം ചെയ്തു.
ജില്ലയിലെ എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 20 പരാതികള്‍, 2022ല്‍ ലഭിച്ച 29 പരാതികള്‍, 2023 ല്‍ ലഭിച്ച 22 പരാതികള്‍, 2024 ല്‍ ലഭിച്ച 36 പരാതികള്‍ എന്നിവ പൂര്‍ണമായും തീര്‍പ്പാക്കിയത് മാതൃകാപരമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓഗസ്റ്റ് 21 ന് ഇടുക്കി ജില്ലാ അസംബ്ലിക്കു ശേഷം യോഗഹാളില്‍ നിന്ന് മടങ്ങുമ്പോള്‍ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് ആദരാഞജലികള്‍ അര്‍പ്പിച്ചാണ് യോഗനടപടികള്‍ ആരംഭിച്ചത്.
ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡും ഭക്ഷ്യകിറ്റും വിതരണവും ഓഗസ്റ്റ് 29 ന്
ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണകിറ്റ് വിതരണോദ്ഘാടനം ഓഗസ്റ്റ് 29 (വെള്ളി) രാവിലെ 9.30ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡും വിതരണം ചെയ്യും. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇ-സമൃദ്ധ: സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 30 ന് (ശനി) മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇ-സമൃദ്ധയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 30 (ശനി) രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ വെറ്ററിനറി ആശുപത്രിയിലും ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം പൂര്‍ണതോതില്‍ സജ്ജമായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പ് സമര്‍പ്പണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. മഹേഷ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കുക, സൈബര്‍ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-സമൃദ്ധ പദ്ധതി ( ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം) നടപ്പാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം. സി. റെജില്‍ പദ്ധതി വിശദീകരിക്കും. ‘സൈബര്‍യുഗം- മാറുന്ന മൃഗസംരക്ഷണ മേഖല’ വിഷയത്തില്‍ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സിഡിഐപിആര്‍ഡി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കെഎല്‍ഡിബി അസിസ്റ്റന്റ് മാനേജര്‍ ഡോ.അവിനാശ് കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. രജിസ്ട്രേഷന്‍ രാവിലെ 8.30 ന് ആരംഭിക്കും.
ജില്ലയില്‍ ഡിജിറ്റല്‍ വിപ്ലവമായി ഇ സമൃദ്ധ
ജില്ലയില്‍ മൃഗസംരംക്ഷണ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം തീര്‍ത്ത് ഇ – സമൃദ്ധ. മൃഗങ്ങളുടെ ആരോഗ്യപരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായി സഹകരിച്ചാണ് ഇ-സമൃദ്ധ സംവിധാനം ആരംഭിച്ചത്. ഇ-സമൃദ്ധ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമിട്ട ആദ്യ ജില്ലയാണ് പത്തനംതിട്ട. സംരംഭത്തിന്റെ ഭാഗമായി ജില്ലയില്‍ ആര്‍എഫ്‌ഐഡി അടിസ്ഥാനമാക്കി മൃഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവിധാനം പൈലറ്റ് പ്രോജക്ടായി നടപ്പാക്കി. പദ്ധതിയിലൂടെ 50,000 പശു, കിടാരി, പശു കിടാക്കള്‍ എന്നിവയെ ഡിജിറ്റലായി രേഖപ്പെടുത്തി. വകുപ്പിന് കീഴിലുള്ള 61 വെറ്ററിനറി സ്ഥാപനങ്ങളിലും ഇത് നടപ്പാക്കിയതിലൂടെ ഓണ്‍ലൈന്‍ ഒ പി സംവിധാനം നിലവില്‍ വന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 99 ലാപ്‌ടോപ്പുകള്‍, ആറ് ഡെസ്‌ക്ടോപ്പുകള്‍, 61 തെര്‍മല്‍ പ്രിന്റര്‍, കളര്‍ പ്രിന്റര്‍ എന്നിവ വിതരണം ചെയ്തു.
വെറ്ററിനറി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നൂതനമായ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് സിസ്റ്റം ഇ- സമൃദ്ധ പ്ലാറ്റ്‌ഫോമിലുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വിശദമായ ആരോഗ്യരേഖകള്‍, മുന്‍കാല ചികിത്സാ വിവരം, വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍ എന്നിവ ഉള്‍പ്പെടെ വേഗത്തില്‍ ഇതിലൂടെ ലഭ്യമാകും. ഇത് രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കര്‍ഷകര്‍ക്ക് വെറ്ററിനറി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും മൃഗങ്ങളുടെ ചികിത്സാ ചരിത്രം അറിയാനും മരുന്ന് കുറിപ്പടികള്‍ കാണാനും മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും ആപ്പ് സഹായകമാണ്.
ഇ-സമൃദ്ധ ഡാറ്റാധിഷ്ഠിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും ഇതില്‍ ഉപയോഗിക്കുന്നു. ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത് രോഗാവസ്ഥകള്‍ നിരീക്ഷിക്കാനും ചികിത്സയുടെ ഫലം വിലയിരുത്താനും ഇതിലൂടെ സാധിക്കും. സംസ്ഥാനുടനീളം പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പദ്ധതിയിലൂടെ മൃഗങ്ങള്‍ക്കും അവയെ ആശ്രയിക്കുന്നവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനാകും. സര്‍ക്കാര്‍ 7.52 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
ഏറത്ത് ചരുവിള നഗറിന് ഒരു കോടി രൂപയുടെ വികസനം : ഡെപ്യൂട്ടി സ്പീക്കര്‍
ഏറത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പട്ടികജാതി വാസകേന്ദ്രമായ ചരുവിള നഗറിന്റെ വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അടങ്കല്‍ തുക വകയിരുത്തിയത്.
വകുപ്പ് മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ പദ്ധതി നിര്‍ദേശപ്രകാരമാണ് അംഗീകാരം ലഭിച്ചത്. ചരുവിള നഗറിലേക്ക് എത്തുന്നതും നഗറിലുള്‍പ്പെട്ടതുമായ റോഡുകളുടെ വികസനം, വൈദ്യുതീകരണം, ശുദ്ധജലം ഉറപ്പാക്കല്‍, വീടുകളുടെ പുനരുദ്ധാരണം ഉള്‍പ്പെടെ സമഗ്ര അടിസ്ഥാന വികസനം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ബന്ദി പൂവ് വിളവെടുത്തു
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ മുഖേന നടപ്പാക്കിയ ‘ ഓണത്തിന് ഒരു പൂക്കൂട’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ശ്രീധരന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.